- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഐ(എം) തഴഞ്ഞ ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിൽ എത്തിക്കാൻ നീക്കം തുടങ്ങി; ഉമ്മൻ ചാണ്ടി വിരോധിയായ മുൻ യുവതുർക്കിയെ എത്തിക്കുന്നതിന് പിന്നിൽ ചരടുവലിക്കുന്നത് വി എം സുധീരൻ; എകെ ആന്റണിയുടെ പിന്തുണയുമുണ്ടെന്ന് സൂചന; വാ തുറക്കാതെ ചെറിയാൻ ഫിലിപ്
കോട്ടയം: കേരളത്തിൽ കോൺഗ്രസിലെ കത്തുന്ന രാഷ്ട്രീയ സാഹചര്യങ്ങൾക്ക് കൂടുതൽ എണ്ണ പകരും വിധം കടുത്ത ഉമ്മൻ ചാണ്ടി വിരോധിയായ മുൻ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പിനെ തിരികെ പാർട്ടിയിലെത്തിക്കാൻ ഒരുവിഭാഗം ശ്രമം തുടങ്ങി. കോൺഗ്രസ് വിട്ട് ഏറെക്കാലമായി ഇടതുസഹയാത്രികനായി തുടരുന്ന ചെറിയാൻ ഫിലിപ്പിന് പുതിയ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ എന്തെങ്കിലും അധികാര സ്ഥാനങ്ങൾ നൽകുമെന്ന സൂചനകളുണ്ടായിരുന്നു. പക്ഷേ, മുമ്പ് കെടിഡിസി ചെയർമാനായിരുന്ന ചെറിയാൻ ഫിലിപ്പിന് പുതിയ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നും പദവികൾ നൽകിയിരുന്നില്ല. ഇതിൽ അസംതൃപ്തനാണ് ചെറിയാൻ എന്നും ഇടതുപക്ഷത്തുനിന്ന് അകലുന്നുവെന്നും വാർത്തകൾ വന്നതിന് പിന്നാലെയാണ് അദ്ദേഹത്തെ കോൺഗ്രസിൽ തിരികെയെത്തിക്കാൻ ശ്രമം നടക്കുന്നതായ സൂചനകൾ പുറത്തുവരുന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ അടുത്ത അനുയായി ആയിരുന്ന ചെറിയാൻ ഫിലിപ്പിനെ തിരികെയെത്തിക്കാൻ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ വി എം സുധീരന്റെ നേതൃത്വത്തിൽ തന്നെയാണ് നീക്കം തുടങ്ങിയിട്ടുള്ളത്. ഇതിന്റെ ഭാഗമ
കോട്ടയം: കേരളത്തിൽ കോൺഗ്രസിലെ കത്തുന്ന രാഷ്ട്രീയ സാഹചര്യങ്ങൾക്ക് കൂടുതൽ എണ്ണ പകരും വിധം കടുത്ത ഉമ്മൻ ചാണ്ടി വിരോധിയായ മുൻ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പിനെ തിരികെ പാർട്ടിയിലെത്തിക്കാൻ ഒരുവിഭാഗം ശ്രമം തുടങ്ങി. കോൺഗ്രസ് വിട്ട് ഏറെക്കാലമായി ഇടതുസഹയാത്രികനായി തുടരുന്ന ചെറിയാൻ ഫിലിപ്പിന് പുതിയ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ എന്തെങ്കിലും അധികാര സ്ഥാനങ്ങൾ നൽകുമെന്ന സൂചനകളുണ്ടായിരുന്നു.
പക്ഷേ, മുമ്പ് കെടിഡിസി ചെയർമാനായിരുന്ന ചെറിയാൻ ഫിലിപ്പിന് പുതിയ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നും പദവികൾ നൽകിയിരുന്നില്ല. ഇതിൽ അസംതൃപ്തനാണ് ചെറിയാൻ എന്നും ഇടതുപക്ഷത്തുനിന്ന് അകലുന്നുവെന്നും വാർത്തകൾ വന്നതിന് പിന്നാലെയാണ് അദ്ദേഹത്തെ കോൺഗ്രസിൽ തിരികെയെത്തിക്കാൻ ശ്രമം നടക്കുന്നതായ സൂചനകൾ പുറത്തുവരുന്നത്.
മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ അടുത്ത അനുയായി ആയിരുന്ന ചെറിയാൻ ഫിലിപ്പിനെ തിരികെയെത്തിക്കാൻ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ വി എം സുധീരന്റെ നേതൃത്വത്തിൽ തന്നെയാണ് നീക്കം തുടങ്ങിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി പാർട്ടിവിട്ട മുഴുവൻ പ്രവർത്തകരെയും തിരികെ എടുക്കണമെന്നാവശ്യപ്പെട്ടു സുധീരൻ ഹൈക്കമാൻഡിനു കത്ത് നൽകിക്കഴിഞ്ഞു. മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ അറിവോടെയാണു നീക്കങ്ങൾ എന്നതിനാൽതന്നെ ഇപ്പോൾ ഇടഞ്ഞുനിൽക്കുന്ന ഉമ്മൻ ചാണ്ടിക്ക് കനത്ത അടിയായി മാറും വിധത്തിൽ ചെറിയാൻ ഫിലിപ്പിനെ തിരികെയെത്തിക്കാനാണ് ശ്രമം തുടങ്ങിയിട്ടുള്ളത്.
നേരത്തേ കോൺഗ്രസിലിരുന്ന വേളയിലും പിന്നീട് ഇടതുപാളയത്തിൽ എത്തിയതിനു ശേഷവുമെല്ലാം നിരന്തരം ഉമ്മൻ ചാണ്ടിക്കെതിരെ പടവാളോങ്ങിയ നേതാവാണ് ചെറിയാൻ ഫിലിപ്. അദ്ദേഹത്തെ വീണ്ടും കോൺഗ്രസ് പാളയത്തിലെത്തിക്കാൻ കഴിഞ്ഞാൽ ഉമ്മൻ ചാണ്ടിക്കെതിരായ ബദൽ ഗ്രൂപ്പിനെ ശക്തിപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് എതിർ പാളയം. ഉമ്മൻ ചാണ്ടിയുമായി പരസ്യമായി രംഗത്തെത്തിയതോടെ പാർട്ടിയിൽ വിമർശനങ്ങൾ നേരിട്ട് കോൺഗ്രസ്‌വിട്ട ചെറിയാൻ ഫിലിപ്പിനെ ഉമ്മൻ ചാണ്ടിയ്‌ക്കെതിരേ പുതുപ്പള്ളിയിൽ എൽ.ഡി.എഫ്. മത്സരിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട്, സിപിഎമ്മിന്റെ സഹയാത്രികനായി മാറിയതോടെ കെടിഡിസി ചെയർമാനുമായി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സുഗമമായി ജയിക്കാൻ കഴിയുന്ന സീറ്റ് വേണമെന്നു സിപിഐ(എം). സംസ്ഥാന നേതൃത്വത്തോടു ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് അംഗീകരിക്കപ്പെട്ടില്ല. തുടർന്നു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സിപിഎമ്മിനെ പരോക്ഷമായി വിമർശിച്ച് ഫേസ്‌ബുക്കിൽ ചെറിയാൻ ഫിലിപ്പ് കുറിപ്പിട്ടതും ചർച്ചയായി. പക്ഷേ, ഇടതുമുന്നണി അധികാരത്തിലെത്തിയാൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ ചുമതലയേതെങ്കിലും ചെറിയാൻ ഫിലിപ്പിനെ തേടിയെത്തുമെന്നും അഭ്യൂഹമുണ്ടായിരുന്നു. ഇതു നടക്കാതായതോടെ ചെറിയാൻ ഫിലിപ്പ് ഇടതുപാളയത്തിൽ നിന്ന് പടിയിറങ്ങുകയാണെന്ന വ്യക്തമായ സൂചന നൽകിക്കഴിഞ്ഞു.
താൻ സാമൂഹ്യ പ്രവർത്തന മേഖലയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ആലോചിക്കുന്നുവെന്ന് വ്യക്തമാക്കി പുതുവത്സരത്തലേന്ന് ചെറിയാൻ നൽകിയ ഫേസ്‌ബുക്ക് സന്ദേശവും ഇതോടൊപ്പം ചർച്ചയായി. രാഷ്ട്രീയ രംഗത്തു തുടരുന്നതോടൊപ്പം വിശ്വാസ്യതയുള്ള സാമൂഹ്യ സേവന സംരംഭങ്ങളുമായി അർപ്പണബുദ്ധിയോടെ സഹകരിച്ചു പ്രവർത്തിക്കുമെന്നും അമ്പതു വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയിൽ ഏറ്റവുമധികം ആത്മ സംതൃപ്തി ലഭിച്ചത് കേരള ദേശീയ വേദി പ്രസിഡന്റ് എന്ന നിലയിലുള്ള പത്തു വർഷത്തെ വിവിധ സാമൂഹ്യ പ്രവർത്തനങ്ങളിലാണെന്നുമായിരുന്നു ചെറിയാൻ കുറിപ്പിട്ടത്.
