- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാവിലെ തന്നെ അഭിഭാഷകർ ജാമ്യ വിധിയുടെ പകർപ്പുമായെത്തി; നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് 11 മണിയോടെയാണ് ആര്യൻ ഖാൻ ജയിലിന് പുറത്തേക്കെത്തി; സ്വീകരിക്കാൻ നേരിട്ടെത്തി ഷാരൂഖ് ഖാനും; തടിച്ചു കൂടിയ ആരാധകർ ആർപ്പു വിളികളുമായി രംഗത്ത്; വലിയ സുരക്ഷ സന്നാഹങ്ങൾക്കിടെ കാറിൽ കയറി താരപുത്രൻ; മന്നത്തിൽ ദീപാവലി ആഘോഷങ്ങൾ തുടങ്ങി
ന്യൂഡൽഹി: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ ജാമ്യം ലഭിച്ച ആര്യൻ ഖാൻ ജയിൽ മോചിതനായി. ആർതർ റോഡ് ജയിലിന് പുറത്ത് ആര്യൻ ഖാനെ സ്വീകരിക്കാൻ പിതാവും ബോളിവുഡ് താരവുമായ ഷാരൂഖ് നേരിട്ടെത്തി. ഇന്ന് രാവിലെ അഭിഭാഷകർ ജാമ്യ വിധിയുടെ പകർപ്പുമായി എത്തിയിരുന്നു. ഇതിന് ശേഷം നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് 11 മണിയോടെയാണ് ആര്യൻ ജയിലിന് പുറത്തേക്ക് ഇറങ്ങിയത്.
ജയിലിന് പുറത്ത് നിരവധി ആരാധകർ തടിച്ചുകൂടിയിരുന്നു. ഷാരൂഖ് എത്തുമെന്ന് അറിഞ്ഞാണ് വലിയ ആൾക്കൂട്ടം എത്തിയത്. വലിയ സുരക്ഷ സന്നാഹവും ഇവിടെ ഒരുക്കിയിരുന്നു. ശനിയാഴ്ച രാവിലെ ഷാരൂഖ് ബാന്ദ്രയിലെ വസതിയായ മന്നത്തിൽ നിന്നും ആർതർ റോഡ് ജയിലിലേക്ക് പുറപ്പെടുന്ന ചിത്രങ്ങൾ പുറത്തുവന്നു. രാവിലെ തന്നെ 'വീട്ടിലേക്ക് സ്വാഗതം ആര്യൻ' എന്നെഴുതിയ പ്ലക്കാർഡുകളുമേന്തി ആരാധകർ മന്നത്തിന് മുമ്പിലെത്തിയിരുന്നു.
അര്യൻ ഖാനൊപ്പം അറസ്റ്റിലായ അർബ്ബാസ് മർച്ചന്റ്, മുന്മുൻ ധമേച്ച എന്നിവരും ജയിൽ മോചിതരായി. ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. ഒക്ടോബർ രണ്ടിനാണ് ആര്യൻ ആഡംബര കപ്പലിൽ വെച്ച് അറസ്റ്റിലായത്. കഴിഞ്ഞ 23 ദിവസമായി ആർതർ റോഡ് ജയിലിലാണ് ആര്യൻ ഖാൻ ഉണ്ടായിരുന്നത്. വ്യാഴാഴ്ച ജാമ്യം ലഭിച്ചിട്ടും നിശ്ചിതസമയത്തിനുള്ളിൽ രേഖകൾ ഹാജരാക്കാൻ കഴിയാതിരുന്നതുകൊണ്ട് വെള്ളിയാഴ്ച ജയിലിൽനിന്നു പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ നടപടികൾ പൂർത്തിയാക്കി രേഖകൾ ജയിലിൽ വൈകിട്ട് 5.30ന് മുൻപ് സമർപ്പിക്കാൻ അഭിഭാഷകർക്കു കഴിയാതിരുന്നതോടെയാണ് മോചനം ഒരു ദിവസം വൈകിയത്.
ഷാറുഖിന്റെ കുടുംബ സുഹൃത്തു കൂടിയായ ബോളിവുഡ് നടി ജുഹി ചൗളയാണ് ആര്യനു വേണ്ടി ജാമ്യം നിന്നത്. രേഖകളിൽ ചേർക്കാൻ രണ്ടു ഫോട്ടോകൾ കരുതാൻ നടി വിട്ടുപോയതാണ് നടപടികൾ വൈകാൻ ഒരു കാരണം. ആര്യൻ ജയിൽ മോചിതനായതോടെ മന്നത്തിൽ ദീപാവലി ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു. മാതാവ് ഗൗരി ഖാനും സഹോദരിയും അടക്കം പ്രാർത്ഥനകളുമായാണ് ഇത്രയും ദിവസം കഴിച്ചു കൂട്ടിയത്. മകൻ ജയിൽമോചിതനായ ശേഷം മാത്രം മധുരം വിതരണം ചെയ്താൽ മതിയെന്നായിരുന്നു ഗൗരി നിർദേശിച്ചരുന്നത്. ദീപാവലിക്ക് മുമ്പ് ആര്യന് ജാമ്യം ലഭിച്ചതോടെ ഗംഭീരമായി തന്നെ ദീപാവലി ആഘോഷത്തിനുള്ള തയ്യാറെടുപ്പിലാണ് ഖാൻ കുടുംബം.
14 കർശന വ്യവസ്ഥകളോടെയാണ് ബോംബെ ഹൈക്കോടതി ആര്യന് ജാമ്യം അനുവദിച്ചത്. എല്ലാ വെള്ളിയാഴ്ചയും എൻ.സി.ബി ഓഫീസിൽ ഹാജരാകണം. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടാൻ പാടില്ല. കേസുമായ ബന്ധപ്പെട്ട് മാധ്യമങ്ങളിൽ അനാവശ്യ പ്രസ്താവനകൾ നടത്തരുത്.
മുംബൈ വിട്ട് പുറത്തു പോകേണ്ടി വന്നാൽ അന്വേഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കണം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്. സമാനരീതിയിലുള്ള കേസുകളിൽ ഉൾപ്പെടരുത്. കേസിൽ വിചാരണ ആരംഭിച്ചാൽ വൈകിപ്പിക്കാനാകില്ല. കൂടെ ഒരു ലക്ഷം രൂപ കെട്ടി വെക്കണമെന്നും ജാമ്യവ്യവസ്ഥകളിൽ പറയുന്നുണ്ട്.
ഇതിൽ ഏതെങ്കിലും ലംഘിക്കപ്പെട്ടാൽ ജാമ്യം റദ്ദാക്കാൻ എൻസിബിക്ക് കോടതിയെ സമീപിക്കാം. മുതിർന്ന അഭിഭാഷകനും ഇന്ത്യയുടെ മുൻ അറ്റോർണി ജനറലുമായ മുകുൾ റോത്തഗിയാണ് ആര്യൻ ഖാന് വേണ്ടി കോടതിയിൽ ഹാജരായത്. മജിസ്ട്രേറ്റും സെഷൻസ് കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഖാൻ ഹൈക്കോടതിയിൽ നിന്ന് ജാമ്യം തേടിയത്.
മറുനാടന് ഡെസ്ക്