- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സമീർ വാങ്കഡെ നായകനിൽ നിന്നും വില്ലനിലേക്ക്; ആര്യൻ ഖാൻ കേസ് അന്വേഷണ ചുമതലയിൽ നിന്നും മാറ്റി; ഇനി ഡൽഹി എൻസിബിയിലെ സഞ്ജയ് സിങ് അന്വേഷിക്കും; താൻ ആവശ്യപ്പെട്ട പ്രകാരമുള്ള മാറ്റമെന്ന് വാങ്കഡെ
ന്യൂഡൽഹി: സമീർ വാങ്കഡെയെ ആര്യൻ ഖാൻ ഉൾപ്പെട്ട ആഡംബര കപ്പൽ ലഹരിമരുന്ന് കേസിലെ അന്വേഷണത്തിൽ നിന്ന് മാറ്റി. 8 കോടി രൂപയുടെ കൈക്കൂലി ആരോപണം നേരിട്ടതോടെയാണ് വാങ്കഡെയെ മാറ്റിയത്. സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിൽ, പ്രത്യേക അന്വേഷണ സംഘം ആയിരിക്കും ഇനി ആര്യൻ ഖാൻ കേസ് അടക്ക് സെലിബ്രിററികൾ ഉൾപ്പെട്ട മറ്റ് ആറ് കേസുകൾ അന്വേഷിക്കുക.
ഒഡീഷ കേഡറിൽ നിന്നുള്ള 1996 ബാച്ച് ഉദ്യോഗസ്ഥനാണ് സഞ്ജയ് സിങ്. അതേസമയം, തന്നെ മാറ്റിയതല്ല, താൻആവശ്യപ്പെട്ടത് അനുസരിച്ചാണ് മാറ്റിയത് എന്ന് സമീർ വാങ്കഡെ പ്രതികരിച്ചു. കേന്ദ്ര ഏജൻസി അന്വേഷിക്കണം എന്നത് എന്റെ റിട്ട് പെറ്റീഷനിൽ ആവശ്യപ്പെട്ടിരുന്നതാണ്. അതുകൊണ്ട് ആര്യൻ ഖാൻ കേസും, സമീർ ഖാൻ കേസും ഡൽഹി എൻസിബി എസഐടി അന്വേഷിക്കും, അദ്ദേഹം പറഞ്ഞു.
മയക്കുമരുന്നു മാഫിയയുടെ പേടിസ്വപ്നം, മുഖം നോക്കാതെ വമ്പന്മാർക്കെതിരെ നടപടി സ്വീകരിക്കുന്ന സത്യസന്ധനായ ഉദ്യോഗസ്ഥൻ, തൊഴിലിനോടുള്ള ആത്മാർഥന മൂലം സ്വന്തം ഭാര്യക്കൊപ്പം പോലും അധിക സമയം ചിലവഴിക്കാത്ത വ്യക്തി. ഇങ്ങനെ മൂന്നാഴ്‌ച്ച മുമ്പ് ആര്യൻ ഖാനെ അറസ്റ്റു ചെയ്യുമ്പോൾ സമീർ വാങ്കഡെക്ക് ലഭിച്ചത് ശരിക്കും സൂപ്പർതാര പരിവേഷമായിരുന്നു. മാധ്യമങ്ങൾ എല്ലാം തന്നെ സമീറിന്റെ കഥകൾ ഏറ്റുപാടി. എന്നാൽ, അപ്രതീക്ഷിതമായി കോഴ ആരോപണം എത്തിയതോടെ സമീർ നായക പരിവേഷത്തിൽ നിന്നും വില്ലനിലേക്ക് മാറുകയാണ്. ആര്യൻഖാനെ രക്ഷിക്കാൻ 25 കോടി രൂപ ഷാരൂഖ് ഖാനിൽ നിന്നും ആവശ്യപ്പെട്ടു എന്നതായിരുന്നു ഉദ്യോഗസ്ഥന് എതിരായ ആരോപണം. തുടക്കത്തിൽ കേസിനെ തള്ളിക്കളഞ്ഞ നാർക്കോടിക് കൺട്രോൾ ബ്യൂറോ എന്നാൽ ആരോപണം അന്വേഷിക്കാൻ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു..
