- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ലജ്ജയുണ്ട്; ഇവിടെ ഇനിയും ഒരു ഹിന്ദുപേരുമായി ജീവിക്കുന്നതിൽ...
റിവേഴ്സ് ഗിയർ എന്ന ബ്ലോഗിൽ സെക്കുലർ പൊളിറ്റിക്സ് എന്ന അപരനാമത്തിൽ പ്രസിദ്ധീകരിച്ച "സൽമാന്റെ അറസ്റ്റ്: ഒരു ഫാസിസ്റ്റ് രൂപകം" എന്ന ലേഖനത്തിന്റെ പുനഃപ്രസിദ്ധീകരണം: ഈ കഴിഞ്ഞ ഓഗസ്റ്റ് ഇരുപതാം തിയതി (2014) അർദ്ധരാത്രിയാണ് സല്മാൻ എന്ന യുവാവിനെ കേരളാ പൊലീസ് കസ്റ്റഡിയിലെടുത്തത്. നടപടിക്രമങ്ങളൊന്നും പാലിക്കാതെ നടന്ന അറസ്റ്റ് എന്തിനായിരുന
റിവേഴ്സ് ഗിയർ എന്ന ബ്ലോഗിൽ സെക്കുലർ പൊളിറ്റിക്സ് എന്ന അപരനാമത്തിൽ പ്രസിദ്ധീകരിച്ച "സൽമാന്റെ അറസ്റ്റ്: ഒരു ഫാസിസ്റ്റ് രൂപകം" എന്ന ലേഖനത്തിന്റെ പുനഃപ്രസിദ്ധീകരണം:
ഈ കഴിഞ്ഞ ഓഗസ്റ്റ് ഇരുപതാം തിയതി (2014) അർദ്ധരാത്രിയാണ് സല്മാൻ എന്ന യുവാവിനെ കേരളാ പൊലീസ് കസ്റ്റഡിയിലെടുത്തത്. നടപടിക്രമങ്ങളൊന്നും പാലിക്കാതെ നടന്ന അറസ്റ്റ് എന്തിനായിരുന്നു എന്നുപോലും അറിയാതെ അയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും ആ രാത്രി മുഴുവൻ തലസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകൾ തോറും കയറിയിറങ്ങി നടന്നു. പിറ്റേന്ന് ഇന്ത്യൻ പീനൽ കോഡിന്റെ 124 A, 66 A കൂടാതെ 1971ൽ പാസാക്കിയ പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് തുടങ്ങിയവ പ്രകാരമാണ് അറസ്റ്റ് എന്ന് അവർക്ക് അറിയാൻ കഴിഞ്ഞുവെങ്കിലും പിന്നെയും ദിവസങ്ങളോളം അവർക്കോ, അഭിഭാഷകർക്കു പോലുമോ അവനെ കാണാനായില്ല. മാദ്ധ്യമങ്ങൾക്കും ഈ വാർത്തയിൽ താല്പര്യം നശിച്ചതോടെ അയാൾക്ക് എന്ത് സംഭവിച്ചു എന്നത് ഇന്ന് നമുക്ക് മുൻപിൽ ഒരു ചോദ്യ ചിഹ്നമായി നില്ക്കുന്നു.
