മലപ്പുറം: മുസ്ലിംലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവും വെല്ലുവിളിയും ഉയർത്തുന്ന ഖമറുന്നിസയുടെ മകൻ അസ്ഹറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു. ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റാണ് ഇതിനോടകം ചർച്ചാ വിഷയമായിരിക്കുന്നത്. 'ലീഗുകാരാ നിനക്ക് ചൊറിയേണ്ട ഒരു ആവശ്യവുമില്ല. മുസ്ലിം എന്ന പേരു വച്ച് മുസ്ലിമിനു നിഷിദ്ധമാക്കിയ മദ്യപാനവും വ്യഭിചാരവും സ്വവർഗ രതിയും ചെയ്യുന്ന നിന്റെ നേതാക്കന്മാരുടെ ലിസ്റ്റ് തന്നെ തരാം..ആരെയെങ്കിലും ഇന്നുവരെ അനിസ്ലാമിക കാര്യങ്ങൾ ചെയ്തതിനു ലീഗ് പുറത്താക്കിയിട്ടുണ്ടോ..?' തറക്കുന്ന ചോദ്യങ്ങൾ ലീഗ് നേതൃത്വത്തിനു നേരെ ഉയർത്തുന്നതാണ് ഫേസ്‌ബുക്കിലെ വരികൾ.

ബിജെപിക്ക് സംഭാവന നൽകി പുകഴ്‌ത്തി സംസാരിച്ചതിന്റെ പേരിൽ ഖമറുന്നിസ അൻവറിനെ സംസ്ഥാന വനിതാലീഗ് അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയതോടെയാണ് അസ്ഹറിന്റെ പോസ്റ്റ് ചർച്ചയായിരിക്കുന്നത്. പാണക്കാട് തങ്ങന്മാരുടെ വീട്ടിൽ ആര് സമീപിച്ചാലും ഇതു തന്നെയാണ് ചെയ്യുകയെന്നും പിന്നെ ഇവിടെ എന്ത് വ്യത്യാസമാണുള്ളതെന്ന് അസ്ഹർ ചോദിക്കുന്നു. അനിസ്ലാമിക കാര്യങ്ങൾ ചെയ്തതിന് ഇന്നേവരെ ആരെയെങ്കിലും പുറത്താക്കിയിട്ടുണ്ടോയെന്ന് പോസ്റ്റിൽ ചോദിക്കുന്നു. പുറത്താക്കിയത് ആകെ സേട്ടു സാഹിബിനെ മാത്രമാണെന്നും അത് എന്തിനാണെന്ന് അറിയാമല്ലോയെന്നും പോസ്റ്റിൽ കുറിക്കുന്നു. ചൊറിയുന്ന ലീഗുകാരാ വാ തെളിവു സഹിതം നിന്റെ നേതാക്കന്മാരെ പൊളിച്ചടക്കിത്തരാം.. എന്ന വെല്ലുവിളിയോടെയാണ് അസ്ഹർ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഖമറുന്നിസക്കെതിരെയുള്ള നടപടിയെടുത്ത വിവരം സംസ്ഥാന സെക്രട്ടറി കെപിഎ മജീദാണ് പുറത്തു വിട്ടത്. കഴിഞ്ഞ ദിവസം ഖമറുന്നിസയുടെ മാപ്പി സ്വീകരിച്ചിരുന്നുവെങ്കിലും ഇന്ന് സ്ഥാനത്ത് നിന്ന് പുറത്താക്കുകയായിരുന്നു. ഖമറുന്നിസക്കെതിരെയുള്ള നടപടി പ്രഖ്യാപനം വന്നതോടെയാണ് അസ്ഹറിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. അസ്ഹറിനെ എതിർത്തും വിമർശിച്ചും നിരവധി മുസ്ലിംലീഗ് പ്രവർത്തകർ കമന്റുമായെത്തിയെങ്കിലും അസ്ഹറിനു പിന്തുണ ഏറി വരികയാണ.

