- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോയ്ലറ്റിൽ പോകാൻ അറപ്പ്; ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് ആര്യൻ ഖാൻ; ജയിലിൽ ഒറ്റയ്ക്ക് ഇരുന്ന് കരയും; ആരോടും ഒന്നും മിണ്ടില്ല; മകന്റെ ദുരവസ്ഥയിൽ മനം നൊന്ത് കണ്ണീരൊഴുക്കി അമ്മ ഗൗരി ഖാൻ; സകലരേയും വിളിച്ചു പൊട്ടിത്തെറിച്ച് ഉറക്കം ഉപേക്ഷിച്ച് വീട്ടിൽ ഇരുന്ന് ഷാരൂഖ് ഖാൻ
മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ പിടിയിലായി ആർതർ റോഡിലെ ജയിലിൽ റിമാൻഡിൽ കഴിയുന്ന ആര്യൻ ഖാൻ കടുത്ത നിരാശയിലെന്ന് റിപ്പോർട്ട്. ജയിൽ ടോയ്ലറ്റ് ഉപയോഗിക്കുന്നത് ഒഴിവാക്കാൻ വേണ്ടത്ര ഭക്ഷണം കഴിക്കുകയോ ആവശ്യത്തിന് വെള്ളം കുടിക്കുകയോ ചെയ്യുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ക്വാറന്റൈൻ സെല്ലിലാണ് ആര്യനെ പാർപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ നാല് ദിവസമായി ആര്യൻ കുളിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ജയിൽ അധികൃതർ ആശങ്കകൾ പങ്കുവച്ചതായും റിപ്പോർട്ടിൽ പറയുന്നു. ആര്യൻ ആരോടും സംസാരിക്കുന്നില്ലെന്നും ജയിലിൽ ഒറ്റയ്ക്ക് ഇരുന്ന് കരയുന്നതായും റിപ്പോർട്ടിൽ പറയുന്നു. ആരെങ്കിലും എന്തെങ്കിലും ചോദിക്കുമ്പോൾ മാത്രമേ പ്രതികരിക്കുകയുള്ളു. ഒക്ടോബർ 8 മുതൽ ജയിലിലാണ്.
വീട്ടിൽ നിന്ന് ധരിക്കാനുള്ള ചില വസ്ത്രങ്ങൾക്കൊപ്പം ബെഡ്ഷീറ്റുകളും ആര്യൻ ഖാന് ലഭിച്ചുവെന്ന് പറയപ്പെടുന്നു, അവിടെ എത്തിയപ്പോൾ ജയിൽ കാന്റീനിൽ നിന്ന് കുറച്ച് കുപ്പി വെള്ളം വാങ്ങിയിരുന്നു. അതേ സമയം ആര്യൻ ഖാന് ജാമ്യം ലഭിക്കാത്തതിൽ ഷാരൂഖ് ഖാന്റെ കുടുംബം ആശങ്കയിലാണ്. ആർതർ റോഡിലെ ജയിലിലേക്ക് തുടർച്ചയായി ഷാരൂഖിന്റെ കുടുംബം ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഷാരൂഖിന് അഭിഭാഷകർ വേഗത്തിൽ ജാമ്യം ലഭിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും അതൊന്നും ഫലം കാണാതെ പോയി.
ഷാരൂഖ് ഖാൻ തന്റെ മകന്റെ ആരോഗ്യത്തെക്കുറിച്ച് വളരെ ആശങ്കാകുലനാണ്. കൃത്യസമയത്ത് വിവരങ്ങൾ അറിയിക്കാൻ ജയിൽ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.മകന് ജാമ്യം ലഭിക്കാത്തതിന്റെ നിരാശയിലാണ് അമ്മ ഗൗരി ഖാൻ. ഷാരൂഖിന്റെ മകൾ ഇന്ത്യയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നുവെന്നാണ് വിവരം.
അതേസമയം, മാധ്യമങ്ങൾക്ക് മുന്നിൽ വരാതിരിക്കാൻ ഷാരൂഖ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ബാന്ദ്രയിലെ വീട്ടിൽ നിന്ന് അദ്ദേഹം പുറത്തിറങ്ങിയിട്ടില്ല. കേസിൽ ഷാരൂഖ് ഖാൻ ശരിക്കും തകർന്നുപോയെന്നും നിസ്സഹായനായി നിൽക്കുകയാണെന്നും അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവർ പറയുന്നു. ശരിക്കും രോഷത്തിലാണ് അദ്ദേഹം. ഉറക്കമോ ഭക്ഷണമോ ഇല്ലാതെ മകനെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഷാരൂഖ്. നിസ്സഹായനായ പിതാവിന്റെ റോളിലാണ് ഷാരൂഖ് ഇപ്പോൾ ഉള്ളത്. നേരത്തെ സൽമാൻ ഖാനെ ഹിറ്റ് ആൻഡ് റൺ കേസിൽ നിന്ന് രക്ഷിച്ച അമിത് ദേശായ് എന്ന അഭിഭാഷകനാണ് ആര്യന് വേണ്ടി കോടതിയിൽ ഹാജരായത്.