ഈ കണ്ട വകുപ്പുകളൊക്കെ ചുമത്തപ്പെടാനും, വർഷങ്ങളായി പിടികിട്ടാപ്പുള്ളികളായി തുടരുന്ന ചില തീവ്രവാദികളൊക്കെ പൊടുന്നനേ അറസ്റ്റ് ചെയ്യപ്പെടുമ്പോൾ കാണുന്ന ബന്തവസ്സോടെയും അതീവ ജാഗ്രതയോടെയും കൈകാര്യം ചെയ്യപ്പെടാനും എന്താണ് സല്മാൻ ചെയ്ത ഉഗ്ര കൃത്യം? അറസ്റ്റ് നടക്കുന്നതിന് രണ്ട് ദിവസം മുമ്പ്, രണ്ടായിരത്തി പതിനാല് ഓഗസ്റ്റ് പതിനെട്ടാം തിയതി രണ്ട് പെൺകുട്ടികളുൾപ്പെടെ അഞ്ച് സുഹൃത്തുക്കളുമായി തിരുവനന്തപുരത്തെ ഒരു തീയറ്ററിൽ " ഞാൻ സ്റ്റീവ് ലോപ്പസ്" എന്ന സിനിമ കാണാൻ പോയി. പ്രദർശനത്തിനോട് അനുബന്ധിച്ച് ദേശീയ ഗാനം കേൾപ്പിച്ചപ്പോൾ അവർ ബഹുമാനസൂചകമായി എഴുന്നേറ്റ് നിന്നില്ല. കൂടാതെ ഗാനം കഴിഞ്ഞപ്പോൾ കൂകി വിളിച്ചു എന്നും ആരോപിക്കപ്പെടുന്നു. ഒപ്പം "ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരുപിടി മണ്ണല്ല" എന്നുതുടങ്ങുന്ന ഒരു സിനിമാ പാട്ടിലെ സ്ഥൂലവൽകൃതമായ ദേശീയതയ്ക്ക് പാരഡി തീർത്തുകൊണ്ട് ഫെയ്സ് ബുക്കിൽ പോസ്റ്റിടുകയും തുടർ ചർച്ചകളിൽ ദേശീയത എന്ന സാംസ്കാരിക ആശയത്തോടുള്ള തന്റെ വിയോജിപ്പ് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു എന്നതും പ്രകോപനമായി. ഇതിനാലൊക്കെ വികാരം വൃണപ്പെട്ട ചില 'രാജ്യ സ്നേഹി'കൾ കൊടുത്ത പരാതിയിന്മേലായിരുന്നു അറസ്റ്റും, ദേശ സുരക്ഷയ്ക്കും, അഖണ്ഡതയ്ക്കും പ്രഖ്യാപിത വെല്ലുവിളിയായി തീർന്ന ഒരു ഉഗ്രതീവ്രവാദിയെ എന്നവണ്ണമുള്ള കൈകാര്യം ചെയ്യലും!
ദേശീയത
നാം ഇന്ന് പിന്തുടരുന്ന നേഷൻ സ്റ്റേറ്റ് എന്ന സങ്കല്പം ആധുനികതയുടെ കാലഘട്ടം മുതൽക്ക് മാത്രം നിലവിൽ വരാൻ തുടങ്ങുന്ന ഒന്നാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിന്റെ പ്രായം വെറും ഏഴ് പതിറ്റാണ്ടിനുള്ളിൽ മാത്രമേ വരു. ഇത് ലോക മാനവികതയുടെ സാമൂഹ്യരാഷ്ട്രീയ പരിണാമങ്ങളുടെ ചരിത്രത്തിന്റെ മരണം കുറിക്കുന്ന അന്യൂനമായ ഒരു വ്യവസ്ഥയാണെന്ന് ദേശീയവാദം തിമിരമായി വികസിപ്പിച്ചവർ മാത്രമേ പറയു. പ്രത്യേകിച്ച് ആഗോളവല്ക്കരണം ദേശീയസീമകളെയും, സ്വാശ്രയത്തെ തന്നെയും അപ്രസക്തമാക്കിക്കൊണ്ടിരിക്കുന്ന കാലത്ത്.