ആരോപണങ്ങൾ തള്ളിയ വാങ്കഡെ, തന്നെ കുടുക്കാനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമങ്ങൾ തടയണമെന്നഭ്യർഥിച്ചു സെഷൻസ് കോടതിയെ സമീപിച്ചു. എന്നാൽ, കോഴ ആരോപണം ഉന്നയിച്ച സാക്ഷി പ്രഭാകർ സയിലിന്റെ സത്യവാങ്മൂലം സ്വീകരിക്കരുതെന്ന അപേക്ഷ കോടതി തള്ളിയതു തിരിച്ചടിയായി. പ്രഭാകറിനു മുംബൈ പൊലീസ് സംരക്ഷണം ഏർപ്പെടുത്തി.
ആര്യനെ അറസ്റ്റ് ചെയ്ത റെയ്ഡിൽ സ്വകാര്യ ഡിറ്റക്ടീവ് എന്ന് അവകാശപ്പെട്ട് എൻസിബി സംഘത്തിനൊപ്പം എത്തിയ കിരൺ ഗോസാവിയാണ് വാങ്കഡെയ്ക്കു വേണ്ടി കോഴ ചോദിച്ചതെന്നാണ് ആരോപണം. തൊഴിൽ തട്ടിപ്പുകേസുകളിൽ പ്രതിയായ ഗോസാവിയും ആര്യൻ കേസിൽ സാക്ഷിയാണ്. ആരോപണങ്ങൾ കള്ളമാണെന്ന് ഒളിവുകേന്ദ്രത്തിൽ നിന്നുള്ള അഭിമുഖത്തിൽ ഗോസാവി അവകാശപ്പെട്ടു.
ഐ.ആർ.എസിലെ 2008 ബാച്ച് ഉദ്യോഗസ്ഥനാണ് വാങ്കഡെ. എയർ ഇന്റലിജൻസ് യൂണിറ്റിന്റെ ഡപ്യൂട്ടി കമ്മീഷണറായും കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണറായും എൻഐഎയിൽ അഡിഷണൽ എസ്‌പിയായും ഡിആർഐ ജോയിന്റ് ഡയറക്ടറായും ജോലി ചെയ്ത ശേഷമാണ് അദ്ദേഹം എൻസിബിയിൽ എത്തുന്നത്. ഈ വർഷം മികച്ച സേവനത്തിനുള്ള ആഭ്യന്തരമന്ത്രിയുടെ മെഡൽ ലഭിച്ചു. മുംബൈ ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിക്കു പിന്നാലെ എൻസിബിയിൽ വാങ്കഡെയുടെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി നൽകുകയും ചെയ്തു.
മലയാളികൾക്ക് പരിചിതനായ ഋഷിരാജ് സിംഗിനെ പോലെ ഏതൊരു പദവിയിൽ ഇരുന്നാലും ചെയ്യുന്ന പണി വൃത്തിയായി ചെയ്യുക എന്നതാണ് സമീർ വാങ്കഡെയുടെ ശൈലി. മുംബൈ ഇന്റർനാഷണൽ എയർപോർട്ടിൽ കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണറായി ജോലി ചെയ്യുന്നതിനിടെ നികുതി വെട്ടിപ്പ് കേസുകളിൽ അദ്ദേഹം ശരിക്കും പുലിയായിരുന്നു. മുഖം നോക്കാതെ വാങ്കഡെ നടപടി സ്വീകരിച്ചപ്പോൾ സെലിബ്രിറ്റികൾ അടക്കമുള്ള വമ്പന്മാർ കുടുങ്ങഇ.
