ന്യൂഡൽഹി: സിഖ് വിരുദ്ധ കലാപത്തിൽ പങ്കുണ്ടെന്ന ആരോപണം നേരിട്ടതോടെ പഞ്ചാബിന്റെ ചുമതലയൊഴിഞ്ഞ മുതിർന്ന നേതാവ് കമൽനാഥിനു പകരം കോൺഗ്രസ് കണ്ടെത്തിയത് അഴിമതിക്കേസിൽ കോടതി ശിക്ഷിച്ച നേതാവിനെ. സർക്കാർ ഭൂമി വ്യാജരേഖ ചമച്ച് ഭർത്താവിന്റെ പേരിലാക്കിയതിന് കോടതി ശിക്ഷിച്ച എഐസിസി സെക്രട്ടറി ആശാകുമാരിക്ക് പഞ്ചാബിന്റെ ചുമതല നൽകിയതിനെ ചൊല്ലി വിവാദം ശക്തമാവുകയാണ്. ഹിമാചൽപ്രദേശിലെ ഡൽഹൗസി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎയാണ് ആശാകുമാരി.

ഭൂമി കൈയേറ്റക്കേസിൽ ഒരു വർഷത്തെ തടവിന് ഛംബ കോടതി ശിക്ഷിച്ച അവർ ഇപ്പോൾ ജാമ്യത്തിലാണ്. കോടതി അവർക്ക് 8,000 രൂപ പിഴയും വിധിച്ചിരുന്നു. ശിക്ഷ ഹിമാചൽപ്രദേശ് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. നാലു തവണ എംഎൽഎയായ ആശാകുമാരിക്ക് ആണ് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തവർഷം നടക്കാനിരിക്കെ ഇപ്പോൾ സംസ്ഥാനത്തിന്റെ ചുമതല കോൺഗ്രസ് അധ്യക്ഷ സോണിയ നൽകിയിരിക്കുന്നത്.

നേരത്തെ സിഖ് കലാപത്തിൽ പങ്കുണ്ടെന്ന ആരോപണം ശക്തമായതോടെ സീനിയർ നേതാവ് കമൽ നാഥ് പഞ്ചാബ് തെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്വം സ്വയം ഒഴിയുകയായിരുന്നു. ഷീലാ ദീക്ഷിതിന്റെ പേരായിരുന്നു പിന്നീട് ഉയർന്നു കേട്ടിരുന്നതെങ്കിലും ഡൽഹിയിൽ അഴിമതിക്കേസിൽ എഫ്‌ഐആർ ചുമത്തിയതോടെ അവരെയും ഒഴിവാക്കി.

പക്ഷേ, കേസുകളുടേയും ആരോപണങ്ങളുടേയും പേരിൽ ഒഴിവായ ഇവർക്കുപകരം കണ്ടെത്തിയതാകട്ടെ കേസിൽ ശിക്ഷിക്കപ്പെട്ട് ഇപ്പോൾ ജാമ്യത്തിൽ പുറത്തിറങ്ങി നടക്കുന്ന ആശാകുമാരിയേയും. ഇതോടെ ഹൈക്കമാൻഡിനെതിരെ ശക്തമായ പ്രതിഷേധം പാർട്ടിയിൽ ഉയരുകയാണെന്നാണ് സൂചന. ബിജെപി ഇതിനകംതന്നെ ആശാ കുമാരിക്കെതിരെ രംഗത്തെത്തുകയും ചെയ്തു. ഒരു വർഷം തടവുശിക്ഷ ലഭിച്ചയാളാണോ കോൺഗ്രസിനെ നയിക്കുന്നതെന്ന് ബിജെപി ചോദിക്കുന്നു. ആദ്യം കമൽ നാഥ്, ഇപ്പോൾ ആശാകുമാരി കോൺഗ്രസിന് നല്ല നേതാക്കന്മാർ ഇല്ലാതായെന്നും പഞ്ചാബിലെ ബിജെപി നേതാവ് വിനീത് ജോഷി പരിഹസിക്കുന്നു.

ഭൂമിതട്ടിപ്പുകാരും അതുപോലെ കേസിലുൾപ്പെട്ടവരും മാത്രമേ കോൺഗ്രസിൽ ചുമതലയേൽപിക്കാൻ ശേഷിക്കുന്നുള്ളൂ എന്ന് പഞ്ചാബിലെ ഭരണകക്ഷിയായ ശിരോമണി അകാലിദളും പ്രതികരിച്ചു. കഌനായുള്ളവരെ കോൺഗ്രസിൽ കണികാണാൻപോലും കിട്ടുന്നില്ലെന്നാണ് പഞ്ചാബ് മന്ത്രി ഹർസിംരത് കൗർ ബാദൽ കളിയാക്കിയത്.