ഒരു വശത്ത് ആഗോളവൽക്കരണത്തിനായി ദേശസീമകൾ മത്സരിച്ച് തുറന്നിടുന്ന ഭരണ വർഗ്ഗം തന്നെ മറുവശത്ത് ദേശീയതയെ ഏറ്റവും അക്രമാസക്തമായ രീതിയിൽ വളർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നത് വ്യക്തമായ ചില അജണ്ടകൾ മുൻനിർത്തിയാണ്. തീവ്രദേശീയതയുടെതായ ഒരു പൊതുബോധത്തിന് ദേശത്തെ ഭരണകൂടത്തിൽനിന്ന് വ്യതരിക്തമായി കാണാനുള്ള ശേഷി നഷ്ടമാകുന്നു. അതോടെ ഭരണകൂടത്തിന്റെ, ഭരണത്തലവന്റെ നയങ്ങൾക്കും ആശയങ്ങൾക്കും എതിരായ ഏത് വിമർശനവും ദേശത്തിനെതിരേയുള്ള വിമർശനമായി, ദേശദ്രോഹമായി വായിക്കപ്പെടും. തുടർന്ന് ജനാധിപത്യത്തിൽനിന്ന് ക്രമേണെ പ്രതിപക്ഷം പൂർണമായും ഉച്ചാടനം ചെയ്യപ്പെടും. അങ്ങനെ പൊതുബോധവും, ഭരണകൂട ഉപകരണങ്ങളും, മീഡിയയും, ജുഡീഷ്യറിയും ഒരുപോലെ ഉപയോഗിച്ചുകൊണ്ട് എതിർ ശബ്ദങ്ങളെ തമസ്കരിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്നതിൽ വിജയിക്കുന്നതോടെയാണ് ഒരു ജനാധിപത്യ ഭരണകൂടം ഫാസിസ്റ്റായി മാറുന്നത്. അതിനവർ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നത് ദേശീയത എന്ന സങ്കല്പത്തെയായിരിക്കും എന്നതിന് ചരിത്രത്തിൽ നിരവധി തെളിവുകളുണ്ട്.
ഫാസിസത്തിന്റെ ലക്ഷണശാസ്ത്രം
പ്രശസ്ത ഇറ്റാലിയൻ സാഹിത്യകാരനായ ഉമ്പർട്ടോ എക്കോ തന്റെ ' എറ്റേണൽ ഫാസിസം' എന്ന പ്രശസ്ത ലേഖനത്തിലൂടെ ഫാസിസത്തിന്റെ ചില പൊതു സ്വഭാവങ്ങളെ അക്കമിട്ട് വിവരിക്കുന്നുണ്ട്. അതിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്ന് "Disagreement is treason" എന്നതാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 A എന്ന വകുപ്പിന്റെ സങ്കുചിതവും, ഭാവനാരഹിതവുമായ പ്രയോഗം കൊണ്ട് ഫലത്തിൽ സ്ഥാപിക്കപ്പെടുന്നത് ഭരണകൂടത്തോടുള്ള ഏതൊരെതിർപ്പും വിമർശനവും ദേശദ്രോഹമാണെന്ന ഫാസിസ്റ്റ് ആശയം തന്നെയാണ്. സല്മാൻ തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ പ്രകാശിപ്പിച്ചത് ദേശീയത എന്ന സാംസ്കാരിക ആശയത്തോടുള്ള വിയോജിപ്പും ആരാജകത്വവാദം എന്ന മറ്റൊരു ആശയത്തോടുള്ള താല്പര്യവുമാണ്. അയാൾ ദേശത്തിനെതിരേ കലാപം നയിക്കുകയോ, ഒരു കായിക കലാപത്തിന് ആഹ്വാനം ചെയ്യുകയോ ചെയ്തിട്ടില്ല. പൊതുബോധത്തിന് ദഹിക്കാത്ത ആശയങ്ങളും, വീക്ഷണങ്ങളും ഉണ്ടാവുക എന്നാൽ രാജ്യദ്രോഹിയായിതീരുക എന്നാണോ? സൽമാന്റെ അറസ്റ്റ് ഉയർത്തുന്ന പ്രാഥമികമായ പ്രശ്നം ഇതാണ് .