മുമ്പും നിരവധി ലീഗ് നേതാക്കൾ ബിജെപിയുടെ വേദി പങ്കിട്ടും ആലിംഗനം നടത്തുകയും ചെയ്തിട്ടുണ്ടെന്നും എന്തുകൊണ്ട് ഇവർക്കെതിരെ നടപടിയില്ലെന്നും പോസ്റ്റിനു താഴെ നിരവധി കമന്റുകൾ വന്നു. സാദിഖലി ശിഹാബ് തങ്ങൾ ബാബാ രാംദേവിനെ കോഴിക്കോട് നടന്ന പരിപാടിയിൽ ആലിംഗനം ചെയ്തതു മുതൽ ഹൈദരലി തങ്ങൾ ബിജെപിയുടെ സമരപന്തൽ സന്ദർശിച്ച് വിവി രാജേഷിനു കൈകൊടുത്ത സംഭവങ്ങൾ വരെ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായി. എം.കെ മുനീർ, അബ്ദുസ്സമദ് സമദാനി, എൻ ഷംസുദ്ദീൻ, കെ.എം ഷാജി തുടങ്ങിയവരുടെ ബിജെപിയെ കുറിച്ചുള്ള കഴിഞ്ഞ കാല പരാമർശങ്ങളും വേദിപങ്കിടലുമെല്ലാം ഇതോടെ ചർച്ചയായിരിക്കുകയാണ്.

ഡോ.ഖമറുന്നിസ അൻവറിന്റെ മൂന്ന് മക്കളിൽ മൂത്ത മകനാണ് അസ്ഹർ. കോഴിക്കോട് സ്ഥിരതാമസമാക്കിയ അസ്ഹർ ബിസിനസുകാരനാണ്. അസ്ഹർ ഫേസ്‌ബുക്കിൽ കുറിച്ചതിനു പുറമെ ബാബാ രാംദേവിനൊപ്പം സാദിഖലി തങ്ങൾ നിൽക്കുന്ന ഫോട്ടോയും ഖമറുന്നിസ വിഷയത്തിൽ ലീഗിനെതിരെയുള്ള പോസ്റ്റുകളും ഷെയർ ചെയ്തതായി കാണാം. ലീഗിനെതിരെ കടുത്ത ഭാഷയിലാണ് അസ്ഹർ വെല്ലുവിളിയുമായെത്തിയത്.

അസ്ഹറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെയാണ്:

'കമറുന്നിസ അൻവർ ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്തു, ചെറിയ ഒരു സംഘ്യ കൊടുത്തു ബിജെപിയുടെ.... പാണക്കാട് തങ്ങന്മാർ ഇതേ പരിപാടി ആരു സാമ്പത്തിക പ്രശ്നം പറഞ്ഞു ചെന്നാലും ഒരു ചെറിയ സംഘ്യ കൊടുത്തു പരിഹരിക്കാൻ തുടക്കമിടുന്നു. ആരു ചെന്നാലും... എന്താ വ്യത്യാസം? ലീഗ്കാരാ നിനക്കു ചൊറിയേണ്ട ഒരു ആവശ്യവുമില്ല. മുസ്ലിം എന്ന പേരു വച്ചു മുസ്ലിമിനു നിഷിദ്ധമാക്കിയ മദ്ധ്യപാനവും വ്യഭിചാരവും സ്വർഗ്ഗ രതിയും ചെയ്യുന്ന നിന്റെ നേതാക്കന്മാരുടെ ലിസ്റ്റ് തന്നെ തരാം, ആരെ എങ്കിലും ഇന്നുവരെ അനിസ്ലാമിക കാര്യങ്ങൾ ചെയ്തതിനു ലീഗ് പുറത്താക്കിയിട്ടുണ്ടോ? പുറത്താക്കിയത് സേട്ട് സാഹിബിനെ മാത്രം, എന്തിനാന്നറിയല്ലോ? ചൊറിയുന്ന ലീഗ് കാരാ വാ, തെളിവ് സഹിതം നിന്റെ നേതാക്കന്മാരെ പൊളിച്ചെടുക്കിത്തരാം.'