വിദേശ രാജ്യങ്ങളിൽനിന്ന് കൊണ്ടുവരുന്ന സാധനങ്ങൾക്ക് കൃത്യമായ നികുതി ഈടാക്കാതെ വിട്ടുനൽകിയിരുന്നില്ല വാങ്കഡെ. 2013ൽ മുംബൈ വിമാനത്താവളത്തിൽവെച്ച് ഗായകൻ മിക സിങ്ങിനെ വിദേശ കറൻസിയുമായി പിടികൂടിയ സംഭവം അടക്കം വാങ്കഡെയും കാർക്കശ്യത്തിന്റെ തെളിവായി മാറി. 2011ലെ ക്രിക്കറ്റ് ലോകകപ്പ് സ്വർണക്കപ്പ് പോലും മുംബൈ വിമാനത്താവളത്തിൽനിന്ന് വിട്ടുനൽകിയത് കസ്റ്റംസ് ഡ്യൂട്ടി അടച്ചതിനുശേഷമാണ്. മഹാരാഷ്ട്ര സർവീസ് ടാക്‌സ് വിഭാഗത്തിൽ ഡെപ്യൂട്ടി കമ്മീഷണറായി ജോലി ചെയ്യവേ നികുതി അടയ്ക്കാത്തതിന് സെലിബ്രിറ്റികൾ ഉൾപ്പെടെ രണ്ടായിരത്തിലേറെ പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു അദ്ദേഹം.
അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രവർത്തി ഉൾപ്പെടെയുള്ളവരുടെ അറസ്റ്റിലേക്ക് നയിച്ച കേസിന് പിന്നാലെ ബോളിവുഡും ലഹരി മാഫിയയും തമ്മിലുള്ള ബന്ധത്തിലേക്ക് വെളിച്ചം വീശുന്ന അന്വേഷണം നടന്നത് വാങ്കഡെയുടെ നേതൃത്വത്തിലാണ്. ദീപിക പദുകോൺ, ശ്രദ്ധ കപൂർ, സാറ അലിഖാൻ ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്തു. ബിജെപിക്ക് വേമ്ടിയാണ് വാങ്കഡെ കളത്തിൽ ഇറങ്ങിയതെന്ന ആരോപണം അന്ന് തന്നെ ശക്തമായിരുന്നു.
വാങ്കഡെയുടെ നേതൃത്വത്തിലുള്ള എൻസിബി സംഘം 17,000 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയതെന്നാണ് കണക്കുകൾ. ഒക്ടോബർ 2ന് മുംബൈ തീരത്തുനിന്ന് പുറപ്പെട്ട ആഡംബര കപ്പലിലെ ലഹരിവേട്ടയ്ക്ക് പിന്നാലെയാണ് വാങ്കഡെ സൂപ്പർസ്റ്റാറായി മാറുന്നത്. വാങ്കഡെയും സംഘവും യാത്രക്കാരെന്ന വ്യാജേന കപ്പലിൽ കയറിയ ശേഷം നടുക്കടലിലെത്തിയപ്പോൾ റെയ്ഡ് നടത്തുകയായിരുന്നു. ആര്യന്റെ ലഹരി ഉപയോഗത്തിനു തെളിവുണ്ടെന്നും അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നുമുള്ള എൻസിബിയുടെ വാദം മുഖവിലയ്ക്കെടുത്ത കോടതി, ജാമ്യഹരജി തള്ളി. ജുഡീഷ്യൽ കസ്റ്റഡിയിലാണ് ആര്യനിപ്പോൾ. അതിനിടെ ആര്യന്റെ വാട്സ് ആപ്പ് ചാറ്റുകൾ പരിശോധിച്ചശേഷം നടി അനന്യ പാണ്ഡെയെയും ചോദ്യംചെയ്യാൻ വിളിപ്പിച്ചു. ഈ കേസിലെ അന്വേഷണം വീളവെയാണ് സമീർ വെട്ടിലാകുന്നതും.
