കേരളത്തിൽ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഗ്രേഡിന് പകരം മാർക്കുള്ള കാലത്ത് എല്ലാ വിഷയങ്ങളിലും മിനിമം 10 മാർക്കും ഒട്ടാകെ 180 മാർക്കും നേടിയ കുട്ടിക്ക് 30 മാർക്ക് മോഡറേഷൻ നൽകി ജയിപ്പിച്ച കാലം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് തുടർന്ന് മൂല്യ നിർണ്ണയത്തിന്റെ ഭാഗമായി ജൂൺ ഒന്നിന് തുടങ്ങി കുട്ടിയുടെ പലവിധ പ്രവർത്തനങ്ങളുടെ ഭാഗമായി (സെമിനാർ,പ്രബന്ധങ്ങൾ, മറ്റു പ്രവർത്തി പരിചയങ്ങൾ) 20% മാർക്ക് സിഇ മാർക്കായി നൽകി കൂടുതൽ കാര്യക്ഷമമായിട്ട് കുട്ടിക്ക് മാർക്ക് കിട്ടുന്നതിൽ എന്താണ് 'വാരിക്കോരി കൊടുക്കൽ'?

സർവ്വകലാശാല തലങ്ങളിലും കോളേജ് തലങ്ങളിലും ഇന്റേണൽ മാർക്കുകൾ നൽകാതെയും കുട്ടികളെ പീഡിപ്പിക്കുന്ന പരാതികൾ സർവ്വകലാശാലകളിൽ പതിവാകുമ്പോഴാണ് പ്രവർത്ത മികവിന്റെ അടിസ്ഥാനത്തിൽ 20ഉം ചുരുങ്ങിയത് 18 മാർക്കും നൽകണമെന്ന വിധത്തിൽ കുട്ടികളെ കൂടുതൽ ആത്മവിശ്വാസമുള്ളവരും വിജയികളുമാക്കുന്നത്. 40% കുട്ടികൾ പരാജയപ്പെട്ടാൽ അതിൽ ചുരുങ്ങിയത് 10 കുട്ടികളെങ്കിലും ആത്മാഹത്യ ചെയ്താൽ സന്തേഷിക്കുമോ ഈ വിജയങ്ങളെ വിമർശിക്കുന്നവർ? എസ്.എസ്.എൽ.സി റിസൾട്ട് അറിഞ്ഞതിന് ശേഷം ആത്മാഹത്യാ വാക്കുകൾ നമ്മുടെ നമ്മുടെ നാട്ടിൽ പതിവായി കേട്ടിരുന്നിടത്ത് ഇന്ന് ആ വാർത്തകളില്ല. കുട്ടികളെല്ലാം സന്തോഷവാന്മ്മാരാണ്. എല്ലാവരും പഠിക്കട്ടെ വിജയിക്കട്ടെ മിടുക്കരാവട്ടെ. 1972-73 വർഷത്തിൽ ഒന്ന് മുതൽ എട്ട് വരെയുള്ള വിദ്യാർത്ഥികളെ ഓൾ പാസ്സ് നൽകാൻ തീരുമാനിച്ചു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ്കുട്ടിയുടെ പേരിൽ 'ചാക്കീരി പാസ്സ്' എന്നത് വിമർശനപരമായി പിന്നീട് അറിയപ്പെട്ടു. എന്നാൽ ഇന്ന് ദേശീയ വിദ്യാഭ്യാസ അവകാശ നിയമം വഴി ഒന്നു മുതൽ എട്ട് വരെ ഓൾ പാസ്സ് എന്ന് തീരുമാനമായി. അപ്പോൾ ചാക്കീരി പാസ്സിന് ദേശീയ അംഗീകാരം കിട്ടി. കേരളത്തിന്റെ വിദ്യാഭ്യാസ വഴിയെ പിന്നീട് പല സംസ്ഥാനങ്ങളും കേന്ദ്രവും വരുന്നതാണ് ഇപ്പോൾ നാം കാണുന്നത്.

മികവുള്ളവർ തമ്മിലാണ് മത്സരം. അവിടെ കൂടുതൽ മികവുള്ളവർ ആദ്യം വിജയിക്കും ബാക്കിയുള്ളവർ തൊട്ടടുത്തായി വിജയിക്കും. എ.പ്ലസ് മാർക്കോടെ വിജയിച്ചവർക്ക് അതേ സ്‌കൂളിൽ +2 പഠിക്കാൻ കഴിയാത്ത സാഹചര്യം നമ്മുടെ സംസ്ഥാനത്തുണ്ട്. എപ്ലസ്,എ,ബിപ്ലസ് തുടങ്ങിയ ഗ്രേഡുകാർക്കാണ് മികച്ച സ്‌കൂളിൽ +1 പ്രവേശനം സാധ്യമാകൂ. അല്ലാത്തവർ അതിൽ താഴെ മികവുള്ള വിദ്യാലയങ്ങളിൽ പഠിക്കാൻ വിധിക്കപ്പെടുന്നു. പരാജപ്പെട്ട് റിപ്പീറ്റ് ചെയ്യുന്നതിനെക്കാൾ നല്ലതാണ് തുടർപഠനത്തിന് യോഗ്യത നേടി വിജയിക്കുന്നത്. പോളിയോ ഐ.ടി.ഐയോ അങ്ങിനെ മറ്റേതെങ്കിലും തെരഞ്ഞെടുത്ത് ജോലി നേടാൻ അത് ഉപകരിക്കും. അതല്ല അവർ ട്യൂട്ടോറിയിൽ പോയി പഠിച്ചേ ഒക്കൂ എന്നാണ് വിമർശകർ ആഗ്രഹിക്കുന്നത്. നിങ്ങൾ ട്യൂട്ടോറിയൽ ഉടമസ്ഥ സംഘം സംസ്ഥാന ഭാരവാഹികളാണോ?. 99% സി.ബി.എസ്.ഇ വിജയശതമാനമുണ്ടായ കഴിഞ്ഞ വർഷം ഇക്കൂട്ടരുടെ വിമർശമനമില്ല. സാധാരണക്കാരുടെ കുട്ടികൾ ഊണും ഉറക്കവും ഒഴിച്ച് രാത്രികാല സ്‌പെഷ്യൽ സ്‌കൂളുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയും അദ്ധ്യാപകരുടെയും പി.ടി.എയുടെയും അധ്വനാത്തിലൂടെ വിജയശതമാനം ഉയർന്നാൽ നിലവാരമില്ലെന്ന് ആക്ഷേപം. ഉന്നത വിദ്യാഭ്യാസ വിചക്ഷരർ, കരിക്കുലം കമ്മറ്റി, ഉദ്യോഗസ്ഥർ, നിയമസഭ മന്ത്രിസഭ ഇവരൊക്കെ തീരുമാനിക്കുന്നതനുസരിച്ച് പഠിക്കാനും അതിൽ വിജയിക്കാനുമാണ് കുട്ടികൾക്ക് കഴിയുക. അല്ലാതെ കുട്ടികൾ തീരുമാനിച്ച് അവർ തന്നെ സിലബസുണ്ടാക്കി പരീക്ഷയെഴുതി വിജയിക്കുകയല്ല.

