മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയ്ക്ക് ആവശ്യത്തിന് സമയം ലഭിച്ചതിനാൽ, കസ്റ്റഡിയിലെ ചോദ്യം ചെയ്യൽ ആവശ്യമില്ലെന്ന് മുംബൈ ചീഫ് മെട്രോപോളിറ്റൻ കോടതി പറഞ്ഞു. ആര്യൻ ഖാന്റെ പക്കൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ലെങ്കിലും, വാട്‌സാപ്പ് ചാറ്റുകളിൽ ആഴത്തിലുള്ള പരിശോധന ആവശ്യമെന്ന് എൻസിബി വാദിച്ചു. അറസ്റ്റിലായ മറ്റുചിലർക്കൊപ്പം ഇരുത്തി ചോദ്യംചെയ്യേണ്ടത് ഉണ്ടെന്നും വാദം ഉന്നയിച്ചു.

ആര്യൻ ഖാന്റെ പക്കൽ നിന്ന് ലഹരിമരുന്ന് കണ്ടെത്താത്ത സാഹചര്യത്തിൽ, മറ്റുള്ളവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തവയ്ക്ക് ഉത്തരവാദിയാക്കാൻ കഴിയില്ലെന്നാണ് അഭിഭാഷകൻ വാദിച്ചത്. കേസ് സമഗ്രതയിൽ കാണണമെന്നാണ് അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ് വാദം ഉയർത്തിയത്.

എന്നാൽ, മതിയായ കാരണമില്ലാതെ ഒരാളെ പൊലീസ് കസ്റ്റഡിയിൽ വയ്ക്കുന്നത് മനുഷ്യാവകാശ ലംഘനത്തിന് തുല്യമാകുമെന്ന് കോടതി പറഞ്ഞു. പ്രതിയെ ചില അവ്യക്തമായ കാരണങ്ങളുടെ പേരിൽ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ വിടാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഇതോടെ ആര്യൻ ഖാന്റെ അഭിഭാഷകൻ ഇടക്കാല ജാമ്യത്തിന് അപേക്ഷ നൽകി. ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ നാളെ രാവിലെ 11 മണിക്കു വാദം കേൾക്കും. കേസിൽ പ്രത്യേക എൻഡിപിഎസ് കോടതിയിലായിരിക്കും ഇനി വാദം നടക്കുക. വെള്ളിയാഴ്ച രാവിലെ വരെ പ്രതികളെ എൻസിബിയുടെ ഓഫിസിലായിരിക്കും പാർപ്പിക്കുക. ജയിലിൽ ആറ് മണിക്ക് ശേഷം പുതിയ തടവുകാരെ പ്രവേശിപ്പിക്കാനാകാത്ത സാഹചര്യത്തിലാണിത്. മാത്രമല്ല കോവിഡ് ടെസ്റ്റ് നടത്താതെ ജയിലിൽ പ്രവേശിപ്പിക്കുകയില്ല.

അറസ്റ്റിലായവരിലൊരാൾ ആര്യനു ലഹരിമരുന്നു വിതരണം ചെയ്തതെന്നു നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ആരോപിച്ചിരുന്നു. ആര്യനു ജാമ്യം നൽകരുതെന്നും വീണ്ടും കസ്റ്റഡിയിൽ വേണമെന്നുമാണ് എൻസിബി കോടതിയിൽ ആവശ്യപ്പെട്ടത്. 8 പ്രതികളെ ഈ മാസം 11 വരെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് എൻസിബി അപേക്ഷ നൽകി. ഇതുവരെ 17 പേരെ അറസ്റ്റു ചെയ്തതായും എൻസിബി അറിയിച്ചു. 'അന്വേഷണം പരമപ്രധാനമാണ്. ഇതു പ്രതികൾക്കും അന്വേഷകർക്കും ഒരുപോലെ പ്രയോജനം ചെയ്യും' ആര്യന്റെയും മറ്റ് 7 പേരുടെയും കസ്റ്റഡി നീട്ടിക്കൊണ്ട് കോടതി പറഞ്ഞു.

എൻസിബി മുഖ്യപ്രതിയെ കണ്ടെത്തും വരെ ആര്യൻ ഖാനെ ബന്ദിയാക്കി വയ്ക്കാൻ പറ്റില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ സതീഷ് മാനെഷിൻഡെ പറഞ്ഞു. ആര്യന്റെ ബാഗിൽ മയക്കുമരുന്നോ മറ്റു സാധനങ്ങളോ കണ്ടെടുത്തിട്ടില്ല. ഫോണിൽ തിരിമറി കാട്ടിയിട്ടില്ല. നിയമവുമായി എന്തുകൊണ്ട് സഹകരിക്കാതിരിക്കണം?

എൻസിബി ആര്യനെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. സംഘാടകരുമായി ആര്യന് ബന്ധമില്ല. അർബാസുമായി ഉള്ള സൗഹൃദം നിഷേധിക്കുന്നില്ല. അർബാസ് തന്നെ പറയുന്നത് അദ്ദേഹം സ്വന്തം നിലയിൽ വന്നുവെന്നാണ്. വാട്‌സാപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. ആചിതുമായുള്ള ബന്ധം മാത്രമാണ് അവർക്ക് ചോദിച്ചറിയേണ്ടത്. അത് ജാമ്യം അനുവദിച്ച ശേഷവും ആകാം. രണ്ട് രാത്രി മുഴുവൻ ചോദ്യം ചെയ്തുകഴിഞ്ഞു. അതുകൊണ്ട് തന്നെ കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ ആവശ്യമില്ലെന്നും സതീഷ് മാനെഷിൻഡെ വാദിച്ചു.

ആഡംബര കപ്പലിലെ പാർട്ടിയുമായി ബന്ധപ്പെട്ട് സംഘാടകരുമായി അടുപ്പമുള്ള ഒരാളുമായി പ്രതീക് എന്ന സുഹൃത്താണ് എന്നെ പരിചയപ്പെടുത്തിയത്. വിവിഐപിയായിട്ടായിരുന്നു ക്ഷണം. പാർട്ടിക്ക് മോടി കൂട്ടാൻ വേണ്ടിയായിരുന്നു ബോളിവുഡ് ബന്ധമുള്ള തന്നെ ക്ഷണിച്ചത്. 1300 പേർ ഉണ്ടായിരുന്നതിൽ 17 പരെ മാത്രമേ അറസ്റ്റ് ചെയ്തുള്ളു.

പ്രതീകുമായുള്ള ചാറ്റുകൾ ലഭ്യമാണ്. പ്രതീക്, അർബാസിന്റെയും സുഹൃത്താണ്. താൻ ഗേറ്റിൽ എത്തിയപ്പോൾ അർബാസ് അവിടെ ഉണ്ടായിരുന്നു. കപ്പിലേക്ക് പോകുന്നതിന് മുമ്പ് എൻസിബി ചില ചോദ്യങ്ങൾ ചോദിച്ചു. കപ്പലിൽ യാത്ര പുറപ്പെട്ടപ്പോൾ, ലഹരിമരുന്ന് ഉപയോഗിച്ചോ എന്നും ചോദിച്ച് എന്നെയും ബാഗുകളും പരിശോധിച്ചു. എന്നാൽ, ഒന്നും കണ്ടെത്തിയില്ല എന്നും ആര്യന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.