സമീറിനെ വെട്ടിലാക്കി പ്രഭാകർ സെയിൽ
സൂപ്പർതാര പരിവേഷത്തിൽ നിന്നും സമീർ വാങ്കഡെയെ പുറത്തെത്തിച്ചത് ലഹരിക്കേസിലെ സാക്ഷി പ്രഭാകർ സെയിലിന്റെ ആരോപണമാണ്. ആര്യൻ ഖാനെതിരായ കേസിൽ ഷാരൂഖിൽ നിന്ന് പണം തട്ടാൻ ഗൂഢാലോചന നടന്നു എന്നായിരുന്നു ആരോപണം. കേസിലെ മറ്റൊരു സാക്ഷിയായ കിരൺ ഗോസാവിയും സാം ഡിസൂസ എന്നയാളും തമ്മിലെ സംഭാഷണം താൻ കേട്ടെന്നും ഷാരൂഖിൽ നിന്ന് 25 കോടി തട്ടാനായിരുന്നു ഇവരുടെ പദ്ധതിയെന്നുമാണ് സെയിലിന്റെ സത്യവാങ്മൂലം.
8 കോടി സമീർ വാങ്കഡെക്ക് നൽകാമെന്ന് ഇരുവരും പറഞ്ഞത് കേട്ടെന്നും സാക്ഷിയുടെ സത്യവാങ്മൂലത്തിലുണ്ട്- 'നിങ്ങൾ 25 കോടിയുടെ ബോംബിട്ടു. നമുക്കിത് 18 കോടിയിൽ ഒതുക്കിത്തീർക്കാം. 8 കോടി സമീർ വാങ്കഡെയ്ക്ക് നൽകാം'- ഒക്ടോബർ മൂന്നിന് സാം ഡിസൂസ എന്നയാളും കേസിലെ സാക്ഷിയായ ഗോസാവിയും തമ്മിൽ കണ്ടെന്നും ഇക്കാര്യമാണ് അവർ സംസാരിച്ചതെന്നും പ്രഭാകർ സെയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. തന്നെക്കൊണ്ട് വാങ്കഡെ 10 വെള്ളപേപ്പറിൽ ഒപ്പിടുവിച്ചെന്നും പ്രഭാകർ ആരോപിച്ചു. താൻ കപ്പലിൽ റെയ്ഡ് നടക്കുമ്പോൾ അവിടെയില്ലായിരുന്നു. കപ്പലിൽ നിന്ന് ലഹരി മരുന്ന് പിടികൂടിയോ എന്ന് അറിയില്ല. എന്നിട്ടും സാക്ഷിയാക്കിയെന്നും പ്രഭാകർ ആരോപിച്ചു.
ഈ ആരോപണം മാധ്യങ്ങൾ ഏറ്റുപിടിച്ചു. ആരോപണം വാങ്കഡെ നിഷേധിച്ചെങ്കിലും വിവാദം നിലനിന്നു. ഇതോടെയാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. വകുപ്പുതല അന്വേഷണത്തിനും എൻ.സി.ബി ഡയറക്ടർ ജനറൽ സത്യ നാരായൺ പ്രധാൻ ഉത്തരവിട്ടു. പിന്നാലെ സമീർ വാങ്കഡെ മുംബൈ സെഷൻസ് കോടതിയെ സമീപിച്ചു. കേസ് അന്വേഷണത്തിലെ തടസ്സങ്ങൾ ഇല്ലാതാക്കാനും നിലവിലുള്ള അന്വേഷണത്തെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങൾ തടയാനും കോടതി ഇടപെടൽ ആവശ്യമാണെന്നാണ് വാങ്കഡെ കോടതിയോട് അപേക്ഷിച്ചത്.