മാറ്റങ്ങൾ വേണമെങ്കിൽ കൂട്ടായ ചർച്ചയും ബദൽ നിർദേശവും വേണം. നിലവിലുള്ളതിന്റെ പോരായ്മകൾ ആക്ഷേപമായി വരുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. പത്ത് വർഷത്തെ പരീക്ഷണം തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ടാൽ തിരുത്തണം. അല്ലാതെ സിലബസും പഠനരീതിയും പരീക്ഷയും നടത്തിയിട്ട് ഫലം വരുമ്പോഴുള്ള ഈ 'നെറ്റി ചുളിക്കൽ' അത്ര നല്ലതല്ല.

പരീക്ഷാ ഫലപ്രഖ്യാപനത്തിൽ ശ്രദ്ധയും അവദാനതയും വേണ്ടിയിരുന്നു. എവിടെയാണ് പിഴവുണ്ടായതെന്ന് അന്വേഷണം നടത്തി കണ്ടുപിടിക്കണം. അവരെ മാതൃകാപരമായി ശിക്ഷിക്കണം. ഉദ്യോഗസ്ഥ അട്ടിമറുയുണ്ടോ? ഉദ്യോഗസ്ഥർ തമ്മിലുള്ള നിസ്സഹകരണമുണ്ടോ? തെരഞ്ഞെടുപ്പ് വർഷമായതിനാൽ ബോധപൂർവ്വമുള്ള താമസം വരുത്തിച്ചോ? രാഷ്ട്രീയ പകപോക്കലുണ്ടോ? എന്നിവയെല്ലാം അന്വേഷിക്കണം.

മൂല്യ നിർണ്ണയ ക്യാമ്പിന്റെ പ്രവർത്തനം, ഫലം അപലോഡ് ചെയ്തതിലെ വീഴ്ച, ഗ്രേസ് മാർക്ക് ചേർക്കാൻ കഴിയാത്തത്, പരീക്ഷാ ഭവനിലെ സിസ്റ്റം അനലിസ്റ്റിന്റെ പരിചയക്കുറവ്, സി.ഡി, സോഫ്റ്റവെയർ തകരാർ തുടങ്ങി മുഴുവൻ സാങ്കേതിക വശങ്ങളും അന്വേഷിക്കണം. കുറ്റക്കാർ ആര്? തെറ്റ് എങ്ങിനെ സംഭവിച്ചു? എന്നതിനെപ്പറ്റി വിദ്യാഭ്യാസ വകുപ്പ് ധവളപത്രം പുറത്തിറക്കണം. എങ്കിലെ ഇത്തവണത്തെ വീഴ്ചയിൽ മന്ത്രിക്ക് പങ്കില്ലെന്ന് സമൂഹം കരുതൂ.

വിദ്യാഭ്യാസ മന്ത്രി ഫലം പ്രഖ്യാപിച്ചാൽ എന്താണ് തെറ്റ്? ആർക്കാണ് ഇഷ്ടപ്പെടാത്തത്? കണ്ണ് വച്ച കസേര കിട്ടാത്തപ്പോൾ ഇരിക്കുന്നവർക്ക് യാതൊരു പ്രാധാന്യവുമില്ലെന്ന രീതിയിലുള്ള വിമർശനങ്ങളെ തള്ളികളയുകയ അല്ലാതെ ഒരു പ്രശ്‌നത്തിന്റെ പശ്ചാതലത്തിൽ ഒളിച്ചോടലല്ല. കേരളത്തിൽ എല്ലാ മന്ത്രിമാരും തുടർന്ന് പോരുന്ന ഒരു പ്രാക്ടീസ് അബ്ദുറബ്ബും പിന്തുടർന്നു എന്ന് മാത്രം. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന രീതിയിൽ കാര്യങ്ങളറിയാതെ മാദ്ധ്യമങ്ങളും അവർക്ക് എരിവ് പകരുന്ന എംഎ‍ൽഎയും രംഗത്ത് വരുമ്പോൾ പഠിച്ച് പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് കുട്ടികളെ കാണാതെ പോകരുത്.

(മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എംഎസ്എഫിന്റെ സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)