കേരളത്തിലെ ജനകീയ പ്രശ്‌നങ്ങളിൽ ഫലപ്രദമായി ഇടപെടാൻ അക്കാലത്തു കഴിഞ്ഞിരുന്നുവെന്നും അവശിഷ്ടജീവിതം കാലോചിതവും അർത്ഥപൂർണവുമായ പൊതുപ്രവർത്തനത്തിനു വേണ്ടി സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചർത്തു. ഇത് ചർച്ചയാവുകയും പദവികൾ കിട്ടാതായതോടെ ചെറിയാൻ ഇടതുപാളയംവിടുന്നുവെന്നും ചർച്ചകൾ പലകോണിൽനിന്നും തുടങ്ങിയതോടെ അത് തെറ്റാണെന്ന് വ്യക്തമാക്കി ഇന്ന് ചെറിയാൻ ഫിലിപ്പ് വീണ്ടും രംഗത്തെത്തിയിട്ടുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങളിലെ പദവികളുടെ കാര്യത്തിൽ സിപിഐ (എം) അവഗണിച്ചുവെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നും സർക്കാർ കോർപറേഷനുകളിലോ ബോർഡുകളിലോ അധികാര പദവികൾ വേണ്ടെന്നു പാർട്ടി നേതൃത്വത്തെ നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നുമാണ് ചെറിയാൻ പുതിയ പോസ്റ്റിട്ടത്. കെടിഡിസിയിൽ അഞ്ചു വർഷക്കാലം ചെയർമാനായി വിജയകരമായി പ്രവർത്തിച്ച തനിക്ക് ആ സ്ഥാനം വീണ്ടും വഹിക്കുന്നത് ഉചിതമായി തോന്നിയില്ലെന്നും ശരിയെന്നു തോന്നുന്ന അഭിപ്രായങ്ങളിലും നിലപാടുകളിലും ഉറച്ചു നിൽക്കുകയെന്നതാണ് എന്നും തന്റെ ഗുണവും ദോഷവുമെന്നും ലാഭ നഷ്ടങ്ങളുടെ കണക്കുപുസ്തകം തന്റെ ജീവിതത്തിലില്ലെന്നും ചെറിയാൻ പറയുന്നു. അതേസമയം സിപിഎമ്മിനോട് എതിർപ്പില്ലെന്ന് വ്യക്തമാക്കിയപ്പോഴും കോൺഗ്രസിലേക്ക് പോകുന്നുവെന്ന സൂചനകളോട് അദ്ദേഹം ഒന്നും പ്രതികരിച്ചില്ലെന്നതും ശ്രദ്ധേയമാണ്.
പക്ഷേ, ഇടതുപാളയത്തിൽ ചെറിയാൻ ഫിലിപ്പ് ആടിനിൽക്കുകയാണെന്ന സൂചനകൾ ലഭിച്ചതോടെ തന്നെ കോൺഗ്രസിൽ അദ്ദേഹത്തെ തിരിച്ചെടുത്ത് ഉമ്മൻ ചാണ്ടിക്കെതിരെ ഫലപ്രദമായ ആയുധമായി ഉപയോഗിക്കാ്ൻ എതിർവിഭാഗങ്ങൾ നീക്കം ശക്തമാക്കിക്കഴിഞ്ഞു. പ്രത്യേകിച്ചും പാർട്ടിയിൽ സമാന്തരമായി യോഗങ്ങൾ വിളിച്ചും കൂടുതൽ പാർട്ടി പ്രവർത്തകരുടെ പിന്തുണയാർജിക്കാൻ സോഷ്യൽ മീഡിയയെ വരെ ഉപയോഗിച്ച് നീക്കങ്ങൾ ശക്തമാക്കിയും ഉമ്മൻ ചാണ്ടിയുടെ അനുഗ്രഹത്തോടെ ബെന്നി ബെഹനാന്റെ നേതൃത്വത്തിൽ എ വിഭാഗം സജീവമായ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ഇതിന് മറുമരുന്നായി ചെറിയാൻ ഫിലിപ്പിനെ ഉപയോഗിക്കാമെന്നാണ് സുധീരൻ പക്ഷവും കണക്കാക്കുന്നത്.