രണ്ടാമത്തെ പ്രശ്നം ആശയപരമായ വിയോജിപ്പുകളുടെ കായികമായ സാക്ഷാത്കാരമാണ്. ദേശീയത എന്ന ആശയത്തോടുള്ള തന്റെ വിയോജിപ്പിന്റെ കായികമായ സാക്ഷാത്കാരമായിരുന്നു അത് കേൾപ്പിക്കുന്ന വേളയിൽ ബഹുമാന സൂചകമായി എഴുനേറ്റ് നില്ക്കുക എന്ന കൃത്യത്തിൽനിന്നുള്ള മാറി 'ഇരി'ക്കൽ. എന്നാൽ അപ്പോഴും അയാൾ ദേശിയ ഗാനം കേൾപ്പിക്കുന്നതിനെയോ, കേൾക്കുന്നതിനെയോ തടയാൻ ശ്രമിച്ചിട്ടില്ല. എല്ലാവരും എഴുനേറ്റ് നിന്നപ്പോൾ അയാളും സുഹൃത്തുക്കളും ഇരിപ്പ് തുടർന്നു എന്നതാണ് കുറ്റം. വ്യത്യസ്തതകളൊടുള്ള പൊതുസമൂഹത്തിന്റെ ഈ ഭയത്തെയും അസഹിഷ്ണുതയെയുമാണ് ഫാസിസത്തിന്റെ മറ്റൊരു ലക്ഷണമായി എക്കോ എണ്ണുന്നത്.
പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ടിനെ അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിച്ചാൽ സല്മാൻ ചയ്തത് കുറ്റമാണെന്ന് പറഞ്ഞൊപ്പിക്കാം. പക്ഷേ അത്തരം ഒപ്പിക്കലുകൾ ചിന്തിക്കാനും, സ്വതന്ത്രമായി അഭിപ്രായങ്ങൾ രൂപീകരിക്കാനും അവ പ്രകടിപ്പിക്കുവാനുമുള്ള ഭരണഘടനാപരമായ അവകാശവുമായി കലഹിക്കുന്നവയായിരിക്കും എന്ന് മാത്രം. നമ്മുടെ ഭരണഘടനയെ മഹത്തരമാക്കുന്നത് അതിന്റെ സത്താപരമായ പുരോഗമനാത്മകതയാണ്. എന്നാൽ ഈയിടെയായി നിരന്തരം ആവർത്തിച്ചുവരുന്ന അധികാരം ഉപയോഗിച്ചുള്ള ഭരണഘടനാ മൂല്യങ്ങളുടെ ദുർവ്യാഖ്യാനങ്ങളും, വളച്ചൊടിക്കലും അതിന് കിട്ടുന്ന പൊതുസമ്മതിയും നമ്മുടെ ജനാധിപത്യബോധത്തിന്റെ വളർച്ചയുടെ ദിശയെക്കുറിച്ച് ശുഭകരമായ സൂചനകളല്ല തരുന്നത്.
എവിടെയും എന്തിലും ഒരു ഗൂഢാലോചനാ ഗന്ധം!
ഉംബർട്ടോ എക്കോ മുന്നോട്ട് വയ്ക്കുന്ന Obsession with a plot and the hyping-up of an enemy threat എന്ന ഫാസിസ്റ്റ് സ്വഭാവവിശേഷമാണ് ഒരുപക്ഷേ വർത്തമാന ഭാരതത്തിന്റെ ഹിന്ദുത്വപൊതുബോധനിർമ്മിതിയുടെ ആണിക്കല്ല്. ദശാബ്ദങ്ങൾ നീണ്ട ആസൂത്രണത്തിലൂടെ ഹിന്ദുത്വ ഹെജമണി നമുക്ക് ഒരു ശത്രുവിനെ ഉണ്ടാക്കി തന്നു. അതാണ് ഇസ്ലാം. കേരളത്തെ സംബന്ധിച്ചിടത്തോളം സാംസ്കാരിക തലത്തിൽ അതിന്റെ വേരുകൾക്ക് ആശാനോളം ആഴമുണ്ട്. അദ്ദേഹത്തിന്റെ ദുരവസ്ഥ എന്ന കവിത അതിനൊരു ഉദാഹരണമാണ്. ഇസ്ലാമോഫോബിയ അമൂർത്തമായ ഒരു സംസ്കാരിക രോഗമാണെങ്കിൽ അതിനെ മൂർത്തവൽക്കരിക്കാൻ പറ്റിയ നല്ലൊരു ശത്രുവിനെ വിഭജനം ഹിന്ദുത്വ വാദികൾക്ക് സംഭാവന ചെയ്തു. അതാണ് പാക്കിസ്ഥാൻ. ഉത്തരാധുനികതയിലേയ്ക്ക് കടന്നതോടെ പാക്കിസ്ഥാനിൽനിന്നും, അഫ്ഗാനിസ്ഥാനിൽനിന്നും, ഇറാനിൽ നിന്നും, സൗദിയിൽ നിന്നും ഒക്കെയായി മുസല്മാൻ എന്ന സാമാന്യവൽക്കരിക്കപ്പെട്ട ശത്രു സ്വരൂപത്തിന് വ്യക്തി തലത്തിലും സംഘടനാ തലത്തിലും നിരവധി മൂർത്തമായ രൂപങ്ങൾ സംഭാവനചെയ്തു പാൻ ഇസ്ലാം എന്ന മറ്റൊരു ഫാസിസ്റ്റ് ഹെഗമണി.
