- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരസടിച്ചു കിക്കായതോടെ കപ്പലിൽ ബഹളവും അടിപിടിയും; കോർഡെലിയയിലെ ജനൽച്ചില്ല് തകർത്തു; പാർട്ടി സംഘടിപ്പിച്ചവരും എൻസിബിയുടെ നിരീക്ഷണ വലയത്തിൽ; ശ്രേയസ് നായർ മയക്കു മരുന്ന് ഇടപാട് നടത്തിയത് ഡാർക് വെബ് വഴി ബിറ്റ്കോയിനിലൂടെ
മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിമരുന്നു കേസിൽ അറസ്റ്റിലായ മലയാളിക്ക് കുരുക്ക് മുറുകുന്നു. ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ശ്രേയസ് നായർ ലഹരിമരുന്ന് ഇടപാടുകൾ നടത്തിയിരുന്നത് ഡാർക് വെബ് വഴിയെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി). ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ ഉപയോഗിച്ചായിരുന്നു ഇയാളുടെ ഇടപാടുകളെന്നും ഉന്നത ബന്ധങ്ങളുള്ള ലഹരിമരുന്ന് വിതരണക്കാരനാണ് ശ്രേയസ് നായരെന്നും എൻ.സി.ബി. ഉദ്യോഗസ്ഥർ പറഞ്ഞു. ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ കഴിഞ്ഞദിവസമാണ് ശ്രേയസ് നായരെ അറസ്റ്റ് ചെയ്തത്. ഇയാൾ ഗോവൻ മലയാളിയാണെന്നും സൂചനകളുണ്ട്.
അതിനിടെ, ലഹരിമരുന്ന് ഉപയോഗിച്ചവർ യാത്രയ്ക്കിടെ കോർഡെലിയ കപ്പലിൽ പ്രശ്നങ്ങളുണ്ടാക്കിയതായും റിപ്പോർട്ടുകളുണ്ട്. ലഹരിമരുന്ന് ഉപയോഗിച്ച് ഉന്മാദാവസ്ഥയിലായ ഇവർ കപ്പലിനുള്ളിൽ ബഹളമുണ്ടാക്കുകയും അടിപിടിയുണ്ടായെന്നുമാണ് വിവരം. അതേസമയം ബഹളമുണ്ടാക്കിയത് ആര്യനും കൂട്ടരുമാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കപ്പലിലെ ജനൽച്ചില്ലുകൾ തകർത്തതായും വിവരങ്ങളുണ്ട്. കഴിഞ്ഞദിവസം മുംബൈയിൽ തിരിച്ചെത്തിയ കപ്പലിൽ എൻ.സി.ബി. ഉദ്യോഗസ്ഥർ വീണ്ടും പരിശോധന നടത്തിയിരുന്നു. കപ്പലിൽ യാത്ര ചെയ്തവരുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
അതേസമയം കോർഡെലിയ ക്രൂയിസിൽ പാർട്ടി സംഘടിപ്പിച്ചവരും എൻ.സി.ബി.യുടെ നിരീക്ഷണവലയത്തിലാണ്. ഫാഷൻ ടി.വി. ഇന്ത്യ ഡൽഹിയിലെ ഒരു സ്വകാര്യ കമ്പനിയുമായി സഹകരിച്ചാണ് കപ്പലിൽ സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നത്. ഡി.ജെ, പൂൾ പാർട്ടി തുടങ്ങിയവയായിരുന്നു സംഘാടകർ വാഗ്ദാനം ചെയ്തിരുന്നത്. ഈ പാർട്ടിയിൽ പങ്കെടുക്കാനെത്തിയവരിൽനിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. ഇതിന് മുമ്പ് കോർഡേലിയയിൽ ലഹരിപാർട്ടി നടന്നിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നണ്ട്.
പാർട്ടിയിൽ പങ്കെടുക്കാൻ താൻ പണം മുടക്കിയിട്ടില്ലെന്നും പ്രത്യേക ക്ഷണിതാവായാണ് പാർട്ടിയിൽ പങ്കെടുത്തതെന്നുമാണ് ആര്യൻ ഖാന്റെ മൊഴി. ഇതേത്തുടർന്ന് ആര്യനെ പാർട്ടിയിലേക്ക് ക്ഷണിച്ചവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനായി കപ്പലിന്റെ സിഇഒ.യെ എൻ.സി.ബി. സംഘം വീണ്ടും വിളിപ്പിക്കുകയും ചെയ്തു. കപ്പലിൽ യാത്രചെയ്തവരുടെ പേരുവിവരങ്ങൾ, ഇവർ തങ്ങിയ മുറികളുടെ വിവരങ്ങൾ, മൊബൈൽ നമ്പറുകൾ, മറ്റുവിവരങ്ങൾ തുടങ്ങിയ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്. മുൺമുൺ ധമേച്ച എന്നിവരുടെ ചോദ്യംചെയ്യൽ ചൊവ്വാഴ്ചയും തുടരുകയാണ്. ഒക്ടോബർ ഏഴ് വരെയാണ് ഇവരുടെ കസ്റ്റഡി കാലാവധി. ഇതിനകം പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് എൻ.സി.ബി. സംഘത്തിന്റെ ശ്രമം. ആര്യൻ ഖാനിൽനിന്ന് ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്ന് എൻ.സി.ബി. അന്വേഷണ ഉദ്യോഗസ്ഥൻ കഴിഞ്ഞദിവസം കോടതിയിൽ വ്യക്തമാക്കിയിരുന്നു. അർബാസ് മർച്ചന്റ്, മുൺമുൺ ധമേച്ച എന്നിവരിൽനിന്ന് ലഹരിമരുന്ന് കണ്ടെടുത്തതായും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ പറഞ്ഞു. ലഹരിമരുന്ന് ഇടപാട് സംബന്ധിച്ച ചാറ്റുകൾ ആര്യന്റെ ഫോണിൽനിന്ന് കണ്ടെടുത്തതായും എൻ.സി.ബി. ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചിരുന്നു.
മറുനാടന് ഡെസ്ക്