എൻസിബി അധികൃതരെയും ജയിൽ അധികൃതരെയും ഷാരൂഖും ഗൗരിയും നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്. എന്നാൽ എൻസിബി അധികൃതർ വഴങ്ങുന്നില്ലെന്നാണ് വിവരം. എസിയും മറ്റ് കാര്യങ്ങളും ജയിലിൽ എത്തിച്ച് കൊടുക്കാനാവുമോ എന്നും പരിശോധിച്ചിരുന്നു. ഇത് ജയിൽ അധികൃതർ അനുവദിച്ചേക്കും. എൻസിബി കേസിൽ കടുത്ത നിലപാടിലാണ്. ആര്യനെതിരെ തെളിവുകളുണ്ടെന്ന് അവർ ഉറപ്പിക്കുന്നു.
ആര്യൻ ഖാൻ രാജ്യാന്തര ലഹരിമരുന്നു മാഫിയയുടെ കണ്ണിയാണെന്നു എൻസിബി പ്രത്യേക കോടതിയിൽ അറിയിച്ചിരുന്നു. ജാമ്യഹർജിയെ എതിർത്താണു ഗുരുതര ആരോപണം. വാദം കേൾക്കൽ ഇന്നു തുടരും.
എൻസിബിയുടെ പ്രധാന വാദങ്ങൾ: ''ഒപ്പം അറസ്റ്റിലായ സുഹൃത്ത് അർബാസ് മെർച്ചന്റിൽ നിന്നു ലഹരിമരുന്നു വാങ്ങാറുള്ള ആര്യൻ ഇതേ ആവശ്യത്തിനായി രാജ്യാന്തര റാക്കറ്റിന്റെ ആളുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇതിനു തെളിവുണ്ട്. വലിയ അളവിലുള്ള ലഹരി മരുന്നിനെക്കുറിച്ച് ഇവരുടെ വാട്സാപ് ചാറ്റുകളിൽ പറയുന്നുണ്ട്. ഇത്രയും ലഹരി സ്വന്തം ഉപയോഗത്തിനു മാത്രമാകില്ല. ലഹരിവിരുന്നു നടന്ന ആഡംബരക്കപ്പലിലേക്കു ക്ഷണിച്ചിട്ടാണു പോയതെങ്കിൽ ക്ഷണക്കത്തെവിടെ? എൻസിബി ഉത്തരവാദിത്തമുള്ള ഏജൻസിയാണ്. യുവാക്കളുടെ ലഹരി ഉപഭോഗത്തെക്കുറിച്ചു രാജ്യത്തിന് ആശങ്കയുണ്ട്.''
അതേസമയം, ആര്യനും അർബാസും ലഹരി വിരുന്നു നടന്ന കപ്പലിൽ കയറുന്നതിനു മുൻപാണ് പിടിയിലായതെന്ന് ആര്യന്റെ അഭിഭാഷകൻ വാദിച്ചു. ''പ്രവേശനകവാടത്തിൽ വച്ചാണു ചോദ്യം ചെയ്തതും 5 ഗ്രാം ചരസ് കയ്യിലുണ്ടെന്ന് അർബാസ് പറഞ്ഞതും. ആര്യൻ ലഹരി ഉപയോഗിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്തിട്ടില്ല. കപ്പൽ തന്നെ വാങ്ങാൻ പണമുള്ളവർ എന്തിനാണ് വെറും 5 ഗ്രാം ലഹരി വിൽക്കാൻ കപ്പലിൽ പോകുന്നത്? ഇവർ ലഹരിക്കച്ചവടക്കാരോ കടത്തുകാരോ അല്ല,'' ആര്യന്റെയും ഒപ്പം അറസ്റ്റിലായവരുടെയും അഭിഭാഷകർ കോടതിയെ അറിയിച്ചു. ആര്യനും സംഘവും ഒരാഴ്ചയായി ജയിലിലാണ്.
അതേസമയം ആര്യനുള്ള കുരുക്ക് മയക്കുമരുന്ന് ഉപയോഗിച്ചു എന്നതാണ്. കൊക്കെയ്ൻ, മോർഫിൻ, ഹെറോയ്ൻ എന്നിവ ഉപയോഗിച്ചാൽ ഒരു വർഷം കഠിനതടവും 20000 രൂപ പിഴയുമാണ് ലഭിക്കുക. ചരസ് ഉപയോഗിച്ചാൽ ആറ് മാസമാണ് ലഭിക്കുക. കഴിഞ്ഞ നാല് വർഷമായി ആര്യൻ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് എൻസിബി പറയുന്നത്. മയക്കുമരുന്നിന് അടിമയാണ് ആര്യനെന്ന് കണ്ടെത്തിയാൽ ശിക്ഷയിൽ നിന്ന് ഒഴിവാകുകയും ചെയ്യും. ഇത്തരക്കാർക്ക് ചികിത്സയാണ് വേണ്ടതെന്നാണ് നിയമത്തിൽ പറയുന്നത്. ചികിത്സ പൂർണമാക്കിയില്ലെങ്കിൽ ഈ നിയമത്തിന്റെ ഇളവ് ലഭിക്കില്ല. ഇവിടെ മയക്കുമരുന്ന് ഉപയോഗം കൈവശം വെക്കൽ എന്നിവ പരിഗണിച്ചാൽ രണ്ട് വർഷം ആര്യൻ ജയിലിലാവും.
മറുനാടന് മലയാളി ബ്യൂറോ