പരസ്പരാശ്രയത്തോടെ വളരുന്ന ഈ ഫാസിസ്റ്റ് വ്യവസായം ( കൃത്യമായ അർത്ഥത്തിൽ ഫാസിസം എന്നത് കോർപ്പറേറ്റിസമാണെന്ന് പറഞ്ഞത് സാക്ഷാൽ മുസ്സോളിനിയാണ്) കോർപ്പരെറ്റ് വിപണി തലത്തിൽ ശത്രുവെന്ന ഈ സ്വന്തം ഉത്പന്നത്തെ അവരുടെ തന്നെ ഇതര ഉല്പന്നങ്ങളുടെ വിപണനത്തിന് ഒരു ത്വരകമായി ഉപയോഗിക്കുന്നു. ആയുധ വ്യാപാരം തൊട്ട് ആണവനിലയങ്ങൾ വരെ വ്യാപിക്കുന്നു ഈ വ്യവസായ ശൃംഖല. രാഷ്ട്രീയമായ അധികാരതലത്തിലാവട്ടെ അവർ ഇതിനെ ഉപയോഗിക്കുന്നത് ഭരകൂട ഭീകരതയ്ക്ക് ദേശസുരക്ഷ മുൻനിർത്തി ഒരു അനുകൂല സാംസ്കാരിക യുക്തിയുണ്ടാക്കാനും, അതുപയോഗിച്ച് അവരുടെ മറ്റ് താല്പര്യങ്ങൾ ഒളിച്ച് കടത്താനുമാണ്. അതിനുവേണ്ടി അവർ ശത്രു എന്ന രൂപകത്തെ ചില ബിംബങ്ങളിലേയ്ക്ക് വികസിപ്പിക്കുന്നു." ക്രൂര മുഹമ്മദർ" എന്ന രൂപകം പതുക്കെ പതുക്കെ താടി, തൊപ്പി, തലക്കെട്ട് തുടങ്ങിയ ബിംബങ്ങളിലേയ്ക്ക് ക്രൂരതയുടെ, ദേശദ്രോഹത്തിന്റെ, വിശ്വാസ വഞ്ചനയുടെ പ്രതിനിധാനങ്ങളെ പ്രതീകവൽക്കരിച്ച് ഉറപ്പിക്കുന്നു.
