തന്റെ പുതിയ ചിത്രമായ യേ ദിൽഹെ മുഷ്‌കിലിന്റെ പ്രൊമോഷനിൽ നിന്ന് വിട്ടു നിൽക്കുകയാണ് നായിക ഐശ്വര്യ റായി. ചിത്രത്തിലേക്ക് കരാറായപ്പോഴേ ഇക്കാര്യം സംവിധായകൻ കരൺ ജോഹറിനോട്  ഈ നിബന്ധന വച്ചിരുന്നുവെന്നും മകൾ ആരാധ്യയ്‌ക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് താൻ പ്രൊമോഷൻ പോലെയുള്ള കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നതെന്നും ഐശ്വര്യ വ്യക്തമാക്കുന്നു.

ഒട്ടേറെ വിവാദങ്ങളുമായാണ് യേ ദിൽഹെ മുഷ്‌കിൽ ചിത്രം എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങിയപ്പോൾ മുതൽ ഐശ്വര്യയുടെ പേരിൽ വിവാദങ്ങൾ ഉയർന്നിരുന്നു. ഐശ്വര്യയും നായകൻ രൺബീർ കപൂറും തമ്മിൽ ഇഴുകി ചേർന്ന് അഭിനയിക്കുന്ന രംഗങ്ങളാണ് വിവാദത്തിന് ഇടയൊരുക്കിയത്. ഈ രംഗങ്ങൾ കണ്ട അമിതാഭ് ബച്ചൻ സംവിധായകനോട് ഈ രംഗങ്ങൾ നീക്കം ചെയ്യണമെന്ന് പറഞ്ഞതായും വാർത്തകൾ വന്നിരുന്നു.

ചിത്രത്തിന്റെ പ്രൊമോഷനിൽ നിന്ന് നായിക വിട്ടു നിൽക്കുന്നത് ചിത്രത്തിന്റെ പബ്ലിസിറ്റിയെ ബാധിക്കുമെന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ടെങ്കിലും പുതിയ സാഹചര്യത്തിൽ ഇതിനോട് പൊരുത്തപ്പെട്ടു പോകാനേ അണിയറ പ്രവർത്തകർക്കും സാധിക്കുന്നുള്ളൂ. ഏതായാലും ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. കരണിന്റെ ചിത്രം കൂടിയാകുമ്പോൾ ഈ പ്രതീക്ഷൾക്ക് ഏറെ ചിറകുണ്ടു താനും.