ഡിസിസി അധ്യക്ഷന്മാരുടെ പുനഃസംഘടനയോടെ പാർട്ടിയുമായി പൂർണമായും അകന്നുനിൽക്കുന്ന മുൻ മുഖ്യമന്ത്രിയെ അനുനയിപ്പിക്കാൻ ആന്റണിയും ചെന്നിത്തലയും ഉൾപ്പെടെയുള്ളവർ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. പാർട്ടിയുടെ ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കില്ലെന്നും വെറും രണ്ടുരൂപ മെമ്പറായി തുടർന്നോളുമെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഉമ്മൻ ചാണ്ടി. ഇതോടൊപ്പം സമാന്തരമായി എ ഗ്രൂപ്പ് ശക്തിപ്പെടുത്തുകയും ഉടൻ സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന വാദമുയർത്തുകയും ചെയ്തുള്ള ദ്വിമുഖ തന്ത്രമാണ് അദ്ദേഹം നടപ്പാക്കുന്നത്. പാർട്ടി പിടിക്കാനുള്ള ഈ നീക്കത്തെ ചെറുക്കാനായി ഉമ്മൻ ചാണ്ടിയുടെ ശത്രുവായതോടെ പാർട്ടിവിടേണ്ടിവന്ന ചെറിയാൻ ഫിലിപ്പിനെ പോലെ ഉള്ളവരെ തിരിച്ചെത്തിക്കാനാണ് സുധീരന്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നത്.
കഴിഞ്ഞ യു.ഡി.എഫ്. ഭരണകാലത്ത് ഉമ്മൻ ചാണ്ടിയെ മാത്രം തെരഞ്ഞുപിടിച്ചു ആക്രമിക്കാനാണു ചെറിയാൻ ഫിലിപ്പ് ശ്രമിച്ചിരുന്നത്. ആന്റണിയും സുധീരനു അടക്കമുള്ളവർക്കെതിരേ ഒരു പരാമർശവും ചെറിയാൻ നടത്തിയിരുന്നില്ല. ഈ നേതാക്കളെ അദ്ദേഹം തള്ളിപ്പറഞ്ഞിട്ടുമില്ല. ചെറിയാൻ ഫിലിപ്പിനെ പോലുള്ളവരെ പാർട്ടിയിൽ തിരികെ കൊണ്ടുവരുന്നതിനെതിരേ ശക്തമായ വിമർശനവുമായി കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തുണ്ട്. പത്തു വർഷത്തിലേറെയായി കോൺഗ്രസ് പാർട്ടിക്കും സർക്കാരിനുമെതിരേ മാദ്ധ്യമങ്ങളിലുടെ ശക്തമായ പ്രചാരണം നടത്തിയ ചെറിയാനെ തിരികെ കൊണ്ടുവരാനുള്ള നീക്കം ഒരിക്കലും അനുവദിക്കില്ലെന്ന് ഇവർ പറയുന്നു.
അതേസമയം, പ്രധാനമായും ഉമ്മൻ ചാണ്ടിക്കെതിരെയാണ് ചെറിയാൻ പരസ്യ വിമർശനം ഉന്നയിച്ചതെന്നും അതുകൊണ്ടുമാത്രം അദ്ദേഹത്തെ തിരികെയെത്തിക്കുന്നതിനെ എതിർക്കേണ്ടതില്ലെന്നും വാദമുയർന്നിട്ടുണ്ട്. ഐഎസ്ആർ ഒ ചാരക്കേസ് ഉണ്ടായപ്പോൾ ചാരമുഖ്യൻ കരുണാകരൻ രാജിവയ്ക്കണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞതായി ഏറെ വാദിച്ചയാളാണ് ചെറിയാൻ ഫിലിപ്പ്. ഇത് ഉമ്മൻ ചാണ്ടിക്ക് വലിയ ക്ഷീണവുമുണ്ടാക്കിയിരുന്നു. പ്രതിപക്ഷം നിർജീവമാണെന്ന വാദമുയർത്തിയ കെ മുരളീധരൻ എ ഗ്രൂപ്പുമായി അടുക്കുന്നുവെന്ന സൂചനകളും പുറത്തുവന്ന സാഹചര്യത്തിൽ ഇതിന് തടയിടാനും ചെറിയാൻ ഫിലിപ്പ് തിരികെ കോൺഗ്രസ്സിലെത്തിയാൽ കഴിയുമെന്ന പ്രതീക്ഷ സുധീരൻ പക്ഷത്തിനുണ്ട്.