ഇത് തന്നെയാണ് സല്മാന് ജാമ്യം നിഷേധിക്കുവാനായി ഭരണകൂടം കണ്ടെത്തിയ, അയാളെ ചില താടിക്കാർ നിരന്തരം സന്ദർശിക്കാറുണ്ട് എന്ന വാദത്തിന്റെയും അത് അംഗീകരിച്ച് അയാൾക്ക് നീതി നിഷേധിച്ച നീതി പീഠത്തിന്റെയും യുക്തി. ലല്ലു പ്രസാദ് യാദവിനും റാബരീ ദേവിക്കുമെതിരേ ദേശീയ ഗാനത്തോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് എടുത്ത കേസ് തള്ളിക്കൊണ്ട് 2005 ഇൽ ബീഹാറിൽ വന്ന കോടതിവിധിയിലെ പരാമർശം ഓർക്കുക:
"being seated during a national anthem, however seemingly repugnant, is not a crime against the law"
എന്നാലിന്ന് സല്മാന് ജാമ്യം നിഷേധിച്ചുകൊണ്ട് പ്രബുദ്ധ കേരളത്തിലെ ഒരു ജഡ്ജി നടത്തിയ പരാമർശം അയാൾ ചെയ്തത് കൊലപാതകത്തിലും വലിയ കുറ്റമാണെന്നാണ്. ഒൻപത് വർഷങ്ങൾ കൊണ്ട് നമ്മുടെ നീതിബോധം മുഴുവനായി കീഴ്മേൽ മറിഞ്ഞോ അതോ മുസ്ലിം നാമധാരികൾക്ക് മാത്രമാണോ ഈ പുതിയ നീതി ബാധകം?
ഏകീകൃത സിവിൽ കോഡ് അഥവാ ഹിന്ദുവിനും മുസ്ലീമിനും രണ്ട് ശിക്ഷാ നിയമം!
സല്മാന് എതിരേ ചുമത്തപ്പെട്ട മൂന്ന് കുറ്റങ്ങളിൽ ആദ്യത്തേത് ദേശനിന്ദയാണ്. അതിന് നിദാനമായത് ദേശീയ ഗാനം കേട്ടിട്ട് എഴുനേൽക്കാതിരുന്നു എന്നതും. പക്ഷേ ഈ 'ദേശദ്രോഹ' വൃത്തിയിൽ അയാൾക്കൊപ്പം വേറെയും അഞ്ച് പേർ കൂടി പങ്കാളികളായി ഉണ്ടായിരുന്നു എന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അവർക്ക് പിന്നെ എന്ത് സംഭവിച്ചു? അവർ ആരും അറസ്റ്റ് ചെയ്യപ്പെട്ടതായി ഒരു മാദ്ധ്യമവും റിപ്പോർട്ട് ചെയ്ത് കണ്ടില്ല. പേരുകൾ പോലും വെളിപ്പെട്ടിട്ടില്ല. ഒരേ കുറ്റം ചെയ്ത ആറുപേരിൽ ഒരാളെ മാത്രം കുറ്റക്കാരനായിക്കണ്ട് അറസ്റ്റ് ചെയ്യുന്നതിന്റെ യുക്തി എന്താണ്? ദേശീയ ഗാനം കേട്ടിട്ടും എഴുനേൽക്കാതിരിക്കുന്നത് നികൃഷ്ടമായി കാണപ്പെടാമെങ്കിലും നിയമപരമായി ഒരു കുറ്റകൃത്യമല്ല എന്ന് കണ്ടെത്തിയ നീതിപീഠത്തിന്റെ ജനാധിപത്യബോധം ഒൻപത് വർഷങ്ങൾക്ക്ശേഷം അതേ കൃത്യം കൊലപാതകത്തെക്കാൾ ഹീനമായ കുറ്റകൃത്യമായി വിധിക്കുമ്പോൾ അതിനുപിന്നിലെ യുക്തി എന്താണ്?
ഉത്തരം പ്രകടമാണ്. അത് തന്നെയാണ് ഒരു ഫാസിസ്റ്റ് ഭരണകൂടം ആഗ്രഹിക്കുന്നതും. ഹിറ്റ്ലർ യഹൂദന്മാരെ വേട്ടയാടിയത് മറ്റെന്തെങ്കിലും ഭരണകൂട ഭാഷ്യങ്ങൾ ചമച്ച് അതിന്റെ മറവിലായിരുന്നില്ല. ആഗോള വൽക്കരണാനന്തര നവ ഫാസിസത്തിന് ആ വഴി പ്രത്യക്ഷമായി പിന്തുടരനാവില്ല. അവർ അത് പ്രത്യക്ഷമായി സമ്മതിക്കുകയുമില്ല. എന്നാൽ സന്ദേശം ഏത് അന്ധനും വായിച്ചെടുക്കാനാവുംവിധം പ്രകടമായിരിക്കുകയും ചെയ്യും. അത് ഹിന്ദു രാഷ്ട്രത്തിൽ ഹിന്ദുവിനും മുസല്മാനും ഒരേ നീതി ആയിരിക്കില്ല എന്നത് തന്നെയാണ്.
