- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്നെ ഇടിച്ചിട്ടത് ആടല്ല'... ഒറ്റവരിയിലെ ആശയുടെ മരണമൊഴി നിർണ്ണായകമായി; പാറയുടെ മുകളിൽ നിന്നു വീണാൽ ശരീരം മുഴുവൻ മുറിവുകളുണ്ടാകാൻ സാധ്യതയുണ്ടെന്ന സാമാന്യ തത്വം ഭർത്താവിന്റെ കള്ളക്കഥ പൊളിച്ചു; മക്കളെ ചോദ്യം ചെയ്തതോടെ വൈരുദ്ധ്യം തെളിഞ്ഞു; ആശയെ ഭർത്താവ് അരുൺ ചവിട്ടി കൊന്നത് മദ്യലഹരിയിൽ; ഓടനാവട്ടത്തെ വില്ലൻ കുടുങ്ങുമ്പോൾ
കൊല്ലം: പാറയുടെ മുകളിൽ നിന്നു വീണാൽ ശരീരം മുഴുവൻ മുറിവുകളുണ്ടാകാൻ സാധ്യതയുണ്ടെന്ന സാമാന്യ ബുദ്ധിയാണ് അരുണിനെ കുടുക്കിയത്. ഭാര്യയുടെ കൊലപാതകത്തെ അപകട മരണമാക്കാനുള്ള ഭർത്താവിന്റെ കുബുദ്ധി പൊളിച്ചതും ആശയായിരുന്നു. മരണത്തിലേക്ക് വീഴുന്നതിന് മുമ്പ് അച്ഛനോടും അമ്മയോടും ആശ പറഞ്ഞ വാചകം കൊലയാളിയെ കുടുക്കി.
'എന്നെ ഇടിച്ചിട്ടത് ആടല്ല'. ഭർത്താവിന്റെ ചവിട്ടേറ്റ് അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ ആശ പറഞ്ഞത് ഇത്രമാത്രമായിരുന്നു. ഇതോടെ അച്ഛനും അമ്മയും പരാതി കൊടുത്തു. മകളുടെ വിയോഗ വേദനയ്ക്കിടെയും സത്യം കണ്ടെത്താൻ അവർ ഇറങ്ങി. ആട് ഇടിച്ചതിനെത്തുടർന്നു വീണു പരുക്കേറ്റെന്ന ഭർത്താവിന്റെ മൊഴി അവർ വിശ്വസിച്ചില്ല. അതുകൊണ്ട് തന്നെ പൊലീസിൽ പരാതിയും നൽകി. ഗൗരവത്തോടെയുള്ള അന്വേഷണം ഭർത്താവ് ഓടനാവട്ടം വാപ്പാല പള്ളിമേലതിൽ വീട്ടിൽ അരുണിനെ (36) കുടുക്കി.
കരിക്കം അഭിലാഷ് ഭവനിൽ ജോർജ് ശോഭ ദമ്പതികളുടെ മകൾ ആശ (29) കഴിഞ്ഞ നാലിനാണു ആശുപത്രിയിൽ മരിച്ചത്. വീടിനു സമീപത്തെ പാറമുകളിൽ തീറ്റയ്ക്കായി കൊണ്ടുപോയ ആട് ആശയെ ഇടിച്ചിട്ടെന്നാണു ഭർത്താവ് ബന്ധുക്കളെ അറിയിച്ചത്. എന്നാൽ സത്യം മറ്റൊന്നായിരുന്നു. മദ്യപിച്ചെത്തിയ അരുൺ ഒക്ടോബർ 31ന് ആശയുമായി വഴക്കിട്ടു. അരുൺ വയറ്റിൽ ചവിട്ടിയതോടെ ആശ അബോധാവസ്ഥയിലായി.
ഈ മാസം രണ്ടിനു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീടു കൊല്ലം ജില്ലാ ആശുപത്രിയിലും എത്തിച്ചു. സ്ഥിതി വഷളായതോടെ മെഡിക്കല്ഡ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് ആശ മരിച്ചത്. ആട് ഇടിച്ചിട്ടെന്ന കഥ അരുൺ ആശുപത്രിയിലും പറഞ്ഞു. വയറ്റിലെ ചവിട്ട് ആടിന്റെ ചവിട്ടു കൊണ്ടാണെന്ന് ഏവരും വിശ്വസിക്കുകയും ചെയ്തു. ഇതിനിടെയാണ് തന്റെ അച്ഛനും അമ്മയോടും ആശ ഒറ്റ വരിയിൽ സത്യം പാതി പറഞ്ഞത്.
പരാതി കിട്ടിയതോടെ പൊലീസ് രണ്ടു മക്കളെയും അരുണിന്റെ മാതാവിനെയും പൊലീസ് ചോദ്യം ചെയ്തതോടെ മൊഴികളിലെ വൈരുധ്യം വ്യക്തമായി. തുടർന്നാണു പോസ്റ്റ്മോർട്ടം നടത്തിയത്. പാറയുടെ മുകളിൽ നിന്നു വീണാൽ ശരീരം മുഴുവൻ മുറിവുകളുണ്ടാകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പോസ്റ്റ്മോർട്ടത്തിൽ ആശയുടെ ശരീരത്തിൽ 7 മുറിവുകളാണു കണ്ടെത്തിയത്.
ഇവയിൽ മിക്കതും ഉണങ്ങിയിരുന്നു. മരണകാരണം അടിവയറ്റിനേറ്റ ചവിട്ടാണെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു. റൂറൽ എസ്പി: ഇളങ്കോയുടെ നേതൃത്വത്തിൽ ഡിവൈഎസ്പി എം.എ.നസീർ അടങ്ങുന്ന സംഘം ഈ സാഹചര്യ തെളിവുകൾ വച്ച് അരുൺ എന്ന കൊലയാളിയെ അറസ്റ്റ് ചെയ്തു. പൂയപ്പള്ളി ഇൻസ്പെക്ടർ വിനോദ് ചന്ദ്രൻ, എസ്ഐ.മാരായ രാജൻബാബു, രതീഷ് കുമാർ, എഎസ്ഐ.മാരായ ഉദയകുമാർ, അനിൽകുമാർ, വിജയകുമാർ, വനിതാ സിവിൽ പൊലീസ് ഓഫീസർ ജുമൈല എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
മറുനാടന് മലയാളി ബ്യൂറോ