കോഴിക്കോട് : 'മയങ്ങിപ്പോയി ഞാൻ മയങ്ങിപ്പോയി രാവിൻ പിൻ നിലാമഴയിൽ മയങ്ങിപ്പോയി' എന്ന നോട്ടത്തിലെ ഗാനം ആര്യനന്ദ എന്ന മൂന്നാം ക്ലാസുകാരിയുടെ നാവിൽ നിന്നുതിർന്നപ്പോൾ അക്ഷരാർഥത്തിൽ കോഴിക്കോട്ടെ സംഗീത സദസ്സ് മുഴുവൻ ആ സ്വരമാധുര്യത്തിനു മുന്നിൽ മയങ്ങി വീഴുകയായിരുന്നു. നാവിൽ പകർന്ന തേനിന്റെയും വയമ്പിന്റെയും മാധുര്യം മായുന്നതിനു മുമ്പ് 'തേനും വയമ്പും നാവിൽ തൂവും വാനമ്പാടി 'എന്ന ജാനകിയമ്മയുടെ അനശ്വര ഗാനം ഒരു ഏഴു വയസ്സുകാരി പാടിയപ്പോൾ അത് ജനഹൃദയങ്ങളെ മുഴുവൻ സംഗീത ലഹരിയിലാഴ്‌ത്തി.

സംഗീതാധ്യാപകരായ രാജേഷ് ബാബുവിന്റെയും ഇന്ദുവിന്റെയും മകളായ ആര്യനന്ദ, സ്‌നേഹ പൂർവ്വം ആര്യനന്ദ എന്ന കോഴിക്കോട് നടന്ന സംഗീത സദസ്സിലൂടെ നൂറുകണക്കിന് ആളുകളുടെ ഹൃദയങ്ങളിലാണ് ഇടം നേടിയത്. വെള്ളിമാടുകുന്ന് സെന്റ് ജോസഫ്‌സ് ഇംഗഌഷ് മീഡിയം സ്‌കൂളിലെ മൂന്നാം കഌസുകാരിയായ ആര്യനന്ദ ഇതിനോടകം 100ലധികം വേദികളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ശാസ്ത്രീയസംഗീതത്തിലും ഇതര ഗാനശാഖകളിലും കഴിവുതെളിയിച്ചിട്ടുള്ള ആര്യ കോഴിക്കോട് ജാഫർ കോളനിയിലെ ആശാരിക്കണ്ണി പറമ്പിലാണ് കുംബത്തോടൊപ്പം താമസിക്കുന്നത്.

ജാനകിയമ്മ, ലതാമങ്കേഷ്‌കർ തുടങ്ങിയവർ മുതൽ കെ.എസ്. ചിത്രയിലെത്തി ശ്രേയാഘോഷ്വാൽ വരെയുള്ള ചലച്ചിത്രഗാന രംഗത്തെ അനശ്വര പ്രതിഭകൾ പാടി അനശ്വരമാക്കിയ പാട്ടുകൾ ആര്യയുടെ ശ്ബ്ദത്തിൽ ഭദ്രമാണെന്ന് ആസ്വാദകർ തിരച്ചറിഞ്ഞ നിമിഷമായിരുന്നു അത്. ഇന്നെനിക്ക് പൊട്ടുകുത്താൻ എന്ന ഗാനവും , നാദങ്ങളായ് നീ വരൂ എന്ന സെമീ ക്ലാസിക്കൽ ഗാനവും ആര്യനന്ദയുടെ കുഞ്ഞു ശബ്ദത്തിലൂടെ അനശ്വരമായപ്പോൾ സദസ്സ് മുഴുവൻ കരഘോഷം മുഴക്കുയായിരുന്നു. 25 ഓളം ഹിന്ദി, തമിഴ്, മലയാളം ഗാനങ്ങളാണ് ഈ കുഞ്ഞ് പാടിയത്. ഇളയരാജയുടെ പാടറിയേൻ പടിപ്പറിയേൻ എന്ന ഗാനം ആര്യ ആലപിച്ചപ്പോൾ നല്ല ഒരു പിടി ഗാനങ്ങൾ പുതുതലമുറയുടെ കൈയിൽ എന്നും ഭദ്രമാണെന്ന് ഈ കുഞ്ഞു ഗായിക തെളിയിച്ചു.

പ്രതിഭാധനരായ സംഗീതജ്ഞർക്കുള്ള സമർപ്പണമായാണ് നിസരി സ്‌കൂൾ ഓഫ് മ്യൂസിക് 'സ്‌നേഹപൂർവം ആര്യനന്ദ' എന്ന സംഗീതനിശ സംഘടിപ്പിച്ചത്. സംഗീതനിശ പുരുഷൻ കടലുണ്ടി എംഎ‍ൽഎ ഉദ്ഘാടനം ചെയ്തു. ആര്യനന്ദയോടൊപ്പം രതീഷ്, അരുൺ, റിജേഷ് എന്നിവരും ഗാനങ്ങളാലപിച്ചു.

ഓർക്കസ്ട്ര: വിനീഷ് (കീബോർഡ്), ഷിജിൻ (റിഥം), സുബിൻ, സഞ്ജയ് (ഗിത്താർ), അഭിജിത്ത് (ഫ്ളാട്ട്), ബിജു, രജീഷ് (തബല), രഗിലേഷ് (പ്രോഗ്രാം ഡയറക്ടർ).ആര്യനന്ദയുടെ പിതാവ് രാജേഷ് ബാബു, മാതാവ് ഇന്ദു, നിസരി സ്‌കൂൾ ഓഫ് മ്യൂസിക് പ്രവർത്തകർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.