കോഴിക്കോട്; നടി സുരഭിലക്ഷ്മി കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോയിലെ ജൂനിയർ ആർടിസ്റ്റ് കോഴിക്കോട് മുഴിക്കൽ നമ്പ്യാംപുനത്തിൽ സ്വദേശി മഠത്തിൽകുന്നുമ്മൽ വീട്ടിൽ അഷറഫ്. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് സുരഭി ലക്ഷ്മി താൻ സ്ഥിരമായി ഡീസലടിക്കുന്ന പെട്രോൾ പമ്പിലെ ജീവനക്കാരനോട് സംസാരിക്കുന്ന വീഡിയോ ഫേസ്‌ബുക്കിൽ പങ്കുവെച്ചത്.

പെട്രോൾ പമ്പിലെ യൂണിഫോമിൽ തന്നെ സംസാരിക്കുന്നയാൾ താനൊരു ജൂനിയർ ആർടിസ്റ്റായിരുന്നു എന്നും കാലാപാനി, ഗോഡ്ഫാദർ, ഏകലവ്യൻ എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എന്നും പറയുന്നുണ്ട്. സുരഭി അദ്ദേഹം അഭിനയിച്ച സിനിമയിലെ സീനുകളും ഉൾപ്പെടുത്തിയാണ് പിന്നീട് വീഡീയോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്.

വീഡിയോ വൈറലായതിന് ശേഷം എല്ലാവരും അന്വേഷിക്കുന്നത് ആരാണ് ഈ വ്യക്തി എന്നായിരുന്നു. കോഴിക്കോട് എൻജിഒ ക്വോർട്ടേഴ്സിന് സമീപത്തെ പെട്രോൾ പമ്പിലെ ജീവനക്കാരനാണ് അഷറഫ്. സിനിമയോടുള്ള താത്പര്യം കാരണം ജൂനിയർ ആർടിസ്റ്റായും പ്രൊഡക്ഷൻ സഹായിയുമൊക്കെയായി ഇരുപതോളം സിനിമകളിൽ അഷറഫ് പ്രവർത്തിച്ചിട്ടുണ്ട്.

എന്നാൽ ജീവിത പ്രാരാബ്ധങ്ങൾ കാരണം സിനിമ മോഹം ഉപേക്ഷിച്ച് ഗൾഫിലേക്ക് പോവുകയായിരുന്നു. 12 വർഷം ഗൾഫിൽ ജോലി ചെയ്തതിന് ശേഷം നാട്ടിലെത്തിയ അഷറഫ് ഇപ്പോൾ പെട്രോൾ പമ്പിലെ ജീവനക്കാരനാണ്. എങ്കിലും സിനിമ മോഹം ഉപേക്ഷിച്ചിട്ടില്ല. അവസരം ലഭിച്ചാൽ ഇനിയും അഭിനയിക്കുമെന്നാണ് അഷറഫ് പറയുന്നത്.

കോഴിക്കോട് മഹാറാണി കേന്ദ്രകരിച്ചുണ്ടായിരുന്ന സിനിമ സംഘം ഇപ്പോൾ സജീവമല്ലാത്തതിനാലാണ് തന്നെപ്പോലുള്ളവർക്ക് ഇപ്പോൾ അവസരം കുറയുന്നത് എന്നാണ് അഷറഫിന്റെ പരിഭവം. മാത്രമല്ല പഴയകാലത്തെ സംവിധായകർ ഇപ്പോൾ വർഷത്തിൽ ഒന്നോ രണ്ടോ സിനിമകളെ എടുക്കുന്നുള്ളൂ എന്നും അതുകൊണ്ട് അവസരം ലഭിക്കാൻ ബുദ്ധിമുട്ടാണെന്നും അഷറഫ് പറയുന്നു.

എന്നാൽ സുരഭിലക്ഷ്മി പങ്കുവെച്ച വീഡിയോ വൈറലായതോടെ അവസരങ്ങൾ തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് ഈ കലാകാരൻ. ഭാര്യ മുംതാസ്, മക്കളായ അൻഷിദ ഫാത്തിമ, അൻഷാദ്, മരുമകൻ ടി.പി. കബീർ തുടങ്ങിയവരെല്ലാം അഷറഫിന്റെ സിനിമ മോഹത്തിന് പിന്തുണ നൽകുന്നുണ്ട്.