മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ മയക്കുരുന്നു കേസിൽ കുടുങ്ങിയപ്പോൾ രക്ഷപെടുത്താൻ വേണ്ടി ഷാരൂഖിന്റെ മാനേജർ ശ്രമിച്ചിരുന്നു എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ പുതിയ വഴിത്തിരിവ്. ആര്യൻ ഖാനെ കസ്റ്റഡിയിലെടുത്തതിന് ശേഷം ഷാരൂഖിന്റെ മാനേജർ ലോവർ പരേൽ സന്ദർശിച്ച സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്തി. ഇതോടെ മുൻപ് ഉയർന്ന രണ്ട് ആരോപണങ്ങളിലും സംശയങ്ങൾ ഉയരുകയാണ്.

ഒന്ന് സമീർ വാങ്കഡെ 18 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലും മറ്റൊന്ന് 50 ലക്ഷം രൂപ പൂജാ ഗോസാവിക്ക് നൽകിയെന്ന വെളിപ്പെടുത്തലുമാണ് ഇത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കൈക്കൂലി ആരോപണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ആണ് ലോവർ പരേലിൽ ഷാരൂഖ് ഖാന്റെ മാനേജർ പൂജ ദദ്ലാനി സന്ദർശിച്ചതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്തിയത്.

ഗോസാവിയും സാം ഡിസൂസയും ഷാറൂഖിന്റെ മാനേജർ പൂജയുമായി കൂടിക്കാഴ്ച നടത്തിയെന്നും 18 കോടി രൂപയുടെ ഇടപാട് നടന്നതായും ഗോസാവിയുടെ മുൻ സഹായി പ്രഭാകർ സെയിൽ അവകാശപ്പെട്ടിരുന്നു. അതേസമയം താൻ ഈ ഇടപാടിന്റെ ഭാഗമല്ലെന്ന് സാം ഡിസൂസ വ്യക്തമാക്കിയിരുന്നു. ഗോസാവി പൂജ ദദ്ലാനിയിൽ നിന്ന് 50 ലക്ഷം രൂപ വാങ്ങിയെന്നും ആര്യൻ ഖാൻ അറസ്റ്റിലായതിന് ശേഷം അവർക്ക് തിരികെ നൽകിയതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഈ രണ്ട് സംഭവങ്ങളുമായി ബന്ധപ്പെട്ടുള്ള നിർണായക വിവരങ്ങൾ ലഭിക്കുന്നതാണ് പുതിയ സിസി ടി വി ദൃശ്യങ്ങൾ. ഇപ്പോഴത്തെ സാഹചര്യത്തിൽ കൈക്കൂലി ആരോപണത്തിൽ ഷാരൂഖിന്റെ മാനേജറെയും ചോദ്യം ചെയ്യാനുള്ള സാധ്യത കൂടിയിരിക്കയാണ്. അതിനിടെ പഴയ ഒരു തട്ടിപ്പ് കേസിൽ പുണെ പൊലീസ് കസ്റ്റഡിയിലുള്ള ഗോസാവിക്കെതിരെ പുതിയ ആരോപണങ്ങളിൽ പൊലീസ് കേസെടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത കേസിൽ സമീർ വാങ്കഡെ തന്നെ ബ്ലാങ്ക് പേപ്പറിൽ ഒപ്പിടാൻ പ്രേരിപ്പിച്ചുവെന്ന് കേസിലെ സാക്ഷിയായ പ്രഭാകർ സെയിൽ ആരോപിച്ചിരുന്നു. മകന്റെ മോചനത്തിന് പകരമായി ഷാരൂഖ് ഖാനിൽ നിന്ന് 18 കോടി രൂപ ആവശ്യപ്പെടുമെന്ന് കെ.പി ഗോസാവിയും പ്രഭാകർ സെയിലും തമ്മിലുള്ള സംഭാഷണം താൻ കേട്ടതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മുംബൈ മേഖലാ മേധാവി സമീർ വാങ്കഡെക്കും തുകയുടെ ഒരു ഭാഗം നൽകുമെന്ന് ഗോസാവി പറയുന്നത് താൻ കേട്ടതായും അദ്ദേഹം പറഞ്ഞിരുന്നു. ഈ ആരോപണങ്ങൾ അന്വേഷിക്കുന്നതിനിടയിലാണ് ആര്യനെ മോചിപ്പിക്കാൻ പൂജ ദദ്ലാനി ഗോസാവിക്ക് 50 ലക്ഷം രൂപ നൽകിയെന്ന് സാം ഡിസൂസ പിന്നീട് പുതിയ അവകാശവാദം ഉന്നയിച്ചത്. ഒക്ടോബർ രണ്ടിനും ഒക്ടോബർ മൂന്നിനും ഇടയിലായിരുന്നു സംഭവം.