- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആര്യനെതിരേ തെളിവായത് ഫോണിലെ വീഡിയോ ചാറ്റ്; ശ്രേയസ് നായരുമായി ഇടപാടു നടത്തിയത് ഡാർക്ക് വെബ്ബും ക്രിപ്റ്റോ കറൻസിയും വഴി; പിടിച്ചെടുത്ത ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചു; ലഹരി വിരുന്നിൽ 'കോർഡേലിയ ഇംപ്രസ' കപ്പൽ ഉടമയെയും ചോദ്യം ചെയ്യും
മുംബൈ: ലഹരി മരുന്നു കേസിൽ കസ്റ്റഡിയിലായ ആര്യൻ ഖാൻ ഫോൺ ഫോറൻസിക് പരിശോധനക്ക് അയിച്ചു. ആര്യന്റെ ലഹരിമരുന്നു ഇടപാടുകൾക്ക് ശാസ്ത്രീയ തെളിവുകൾ തേടിയാണ് അന്വേഷണം സംഘം ഫോൺ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കുന്നത്. ആര്യൻഖാന്റെ ലെൻസ് കേസിൽനിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നുവെന്ന് ആദ്യം വ്യക്തമാക്കിയ എൻ.സി.ബി. കോടതിയിൽ ഹാജരാക്കിയപ്പോൾ അക്കാര്യത്തിൽനിന്ന് മലക്കം മറിയുകയാണ് ഉണ്ടായത്. ആര്യൻ ഖാനിൽനിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തില്ലെന്നും മൊബൈൽ ഫോണിൽനിന്നു കിട്ടിയ വിവരങ്ങൾ സ്ഥിരീകരിക്കാനാണ് രണ്ടു ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടതെന്നും എൻ.സി.ബി. വ്യക്തമാക്കി.
ആര്യൻ ഖാന്റെ ഫോണിൽനിന്ന് ലഭിച്ച വീഡിയോ സന്ദേശങ്ങളിൽ ശ്രേയസ് നായരുമായുള്ള വിശദമായ വീഡിയോ ചാറ്റുകളുണ്ട്. ഡാർക്ക് വെബ് വഴി മയക്കുമരുന്ന് ലഭിക്കുന്ന കാര്യങ്ങളും മുംബൈ നഗരത്തിലെ ഏജന്റുമാരെ സംബന്ധിച്ച വിവരങ്ങളും വീഡിയോ ചാറ്റിൽ പറയുന്നു. 2020 ജൂലായ് മുതലുള്ള വാട്സാപ്പ് ചാറ്റുകളാണ് ആദ്യഘട്ടത്തിൽ എൻ.സി.ബി. പരിശോധിച്ചത്. ശ്രേയസ് നായരിലേക്ക് അന്വേഷണമെത്തിയതും ഈ ചാറ്റുകളിലൂടെയാണ്. പലവട്ടം വലിയ അളവിൽ ശ്രേയസ് നായർ ലഹരി വസ്തുക്കൾ എത്തിച്ചിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഇടപാടുകൾ നടത്തിയത് ക്രിപ്റ്റോ കറൻസി വഴിയായിരുന്നു. ലഹരി വസ്തുക്കൾ വാങ്ങാൻ ഡാർക്ക് വെബ് ഉപയോഗപ്പെടുത്തിയെന്നും എൻ.സി.ബി. വൃത്തങ്ങൾ പറയുന്നു.
ഡാർക്ക് വെബ്ബിലെ മയക്കുമരുന്ന് സംഘങ്ങളെപ്പറ്റിയുള്ള വിശദമായ വിവരങ്ങൾ വാട്‌സാപ്പ് സന്ദേശത്തിലുണ്ട്. ആര്യന്റെ സുഹൃത്തുക്കളെക്കൂടാതെ മറ്റ് അഞ്ച് പ്രതികളിൽനിന്ന് കൊക്കെയ്നും എം.ഡി.എം.എ. യും പിടിച്ചെടുത്തിരുന്നു. അതേസമയം, ഇവരുമായി ആര്യന് ബന്ധമില്ലെന്നും പ്രത്യേക ക്ഷണിതാവായാണ് ആര്യൻ കപ്പലിലെത്തിയതെന്നും ആര്യന്റെ അഭിഭാഷകൻ സതീഷ് മാനെ ഷിന്ദെ പറഞ്ഞു.
ആര്യന്റെ സുഹൃത്തുക്കളായ അർബാസ് സേത് മർച്ചന്റിൽനിന്ന് ആറു ഗ്രാം ചരസും മുൺമുൺ ധമേച്ചയിൽനിന്ന് അഞ്ചു ഗ്രാം ചരസുമാണ് പിടികൂടിയതെന്ന് എൻ.സി.ബി. കോടതിയിൽ പറഞ്ഞു. ആര്യന്റെ ഫോണിൽനിന്നു ലഭിച്ച തെളിവുകൾ അന്താരാഷ്ട്ര ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്നതാണെന്ന് എൻ.സി.ബി. ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം ആഡംബര കപ്പലിലെ ലഹരിവിരുന്നിൽ 'കോർഡേലിയ ഇംപ്രസ' കപ്പൽ ഉടമയെയും എൻസിബി ചോദ്യം ചെയ്യും. കപ്പലിൽ ലഹരി മരുന്ന് എത്തിച്ചത് സംബന്ധിച്ച് കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായാണ് ഉടമയെ ചോദ്യം ചെയ്യാൻ എൻ.സി.ബി തീരുമാനിച്ചതെന്നാണ് വിവരം.