ആദ്യത്തെ കൈവിലങ്ങ് ആരെ അണിയിക്കാൻ?
ഹിന്ദുവിനെയും മുസ്ലീമിനെയും വിപരീത ദ്വന്ദ്വങ്ങൾ ആയി നിർവചിക്കുക എന്നത് ഇന്ന് ഹിന്ദുത്വ ഹെഗമണിയുടെ ലക്ഷ്യമൊന്നുമല്ല.കാരണം അവർ അത് നേരത്തെ സാധിച്ചുകഴിഞ്ഞു. കേരളത്തിൽ സല്മാന്റെയും, കർണ്ണാടകയിൽ ജാബീർ ഖാന്റെയും അറസ്റ്റ് അത്തരം ഒരു ദ്വന്ദ്വനിർമ്മിതിക്കും അപ്പുറത്തേയ്ക്കാണ് ലക്ഷ്യം വയ്ക്കുന്നത്. മുൻപ് പറഞ്ഞ "Disagreement is treason" എന്ന ഫാസിസ്റ്റ് ആശയത്തെ പൊതുബോധത്തിൽ ഉറപ്പിക്കുക എന്നതാണ് ആ ലക്‌ഷ്യം. നമ്മുടെ നവ ഫാസിസ്റ്റ് ഭരണകൂടം തീർത്ത് വച്ച ആദ്യത്തെ കൈവിലങ്ങ് പണ്ടേ അവർ കാൽചങ്ങയും കൂച്ചുവിലങ്ങും അണിയിച്ചുകഴിഞ്ഞ ന്യൂനപക്ഷങ്ങൾക്കായല്ല. അത് ഭൂരിപക്ഷസമുദായമെന്ന് ഭരണകൂടം എണ്ണുന്ന സമുദായത്തിലെ സ്വതന്ത്ര യുക്തിയെ അണിയിക്കുവാനുള്ളതാണ്.
നിഷേധമെന്ന സാംസ്കാരിക പ്രക്രിയയിൽ പങ്കാളികളായ ഒരു കൂട്ടത്തിൽനിന്ന് ചിലരെ മാത്രം കുറ്റക്കാരാക്കുകയും, മറ്റുള്ളവരെ അർത്ഥഗർഭമായ നിശബ്ദതയോടെ വെറുതെ വിടുകയും ചെയ്യുന്ന ഭരണകൂടം അവർ തങ്ങളുടെ കൂടെ നിർത്താനാഗ്രഹിക്കുന്ന ഭൂരിപക്ഷവിഭാഗത്തിലെ വിപ്ലവകാരികൾക്ക് മേൽ പരോക്ഷമായ ഒരുതരം വിധേയത്വത്തിന്റെ വല നെയ്യുകയാണ് ചെയ്യുന്നത്. സല്മാനോടൊപ്പം തിരുവനന്തപുരത്തെ തീയറ്ററിൽ ഉണ്ടായിരുന്ന, അയാൾ ചെയ്ത കൃത്യത്തിൽ പങ്കാളികളായിട്ടും വെറുതേ വിടപ്പെട്ട ആ അഞ്ച് പേരും, ആ കർമ്മത്തിൽ ശരീരം കൊണ്ട് പങ്കാളികൾ ആയില്ലെങ്കിലും ആശയപരമായി അതിനോട് യോജിപ്പുള്ളവരും അടങ്ങുന്ന ഒരു വലിയ സമൂഹം അവർ ആഗ്രഹിച്ചാലും ഇല്ലെങ്കിലും ഭരണകൂടം വച്ചുനീട്ടുന്ന ആനുകൂല്യം പറ്റി മാത്രം സ്വതന്ത്രരായി തുടരുന്നവരാണ്. കുടുംബജീവിതം , തൊഴിൽ തുടങ്ങിയ നിരവധി സ്ഥാപനങ്ങളിലൂടെ ഭരണകൂടം മനുഷ്യനുമേൽ നടത്തുന്ന മെരുക്കലെന്ന