ഈവർഷം ഫെബ്രുവരിയിലാണ് ചംബാ കോടതി 15 വർഷം പഴക്കമുള്ള കേസിൽ ആശാകുമാരിക്ക് ഭൂമിതട്ടിപ്പു കേസിൽ ശിക്ഷ വിധിക്കുന്നത്. ഇതോടെ അഞ്ചുവട്ടം ഹിമാചൽ എംഎൽഎയായ ആശാകുമാരിയുടെ രാഷ്ട്രീയ ജീവിതം അവസാനിച്ചുവെന്നായിരുന്നു വിലയിരുത്തലുകൾ. എന്നാൽ കോടതിവിധിക്കെതിരെ അപ്പീൽ നൽകാൻ അനുവദിച്ച കോടതി വിധി സസ്‌പെൻഡ് ചെയ്തതോടെ ഇവർ രാഷ്ട്രീയരംഗത്ത് തിരിച്ചെത്തി. താൻ വിധികേട്ട് കോടതിമുറിയിൽ തേങ്ങിക്കരയുകയായിരുന്നെന്നും എന്റെ രാഷ്ട്രീയജീവിതം അവസാനിച്ചെന്നാണ് കരുതിയതെന്നും ആശാകുമാരി കഴിഞ്ഞദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. പഞ്ചാബിന്റെ ചുമതല ഹൈക്കമാൻഡ് നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു.

ഏതായാലും ആശയുടെ പുതിയ പദവി സോണിയക്കും രാഹുലിനുമെതിരെയുള്ള ആയുധമാക്കാൻ പാർട്ടിക്കകത്തും ശ്രമം തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. കോൺഗ്രസ്സിന്റെ, പ്രത്യേകിച്ച് ഇന്ദിരാ കുടുംബത്തിന്റെ പഞ്ചാബ് വിരുദ്ധ അജണ്ടയും പഞ്ചാബിനോടുള്ള താൽപര്യക്കുറവുമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് പഞ്ചാബിലും കോൺഗ്രസ് വിരുദ്ധ കക്ഷികൾ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.

റവന്യൂ രേഖകൾ തിരുത്തി പത്തേക്കറോളം വനഭൂമി ഭർത്താവ് ബ്രിജേന്ദർ സിംഗിന്റെ പേരിലാക്കിയെന്ന കേസിലാണ് ആശാകുമാരി ശിക്ഷിക്കപ്പെട്ടത്. എൻഎസ് യുവിന്റെ സ്ഥാപകാംഗംകൂടിയാണ് ആശാദേവി. മധ്യപ്രദേശുകാരിയായ ആശ ചമ്പയിലെ റോയൽ കുടുംബാംഗമായ ബ്രിജേന്ദർസിംഗിനെ വിവാഹം കഴിച്ചതോടെയാണ് ഹിമാചലിൽ എത്തുന്നത്. 1985, 93, 98, 2003, 2012 തിരഞ്ഞെടുപ്പുകളിൽ ഇവർ എംഎൽഎയായി. രണ്ടുടേമുകളിൽ വിദ്യാഭ്യാസ മന്ത്രിയും.

പഞ്ചാബിൽ പാർട്ടിയുടെ ചുമതലകൾ കമൽനാഥിനൊപ്പം നിർവഹിച്ചിരുന്ന ഡോ. ഷക്കീൽ അഹമ്മദിനൊപ്പം പ്രവർത്തിച്ചതു പരിഗണിച്ചാണ് ഇപ്പോൾ പഞ്ചാബിന്റെ ചുമതല ആശയെ തേടിയെത്തിയത്. എതായാലും നിയമനം വൻ വിവാദമായതിനാൽ ഹൈക്കമാൻഡും അങ്കലാപ്പിലാണെന്നാണ് സൂചനകൾ. കമൽനാഥ് ഒഴിഞ്ഞ പശ്ചാത്തലത്തിൽ ആശയ്ക്ക് താൽക്കാലിക ചുമതലയാണ് നൽകിയതെന്നും എഐസിസി പുനഃസംഘടനയ്ക്കുശേഷം മറ്റൊരാൾക്ക് സംസ്ഥാനത്തിന്റെ ചുമതല നൽകുമെന്നുമാണ് കോൺഗ്രസ് വൃത്തങ്ങൾ തൽക്കാലം പറഞ്ഞൊഴിയുന്നത്.