- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു.പിയിൽ സംപൂജ്യനായി ഉവൈസി; നേട്ടം കൊയ്ത് ബിജെപിയും; എ.ഐ.എം.ഐ.എം മത്സരിച്ച പകുതിയിലേറെ സീറ്റുകളും മുസ്‌ലിം- യാദവ വോട്ടുകൾക്ക് മേൽക്കൈയുള്ള പശ്ചിമ യു.പിയിൽ; വോട്ടു ഭിന്നിപ്പ് ഗുണമായത് ബിജെപിക്കും
ലക്‌നൗ: ഉത്തർപ്രദേശിൽ സംപൂജ്യരായ ഉവൈസി. ഏറെ പ്രതീക്ഷയോടെ യുപിയിലേക്ക് ചുടവുവെച്ച അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എംമിന് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. നൈസാമിന്റെ നാട്ടിൽനിന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ഇറങ്ങി ഓരോ തവണയും ചുവടുപിഴച്ച അസദുദ്ദീൻ ഉവൈസിക്ക് ഇത്തവണയും പതിവു വീഴ്ച തന്നെ മിച്ചം. ന്യൂനപക്ഷ വോട്ടുകൾ പരമാവധി ഭിന്നിപ്പിച്ച് എസ്‌പിക്കും അധികാരത്തിൽ തിരിച്ചെത്താനുള്ള അവസാന സാധ്യതയും ഇല്ലാതാക്കുന്നതിൽ വലിയ വിജയം കാണാനായെന്നതാണ് ഉവൈസിയുടെ ഏക വിജയം. ബിജെപി ആഗ്രഹിച്ചത് ഉവൈസി നടത്തി കൊടുത്തു എന്നു പറയുന്നതാകും ശരി.
100ലേറെ സീറ്റുകളിലാണ് യു.പിയിൽ ഇത്തവണ ഉവൈസിയുടെ എ.ഐ.എം.ഐ.എം മത്സരിച്ചത്. അതിൽ പകുതിയിലേറെയും മുസ്‌ലിം- യാദവ വോട്ടുകൾക്ക് മേൽക്കൈയുള്ള പശ്ചിമ യു.പിയിലും. ഏറെയായി ഈ മേഖല അഖിലേഷിനെയും സമാജ്‌വാദി പാർട്ടിയെയും തുണച്ചിരുന്നതാണ്. അഅ്‌സംഗഢ് ഫോർമുലയുമായി ഉവൈസി രംഗം പിടിക്കാൻ ശ്രമം നടത്തിയതോടെ ഇവിടെ കൂടി ബിജെപി അനായാസം ചുവടുറപ്പിച്ചുവെന്നതാണ് ഇത്തവണയുണ്ടായ വലിയ മാറ്റം.
അസംഗഢിലെ ഏകദേശം എല്ലാ സീറ്റുകളിലും എ.ഐ.എം.ഐ.എം മത്സരരംഗത്തുണ്ടായിരുന്നു. തീപ്പൊരി പ്രഭാഷണങ്ങളുമായി പറന്നുനടന്ന് ഉവൈസി വോട്ടുപിടിക്കാൻ പതിനെട്ടടവും പയറ്റുകയും ചെയ്തു. ഒരു സീറ്റിൽ പോലും വിജയം നേടാനായില്ലെങ്കിലും വോട്ടുകൾ പരമാവധി ചിതറിച്ച് ബിജെപിക്ക് വിജയമുറപ്പിക്കുന്നതിൽ ഇവയെല്ലാം നിർണായകമായി. ഹരിദ്വാർ വിദ്വേഷ പ്രസംഗത്തിൽ തുടങ്ങി ഹിജാബ് വിവാദം വരെ കടുത്ത വർഗീയത ഉയർത്തി വോട്ടുപിടിക്കാനായിരുന്നു ബിജെപി ശ്രമിച്ചത്. ഉവൈസി കൂടിയെത്തിയതോടെ കാര്യങ്ങൾ എളുപ്പമാകുകയും ചെയ്തുവെന്ന് വേണം കരുതാൻ.
ഹൈദരാബാദിൽ ഇപ്പോഴും വോരോട്ടമുള്ള എ.ഐ.എം.ഐ.എം രണ്ട് നിയമസഭ സീറ്റുകളും നാല് ലോക്‌സഭ സീറ്റുകളും നേടിയിരുന്നു. അതുപക്ഷേ, ഉത്തരേന്ത്യയിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ വിജയം കാണാതെ മടങ്ങുകയാണ്.
ആകെയുള്ള 403 സീറ്റുകളിൽ ബിജെപി 263ൽ മണ്ഡലങ്ങളിൽ മുന്നിലാണ്. സമാജ് വാദി പാർട്ടിക്ക് 135 സീറ്റുകളിലാണ് ലീഡ്. ബിഎസ്‌പി ഒരു സീറ്റിലും കോൺഗ്രസ് രണ്ട് സീറ്റുകളിലും മറ്റുള്ളവർ രണ്ട് സീറ്റുകളിലും മുന്നിട്ടു നിൽക്കുന്നു. 2017 തെരഞ്ഞെടുപ്പിൽ 312 സീറ്റുകളിലാണ് ബിജെപി ജയിച്ചത്. അഖിലേഷ് യാദവിന്റെ എസ്‌പി 47 സീറ്റുകളും ബിഎസ്‌പി 19 സീറ്റുകളും നേടി. ഏഴ് സീറ്റുകളാണ് കോൺഗ്രസിന് നേടാനായത്. അപ്നാദൾ ഒമ്പത് സീറ്റിലും നിർബൽ ഇന്ത്യൻ ശോഷിത് ഹമാരാ ആം ദൾ ഒരു സീറ്റിലും ജയിച്ചു. സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി നാല് സീറ്റുകളും സ്വതന്ത്രർ മൂന്ന് സീറ്റുകളും നേടി.
മറുനാടന് ഡെസ്ക്