- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫണ്ട് ക്ഷാമവും അസംസ്കൃത വസ്തുക്കളുടെ കുറവും കാരണം വാക്സിൻ ഉത്പാദനം നേരിട്ടത് വലിയ വെല്ലുവിളി; വാക്സിൻ നയ ഉദാവത്കരണത്തിനും ധനസഹായത്തിനും കേന്ദ്ര സർക്കാരിന് നന്ദി പറഞ്ഞ് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല; പുതിയ നയം മരുന്ന് ഉത്പാദനത്തെയും വിതരണത്തെയും സഹായിക്കുമെന്നും പൂനാവാല
ന്യൂഡൽഹി: വാക്സിൻ നയം കേന്ദ്രസർക്കാർ ഉദാരമാക്കിയതോടെ വിതരണത്തിന് വേഗം കൂടുകയാണ്. സംസ്ഥാനങ്ങൾക്ക് നേരിട്ട് വാക്സിൻ നിർമ്മാതാക്കളിൽ നിന്ന് വാക്സിൻ വാങ്ങാം. കേന്ദ്ര ക്വാട്ടായ്ക്ക് പുറമേയാണിത്. ഇതോടെ വാക്സിൻ ക്ഷാമത്തിനും പരിഹാരമാകും. 18 വയസിന് മേലേയുള്ളവരെ വാക്സിൻ എടുക്കാൻ അനുവദിച്ചതിനെയും മരുന്നുനിർമ്മാണ വ്യവസായത്തിന് ധനസഹായം അനുവദിച്ചതിനെയും സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂണെവാല സ്വാഗതം ചെയ്തു.
കേന്ദ്രത്തിന്റെ ഈ പുതിയ നയം മരുന്ന് ഉത്പാദനത്തെയും വിതരണത്തെയും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോവിഷീൽഡ് വാക്സിൻ ഉത്പാദിപ്പിക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ടിന് 3000 കോടി രൂപയാണ് കേന്ദ്രം നൽകുക. ഈ പശ്ചാത്തലത്തിലാണ് നന്ദിയും അഭിനന്ദനവും അറിയിച്ചു കൊണ്ടുള്ള അടാർ പൂനാവാലയുടെ പ്രതികരണം വന്നിട്ടുള്ളത്.
കൊവിഷീൽഡ് വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട്, വാക്സിൻ ഉത്പാദനം വർദ്ധിപ്പിക്കാനായി കേന്ദ്ര സർക്കാറിൽ നിന്നും സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരുന്നു. ഒരു ഡസനോളം രാജ്യങ്ങളിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ആസ്ട്ര സെനിക്ക വാക്സിൻ വിതരണം ചെയ്യുന്നത്. കോവാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്കിന് 1500 കോടിയും കേന്ദ്രസർക്കാർ അനുവദിച്ചു. ജൂലൈ വരെ നൂറുശതമാനം മുൻകൂർ തുകയാണ് ഇരുവാക്സിൻ നിർമ്മാതാക്കൾക്കും നൽകിയിരിക്കുന്നത്.
ഫണ്ടിന്റെയും അസംസ്കൃത വസ്തുക്കളുടെയും കുറവ് മൂലം വാക്സിൻ ഉത്പാദനം വെല്ലുവിളി നേരിടുന്ന അവസരത്തിലാണ് കേന്ദ്രസർക്കാർ വാക്സിൻ നയംമാറ്റിയത്.
മെയ് ഒന്ന് മുതൽ 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ നൽകണമെന്നത് കൂടാതെ നിരവധി തീരുമാനങ്ങൾ പ്രധാനമന്ത്രി തിങ്കളാഴ്ച വിളിച്ചുചേർത്ത ഉന്നതലയോഗത്തിൽ എടുത്തു. വാക്സിനേഷന്റെ വേഗം കൂട്ടുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
തീരുമാനങ്ങൾ ഇങ്ങനെ:
*സംസ്ഥാനങ്ങൾക്ക് വാക്സിൻ നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് വാക്സിൻ വാങ്ങാം
*മാസന്തോറും വാക്സിൻ നിർമ്മാതാക്കൾ അവരുടെ 50 ശതമാനം വാക്സിൻ ഡോസുകൾ കേന്ദ്രസർക്കാരിന് നൽകണം
* 50 ശതമാനം വാക്സിൻ പൊതുവിപണിയിൽ നിർമ്മാതാക്കൾക്ക് വിതരണം ചെയ്യാം
* രാജ്യത്ത് നിർമ്മിക്കുന്ന എല്ലാ വാക്സിനുകൾക്കും 50: 50 മാനദണ്ഡം ബാധകമാണ്
* എന്നാൽ ഇറക്കുമതി ചെയ്യുന്ന വാക്സിനുകൾക്ക് 50: 50 അനുപാതം ബാധമല്ല. സംസ്ഥാനങ്ങൾക്കോ, സ്വകാര്യ സ്ഥാപനങ്ങൾക്കോ ഡോസുകൾ നേരിട്ട് വിൽക്കാം
* സർക്കാർ കേന്ദ്രങ്ങളിലെ വാക്സിനേഷൻ സൗജന്യമായി തുടരും
*ആരോഗ്യ പ്രവർത്തകർ, കോവിഡ് മുന്നണി പോരാളികൾ, 45 വയസിന് മേലേയുള്ളവർക്കെല്ലാം സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യ വാക്സിനേഷൻ തുടരും
*സെക്കൻഡ് ഡോസ് വാക്സിനേഷന് മൂന്നാം ഘട്ടത്തിൽ മുൻഗണന നൽകണം
* സർക്കാർ തലത്തിലും അല്ലാതെയും ഉള്ള എല്ലാ വാക്സിനേഷനും ദേശീയ പ്രതിരോധ വാക്സിൻ യജ്ഞത്തിന്റെ ഭാഗമായിരിക്കും
* സ്റ്റോക്കും ഓരോ ഡോസിന്റെയും വിലയും കൃത്യസമയത്ത് അറിയിക്കണം
* വാക്സിൻ വിലയെ കുറിച്ച് നിർമ്മാതാക്കൾ മുൻകൂട്ടി അറിയിക്കണം
* മെയ് ഒന്നിന് മുമ്പ് സംസ്ഥാനങ്ങൾക്കും പൊതുവിപണിയിലും ലഭ്യമാകുന്ന 50 ശതമാനം വാക്സിന്റെ വില നിർമ്മാതാക്കൾ പ്രഖ്യാപിക്കണം
* മുൻകൂട്ടി പ്രഖ്യാപിച്ച വിലയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരുകളും, സ്വകാര്യ ആശുപത്രികളും, വ്യവസായ സ്ഥാപനങ്ങളും നിർമ്മാതാക്കളിൽ നിന്ന് വാക്സിൻ വാങ്ങണം
*സർക്കാരിതര ചാനലുകൾക്കായി നീക്കി വച്ചിരിക്കുന്ന 50 ശതമാനത്തിൽ നിന്നാവണം സ്വകാര്യ ആശുപത്രികൾ വാക്സിൻ സംഭരിക്കേണ്ടത്.
മറുനാടന് മലയാളി ബ്യൂറോ