കൊച്ചി:സഹോദരങ്ങളുമായി ഉറ്റബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് നടിയും നർത്തകിയുമായ ആശാ ശരത്ത്. പൊതുവേദികളിലും, അഭിമുഖങ്ങളിലും അക്കാര്യം അവർ വ്യക്തമാക്കിയിട്ടുണ്ട്.

മൂത്ത ജ്യേഷ്ഠന്റെ മരണം അംഗീകരിക്കാൻ കഴിയാതെ അദ്ദേഹത്തിനായി ഇപ്പോഴും തന്റെ വീട്ടിലെ തീൻ മേശയിൽ പാത്രം കരുതുന്നുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ആശ പറഞ്ഞിരുന്നു.

.വേദനിപ്പിക്കുന്ന ഓർമകൾ മാത്രമാക്കി ആശയുടെ രണ്ടാമത്തെ സഹോദരനും വെള്ളിയാഴ്ച അന്തരിച്ചു. ഹൃദയശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്ന ബാലഗോപാൽ ചെന്നൈയിലാണ് മരിച്ചത്. രണ്ട് സഹോദരങ്ങളിൽ മൂത്തയാൾ നേരത്തെ മരിച്ചത് ജീവിതത്തിൽ വലിയ ഞെട്ടലായിരുന്നുവെന്ന് ആശ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

ആശയുടെ മൂത്ത സഹോദരനായ വേണുഗോപാൽ 28ാം വയസിലാണ് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ചത്. ആശയുടെ ജീവിതത്തിൽ വളരെ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു വേണുഗോപാൽ. 1993 നവംബർ 29നാണ് വേണുഗോപാൽ മരിച്ചത്.

അഞ്ച് ദിവസങ്ങളുടെ വ്യത്യാസത്തിൽ 2017 നവംബർ 24 ന് ബാലഗോപാലും യാത്രയായത് തികച്ചും ആകസ്മികം. ഇതോടെ നവംബർ ആശയ്ക്ക് വീണ്ടും വേദനയുടെ മാസമാകുന്നു.

ചെറുപ്പത്തിൽ ചേത്ത മോളു(ചേട്ടന്റെ മോളു) എന്ന വിളിപ്പേരുള്ള ആശയ്ക്ക് രണ്ട് സഹോദരങ്ങളിൽ വേണുഗോപാലിനോടായിരുന്നു കൂടുതൽ അടുപ്പം.ആശയുടെ ഭർത്താവ് ശരത്ത് വേണുവിന്റെ സുഹൃത്ത് കൂടി ആയിരുന്നു.അങ്ങനെയാണ് വിവാഹാലോചന വരുന്നത്.