അതേസമയം, 'കോർഡേലിയ ഇംപ്രസ' കപ്പലിൽ നിന്ന് മയക്കുമരുന്നുകൾ പിടിച്ചതിന് പിന്നാലെ തങ്ങൾക്ക് സംഭവുമായി ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി കപ്പലിന്റെ നടത്തിപ്പുകാരായ വാട്ടർവെയ്‌സ് ലെഷർ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വാർത്താകുറിപ്പ് ഇറക്കിയിരുന്നു. ഡൽഹി ആസ്ഥാനമായുള്ള ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തുന്ന സ്വകാര്യ പരിപാടിക്ക് വേണ്ടിയാണ് കപ്പൽ ബുക്ക് ചെയ്തതെന്നാണ് വാട്ടർവെയ്‌സ് ലെഷർ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റും സിഇഒയുമായ ജർഗൻ ബെയ്ലോം വ്യക്തമാക്കിയത്.
'കോർഡേലിയ ഇംപ്രസ' കപ്പലിന് ലഹരിമരുന്ന് പാർട്ടിയുമായി നേരിട്ടോ അല്ലാതെയോ ബന്ധമില്ല. തങ്ങളോടൊപ്പം യാത്ര ചെയ്യാൻ തെരഞ്ഞെടുക്കുന്ന കുടുംബങ്ങൾക്ക് ആരോഗ്യകരമായ വിനോദം നൽകുന്നതിൽ കോർഡേലിയ ക്രൂയിസ് അങ്ങേയറ്റം ശ്രദ്ധാലുവാണ്. ഈ സംഭവം വിപരീതവും കോർഡേലിയ കപ്പൽ പ്രതിനിധാനം ചെയ്യുന്ന സംസ്‌കാരത്തിൽ നിന്ന് വിഭിന്നവുമാണ്.
കോർഡേലിയ കപ്പലിലെ സംഭവത്തെ അപലപിക്കുകയും ഭാവിയിൽ സമാനമായ സംഭവങ്ങൾക്കായി തങ്ങളുടെ കപ്പലിനെ അനുവദിക്കുന്നതിൽ നിന്ന് കർശനമായി വിട്ടുനിൽക്കുകയും ചെയ്യും. നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ അന്വേഷണത്തിന് പൂർണ പിന്തുണയും സഹകരണവും നൽകുമെന്നും ജർഗൻ ബെയ്ലോം വ്യക്തമാക്കി. മുംബൈയിലെ ആഡംബര കപ്പലിലെ മയക്കുമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ ആര്യൻ ഖാൻ അടക്കം 16 പേരെയാണ് ഇതുവരെ അറസ്റ്റിലായത്. കേസിൽ ഇന്നലെ ഡൽഹി ഇവന്റ് മാനേജ്മെന്റ് കമ്പനി ജീവനക്കാരായ നാലുപേർ അടക്കം ഏഴുപേർ കൂടി പിടിയിലായിട്ടുണ്ട്.
ആര്യന്റെ സുഹൃത്ത് അർബാസ് മർച്ചന്റ്, മൂൺമുൺ ധമേച്ച, നൂപുർ സതീജ, ഇഷ്മീത് ഛദ്ദ, മോഹക് ജയ്‌സ്വാൾ, ഗോമിത് ചോപ്ര, വിക്രാന്ത് ചൊക്കർ അടക്കമുള്ളവരാണ് ഇതുവരെ അറസ്റ്റിലായത്. അർബാസ്, മൂൺമുൺ ധമേച്ച എന്നിവരിൽ നിന്ന് അഞ്ചും ആറും ഗ്രാം വീതം ചരസ് പിടിച്ചതായാണ് എൻ.സി.ബി അവകാശപ്പെട്ടത്. മലയാളിയായ ശ്രേയസ് നായർ (23) കൂടാതെ അബ്ദുൽ ഖദീർ ശൈഖ് (30), മനീഷ് രാജ്ഗരിയ (26), അവിൻ സാഹു (30) എന്നിവരെ ചൊവ്വാഴ്ച മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ഈ മാസം 11 വരെ കസ്റ്റഡിയിൽ വിട്ടു. ആര്യൻ ഖാനെയും (23) മറ്റുള്ളവരേയും തിങ്കളാഴ്ച തന്നെ കസ്റ്റഡിയിൽ വിട്ടിരുന്നു.
മറുനാടന് ഡെസ്ക്