ദോഹ: ഇനി മുതൽ പൊതുമരാമത്തിന്റെ സേവനങ്ങൾ ഉപയോക്താക്കൾക്ക് വിരൽത്തുമ്പിൽ ലഭ്യമാകും. പൊതുജനങ്ങൾക്കും കരാറുകാർക്കും പൊതുമരാമത്തിന്റെ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള അഷ്ഗാൽ ഇ-സർവീസ് പോർട്ടൽ ആരംഭിക്കുന്നു. പൊതുമരാമത്തിന്റെ 23 സേവനങ്ങൾ പോർട്ടലിൽ ലഭ്യമാകും. കൂടാതെ അഷ്ഗാലിന്റെ വിവിധ അപേക്ഷാഫോമുകൾ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യുകയും പുരിപ്പിച്ച് അപ്ലോഡ് ചെയ്യുകയും ചെയ്യാം. ഖത്തർ ഇ-സർക്കാരിന്റെ പദ്ധതി 2020-ന്റെ ഭാഗമായാണ് പുതിയ ഇ-സർവീസിന് തുടക്കം കുറിക്കുന്നത്.

മൈക്രോസോഫ്റ്റിന്റെ സഹകരണത്തോടെയാണ് ഇ-സർവീസ് പോർട്ടൽ രൂപകൽപന ചെയ്തത്. പോർട്ടലിന്റെ കോൺടാക്ട് സെന്റർ എല്ലാദിവസവും 24 മണിക്കൂറും പ്രവർത്തനനിരതമായിരിക്കും. കോൺടാക്ട് സെന്ററിലൂടെയോ വെസ്റ്റ്ബേയിലും ഹോൾസെയിൽ മാർക്കറ്റിലുമുള്ള ആസ്ഥാനങ്ങളിലൂടെയോ ഇടപാടുകാർക്ക് എന്നും എപ്പോഴും അഷ്ഗാലിന്റെ സേവനങ്ങൾ ലഭ്യമാവുമെന്ന് അധികൃതർ അറിയിച്ചു. customerzone.ashghal.gov.qa എന്ന അഷ്ഗാൽ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്താലേ ഇ-പോർട്ടൽ സേവനങ്ങൾ ലഭ്യമാകൂ. പൊതുജനങ്ങൾക്കും കരാറുകാർക്കും പ്രത്യേകാവശ്യങ്ങളാണ് ഉള്ളതെന്നതിനാൽ പോർട്ടലിൽ ഇതിനായി രണ്ടു പ്രത്യേക വിഭാഗങ്ങളുണ്ട്.

റോഡുകളുടെ വിഭാഗത്തിൽ 11 സേവനങ്ങളും അഴുക്കുചാൽ വിഭാഗത്തിൽ അഞ്ചു സേവനങ്ങളും അടിസ്ഥാന സൗകര്യ വികസന വിഭാഗത്തിൽ മൂന്നു സേവനങ്ങളും പൊതുജനങ്ങൾക്കു ലഭ്യമാണ്. പൊതുജനങ്ങൾക്കു പരാതികളും നിർദേശങ്ങളും രേഖപ്പെടുത്താനും വിവരങ്ങൾ ആരായാനും സൗകര്യമുണ്ട്. ഇതിനുപുറമേ കരാറുകളുടെ അറിയിപ്പും ലഭിക്കും. അപേക്ഷാഫോമുകളുടെ ഐക്കണിൽ ക്ലിക് ചെയ്താൽ അവ ഡൗൺലോഡ് ചെയ്യാം. ഓൺലൈനായി ഇവ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്ത് അപ്ലോഡ് ചെയ്യുന്നതിനും സൗകര്യമുണ്ട്.