തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പല തവണ ഉയർന്ന വിഷയമാണ് കോൺഗ്രസ്- ബിജെപി ബാന്ധവം. ഇടതുപക്ഷം ഇക്കാര്യം കണക്കുകളുടെ പിൻബലത്തിൽ ഉയർത്തുമ്പോൾ എതിർവാദമുയർത്തി ഖണ്ഡിക്കുകയാണ് കോൺഗ്രസും ബിജെപിയും ചെയ്തിരുന്നത്.

എന്നാലിതാ, കോൺഗ്രസിന്റെയും ബിജെപിയുടെയും വിദ്യാർത്ഥി സംഘടനകൾ രഹസ്യബന്ധം ഉപേക്ഷിച്ചു പരസ്യബാന്ധവത്തിൽ. തിരുവനന്തപുരം ജില്ലയിൽ കെ എസ് ശബരീനാഥ് എംഎൽഎയുടെ മണ്ഡലമായ അരുവിക്കരയിലെ ആര്യനാട് ഐടിഐയിലാണു സംഭവം.

തെരഞ്ഞെടുപ്പിന് കെഎസ്‌യുവും എബിവിപിയും പരസ്യമായി കൂട്ടുചേർന്നാണു മത്സരിക്കുന്നത്. പ്രചാരണവും ഒന്നിച്ചു തന്നെ. എബിവിപിയുടെ കാവിക്കൊടിയും കെഎസ്‌യുവിന്റെ നീലക്കൊടിയുമേന്തി തോളോടു തോൾ ചേർന്നു മുദ്രാവാക്യം വിളിച്ചു പോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പാറിപ്പറക്കുകയാണ്.

അങ്ങു വടക്കായിരുന്നു ആദ്യമെങ്കിൽ ഇപ്പോഴിങ്ങു തിരുവനന്തപുരത്തും കൂട്ടുകെട്ടു തുടങ്ങിയോ എന്നാണു സോഷ്യൽ മീഡിയയിൽ പലരും ചോദിക്കുന്നത്. കെഎസ്‌യുവിന്റെയും എബിവിപിയുടെയും കൊടികൾ കൈയിലേന്തി വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിച്ച് പോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.  കുട്ടിപ്പട്ടാളം പരസ്യമായി ഒന്നിച്ചു പ്രവർത്തിക്കാൻ തുടങ്ങിയതു മുതിർന്നവരും മാതൃകയാക്കുമോ എന്ന ചോദ്യവും സോഷ്യൽ മീഡിയ ഉയർത്തുന്നുണ്ട്.