അധികാരക്രിയയ്ക്ക് പുറത്ത് സ്വാതന്ത്ര്യം യുവത്വത്തിന് കൊടുക്കുന്ന വിപ്ലവകരമായ നിഷേധക്ഷമതയെ അധികാരത്തിനോടുള്ള കടപ്പാട് തിരുകി കയറ്റി മുളയിലേ നുള്ളിക്കളയുക എന്നതാണ് ഈ ആനുകൂല്യത്തിനുപിന്നിലുള്ള അജണ്ട. അതുകൊണ്ട് തന്നെ സല്മാനും, ജാബിർ ഖാനും,പേരറിയാത്ത മറ്റനേകം മനുഷ്യരും അന്യായമായി തടങ്കലിൽ കിടക്കുമ്പോൾ ഭരണകൂടവിധേയത്വത്തിന്റെ ധാർമ്മികവേദനയും അപമാനവും അനുഭവിക്കാതെ ഒരു മതേതര പുരോഗമനവാദിക്കും തന്റെ സ്വാതന്ത്ര്യത്തെ നോക്കികാണാനാവില്ല.
നഷ്ടപ്പെടുവാനില്ലൊന്നും ഈ കൈവിലങ്ങുകളല്ലാതെ...
കമ്യൂണിസ്റ്റ് ഗൃഹാതുരസ്മരണകളിൽനിന്ന് പൊടുന്നനേ പൊന്തിവന്ന ഒരു മുദ്രാവാക്യമല്ല ഇത്. നവ ഫാസിസത്തിന്റെ ഈ കാലഘട്ടത്തിൽ ഒരു സ്വതന്ത്ര മനുഷ്യനും അങ്ങനെ പറയാനുമാവില്ല. കാരണം നിങ്ങളിൽ ഇനിയും കൈവിലങ്ങ് വീണിട്ടില്ല എന്നതും അതിൽനിന്ന് നിങ്ങൾ ഒഴിവാക്കപ്പെടുന്നു എന്നതും പലപ്പോഴും തിരിച്ചറിയൽ രേഖകൾ പ്രകാരം നിങ്ങൾ ഭരണകൂടതാല്പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒരു സ്വത്വ വിഭാഗത്തിൽ പെടുന്നു എന്നതുകൊണ്ടാണ് എന്നത് തന്നെ. അതായത് നിങ്ങളുടെ എല്ലാ മേധാശക്തിക്കും അപ്പുറം നിങ്ങൾ ഭരണകൂട വിധേയത്വത്തിന്റെ കൈവിലങ്ങുമായാണ് പിറക്കുന്നത് എന്ന്. ആ അർത്ഥത്തിൽ ഇനിയും രേഖകളിലെങ്കിലും ഹിന്ദുവായിരിക്കുന്ന ഒരോ മനുഷ്യനും സല്മാൻ, ജാബിർ ഖാൻ എന്നീ യുവാക്കൾ , മദനി എന്ന മധ്യവയസ്കൻ, കുറ്റവാളിയെന്ന് തെളിയിക്കാൻ പോലും മെനക്കെടാതെ പൊതുബോധത്തെ തൃപ്തിപ്പെടുത്താനായി ഭരണകൂടം കൊന്ന അഫ്സൽ ഗുരു എന്ന പരേതൻ തുടങ്ങിയ നിരവധി മനുഷ്യർ കടന്നുപോയ അനീതികളുടെ ചരിത്ര പുസ്തകത്തിന്റെ രചനയ്ക്ക് പരോക്ഷമായി റോയല്ടി കൈ പറ്റുന്നുണ്ട്.
ലജ്ജയുണ്ട്, ഇവിടെ ഇനിയും ഒരു ഹിന്ദുപേരുമായി ജീവിക്കുന്നതിൽ.