കൊല്ലം: പെൺകുട്ടിയെ കാണ്മാനില്ല എന്നു മാതാവും ഫാമിന്റെ മേൽനോട്ടക്കാരനും ചേർന്നുള്ള പരാതിയാണ് നിർണ്ണായകമായത്. വൈകിട്ടോടെ പെൺകുട്ടി തിരിച്ചെത്തിയെന്നും പരാതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു മാതാവെത്തി. ഇതോടെ പൊലീസിന് സംശയമായി. അന്വേഷണം തുടങ്ങി. പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തവെയാണു പീഡന വിവരം പുറത്തായത്. പൊലീസ് ചോദ്യം ചെയ്തതോടെ മാതാവിന്റെ പങ്ക് വ്യക്തമാവുകയായിരുന്നു. തിരുവനന്തപുരത്തെ കോൺവെന്റിൽ താമസിച്ചുപഠിക്കുന്ന പതിന്നാലുകാരി അവധിക്ക് രക്ഷിതാക്കളോടൊപ്പം താമസിക്കാനെത്തിയപ്പോഴാണ് പീഡനത്തിന് ഇരയായത്.

അച്ഛന്റെ മദ്യപരായ കൂട്ടുകാരാണ് പീഡിപ്പിച്ചത്. തെന്മലയിൽനിന്ന് 14 കിലോമീറ്റർ അകലെ തമിഴ്‌നാട് അതിർത്തിയിലെ പുളിയറയിൽ എത്തിയപ്പോഴാണ് കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായത്. കുട്ടിയുടെ മാതാപിതാക്കളുടെ മൗനാനുവാദത്തോടെയായിരുന്നു പീഡനം. കുട്ടിയെ ഇപ്പോൾ കൊല്ലത്തെ അഭയകേന്ദ്രത്തിലാണുള്ളത്. കേസിൽ അറസ്റ്റിലായ നെടുമങ്ങാട് വിദുര തടത്തരികത്ത് വീട്ടിൽ സജി (29), കുട്ടിയുടെ അമ്മ എന്നിവരെ പുനലൂർ കോടതി റിമാൻഡ് ചെയ്തു. പ്രതികളായ കുറുപ്പുസ്വാമി, പത്തനംതിട്ട സ്വദേശി അജിത്ത്, കുട്ടിയുടെ അച്ഛൻ എന്നിവർ ഒളിവിലാണ്. ഒട്ടേറെ കേസുകളിൽ പ്രതിയായ അജിത്ത് കുറേക്കാലം ആര്യൻകാവ് കുളിർകാട്ടിൽ കന്നുകാലിഫാം നടത്തിയിരുന്നു. ഇവർ തമിഴ്‌നാട്ടിലുണ്ടെന്നാണ് സൂചന.

സജിയാണ് ഒന്നാം പ്രതി. അജിത്ത് രണ്ടാം പ്രതിയും. കുട്ടിയുടെ അമ്മ, അച്ഛൻ എന്നിവർ മൂന്നും നാലും പ്രതികളാണ്. അഞ്ചാം പ്രതിയാണ് കുറുപ്പുസ്വാമി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376 (ബലാൽസംഗം), 354, 372, 373 വകുപ്പുകളും പോക്സോയുടെ 3എ, 4, 5എൽ, എം, എൻ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കൾ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളാണ്. ഒരു വർഷത്തിലേറെയായി ഇവർ പുളിയറയിലെ കന്നുകാലിഫാമിൽ ജോലിചെയ്യുകയാണ്. ഫാമിലെ ഷെഡ്ഡിലാണ് താമസം. തമിഴ്‌നാട്ടുകാരന്റേതാണ് ഫാമെങ്കിലും നടത്തിപ്പ് അടൂർ സ്വദേശിയാണ്. കേസിലെ പ്രതികളെല്ലാം ഫാമിലെ നിത്യസന്ദർശകരും കുട്ടിയുടെ അച്ഛന്റെകൂടെ മദ്യപിക്കുന്നവരുമാണ്. ചിലർക്ക് കുട്ടിയുടെ അമ്മയുമായി വഴിവിട്ട ബന്ധമുണ്ട്.

അമ്മൂമ്മയുടെ കൂടെയായിരുന്നു കുട്ടി ആദ്യം താമസിച്ചിരുന്നത്. അവിടം സുരക്ഷിതമല്ലെന്നുകണ്ട് ചില ബന്ധുക്കൾ കോൺവെന്റിലേക്ക് മാറ്റി. അവധിക്കാണ് രക്ഷിതാക്കൾക്കടുത്തെത്തിയത്. കുട്ടിക്ക് ഒരു സഹാദരനുണ്ട്.കഴിഞ്ഞ തിങ്കളാഴ്ച 11 മണിയോടെയാണ് കുട്ടിയുടെ അമ്മ മകളെ കാണാനില്ലെന്ന് തെന്മല പൊലീസിൽ പരാതി നൽകാനെത്തിയത്. തലേന്ന് കുട്ടിയുടെ കൊച്ചച്ഛൻ ബൈക്കിൽ കൂട്ടിക്കൊണ്ടുപോയി എന്നും ഇതുവരെ വന്നില്ലെന്നുമായിരുന്നു പരാതി. പുളിയറ പൊലീസ് സ്റ്റേഷനിൽ പരാതി സ്വീകരിക്കാൻ തയ്യാറായില്ലെന്നും അവർ അറിയിച്ചു. പൊലീസ് അവരുടെ മൊഴി രേഖപ്പെടുത്തി വിട്ടയച്ചു.

എന്നാൽ, പിറ്റേന്ന് പൊലീസ് സ്റ്റേഷനിലെത്തിയ അമ്മ, മകൾ തിരിച്ചുവന്നെന്നും പരാതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. പൊലീസ് കുട്ടിയെ വിളിച്ചുവരുത്തി കാര്യങ്ങൾ ചോദിച്ചപ്പോഴാണ് ഞെട്ടിക്കുന്ന പീഡനവിവരങ്ങൾ പുറത്തുവന്നത്. കഴിഞ്ഞ കുറെ മാസങ്ങളായി മാതാവിന്റെയും വളർത്തച്ഛന്റെയും അറിവോടെ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു എന്നാണു പൊലീസ് കണ്ടെത്തൽ. റൂറൽ എസ്‌പി ബി.അശോകൻ, ഡിവൈഎസ്‌പി അനിൽകുമാർ, സിഐ സുധീർ, തെന്മല എസ്‌ഐ വി എസ്.പ്രവീൺ, എഎസ്‌ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ അറസ്റ്റ് ചെയ്തത്.