മിശ്രവിവാഹിതരുടെ മകനെന്നതിൽ അഭിമാനമെന്ന് മറുപടി
അതിനിടെ തനിക്കെതിര ആരോപണം ഉന്നയിച്ച എൻസിപി നേതാവ് നവാബ് മാലിക്കിന് മറുപടിയുമായി സമീർ വാംഖഡെ രംഗത്തുവന്നു. ചിലർ തന്നെ ലക്ഷ്യമിടുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് സമീർ തന്റെ ഭാഗം വിശദീകരിച്ചു രംഗത്തുവന്നത്. മരിച്ചുപോയ അമ്മയുടെ പേരിൽ വരെ ആരോപണം ഉന്നയിക്കുന്നു എന്നും അദ്ദേഹം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
സമീർ വാംഖഡെ മുസ്ലിമാണെന്നും ജോലിക്കായുള്ള പരീക്ഷയിൽ സംവരണം ലഭിക്കുന്നതിനായി അത് മറച്ചുവെച്ച് സർട്ടിഫിക്കറ്റ് തിരുത്തിയെന്നുമായിരുന്നു എൻസിപി നേതാവ നവാബ് മാലിക്കിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ടതെന്ന് അകാശപ്പെട്ട് രേഖകളും അദ്ദേഹം പുറത്തുവിട്ടിരുന്നു. സമീർ ദാവൂദ് വാംഖഡെ എന്നാണ് യഥാർഥ പേരെന്നും നവാബ് മാലിക് അവകാശപ്പെട്ടു.
ഇതിന് മറുപടിയായാണ് സമീർ പ്രസ്താവനയുമായി രംഗത്തുവന്നത്. തന്റെ വ്യക്തിപരമായ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് അപകീർത്തികരവും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണ്. തന്നെയും കുടുംബത്തെയും പിതാവിനെയും മരിച്ചുപോയ മാതാവിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്. മന്ത്രിയുടെ പ്രസ്താവന കുടുംബത്തെ മാനസികമായും വൈകാരികമായും സമ്മർദത്തിലാക്കിയിരിക്കുകയാണെന്നും സമീർ വ്യക്തമാക്കി.
തന്റെ പിതാവ് ധന്യദേവ് കച്‌റൂജി വാംഖഡെ ഹിന്ദുവാണ്. എക്‌സൈസ് വകുപ്പിൽ നിന്ന് സീനിയർ ഓഫിസറായാണ് അദ്ദേഹം വിരമിച്ചത്. മാതാവ് സഹീദ മുസ്ലിമാണ്. അവർ മരിച്ചുപോയി. വ്യത്യസ്ത മതവിഭാഗങ്ങളുള്ള ഒരു കുടുംബത്തിലാണ് ഞാൻ ഉൾപ്പെടുന്നത്. അതിൽ അഭിമാനമുണ്ടെന്നും സമീർ പ്രസ്താവനയിൽ വ്യക്തമാക്കി. 2006ൽ ഡോ. ശബ്‌ന ഖുറേഷിയെ സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്തു. 2016ൽ ഞങ്ങൾ നിയമപരമായി വിവാഹമോചനം നേടി. 2017ൽ ശിമാട്ടി ക്രാന്തി ദിനനാഥ് രെഡ്കരെ വിവാഹം ചെയ്തുവെന്നും സമീർ വ്യക്തമാക്കി.
പട്ടികജാതി സംവരണത്തിൽ ജോലി കിട്ടാനായാണ് സമീർ വാംഖഡെ തന്റെ മതം തിരുത്തിയതെന്നാണ് നവാബ് മാലിക് ആരോപിച്ചിരുന്നത്. വാംഖഡെയുടെ ജനനസർട്ടിഫിക്കറ്റാണെന്ന പേരിലാണ് മാലിക് സർട്ടിഫിക്കറ്റ് ട്വീറ്റ് ചെയ്തത്. ഷബ്‌ന ഖുറേഷിയുമായുള്ള സമീർ വാംഖഡെയുടെയും നിക്കാഹിന്റെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു. തനിക്ക് നേരെയുള്ള വ്യക്തിപരമായ ആക്രമണങ്ങളും അപകീർത്തിപ്പെടുത്തലുകളും ഏറെ വേദനിപ്പിക്കുന്നതായി സമീർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