പൊതുവേ പെന്തകൊസ്തു വോട്ടർമാർ മറ്റു വോട്ട് ബാങ്കുകൾ പോലെ സംഘടിതമല്ല എന്ന ആക്ഷേപം വളരെ നാളുകളായി ഉയർന്നു കേൾക്കുന്നതാണ്.

എന്നാൽ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പോട് കൂടെ അതിനു മാറ്റം വന്നു എന്നാണ് കേൾക്കുന്നത്.

പെന്തകൊസ്തുകാരുടെ വേദികളിലും മറ്റും രാഷ്ട്രീയക്കാരെ പണ്ട് കാണാറില്ലായിരുന്നു എന്ന അവസ്ഥ മാറി .രാഷ്ട്രീയം വിലക്കപെട്ട കനിയാണ് എന്ന ചിന്താഗതിക്കും മാറ്റം വന്നിട്ടുണ്ട് . എന്നിരുന്നാലും , വെളുത്ത ചിരിയുമായി വന്നു പോകുന്നതല്ലാതെ ഈ നേതാക്കളെ കൊണ്ട് പെന്തകോസ്ത് വിശ്വാസികൾക്ക് കാര്യമായ പ്രയോജനവും ഉണ്ടാകാറില്ല . എന്നാൽ പല പ്രതിസന്ധി ഘട്ടങ്ങളിലും തങ്ങൾക്കു സഹായഹസ്തവുമായി എത്തിയിട്ടുള്ളത് ഇടതുപക്ഷമാണെന്നാണ് പെന്തകോസ്ത് വിശ്വാസികൾ പറയുന്നത് .

റാന്നി ചുങ്കപ്പാറ വിഷയങ്ങൾ, കോട്ടയത്തെ സ്വർഗ്ഗീയവിരുന്നു സഭയുടെ പ്രശ്‌നങ്ങൾ, തിരുവനന്തപുരത്ത് നടന്ന ആക്രമണങ്ങൾ , പാസ്ടർ അശോകാൻ വിഷയം തുടങ്ങിയ പ്രശ്‌നങ്ങളിൽ യു ഡി എഫ് ഗവണ്മെന്റ് മൗനം പാലിച്ചതും പെന്തകോസ്ത് സമൂഹത്തിന്റെ നിലപാട് മാറ്റത്തിനു കാരണമായി .

എന്നാൽ അഴിമതിക്കും മറ്റു സാമൂഹ്യ പ്രശ്‌നങ്ങൾക്കും അതീതമായി , ബിജെപി യുടെ വളർച്ചയാണ് ഇത്തവണ വോട്ടുകളുടെ ഏകീകരണത്തിന് മുഖ്യ കാരണമായി മാറിയത് .

ഈ സന്ദർഭങ്ങളിൽ എല്ലാം തന്നെ ഇടതുപക്ഷത്തിന്റെ സഹായങ്ങൾ പെന്തകോസ്ത് സമൂഹത്തിനു ലഭിച്ചു . പണ്ട് മുതൽ തന്നെ ഈ പ്രവണതയാണ് നിലനിക്കുന്നതെങ്കിലും , ബാലറ്റ് പേപ്പർ കാണുമ്പോൾ കോൺഗ്രസ് സ്‌നേഹം ഉയർന്നു വരും എന്നത് പൊതുവേ കേൾക്കുന്ന ആക്ഷേപമാണ് . തിരുവനന്തപുരം ജില്ലയിലെ ചില പെന്തകൊസ്തു നേതാക്കൾ ,പെന്തകൊസ്തിനെ കോൺഗ്രസിന്റെ തൊഴുത്തിൽ കെട്ടുവാൻ ശ്രമിക്കുന്നു എന്നൊരു ആക്ഷേപവും നേരത്തെ ഉണ്ടായിട്ടുണ്ട് . ശശി തരൂരിന് വേണ്ടി കച്ച കെട്ടിയിറങ്ങിയ ചിലരായിരുന്നു ഇതിന്റെ പിന്നിൽ .

എന്നാൽ ഇത്തവണ കഥ മാറി . മുഴുവൻ വോട്ടുകളും എന്ന് പറയാൻ പറ്റില്ലെങ്കിലും , ഏറെക്കുറെ ഭൂരിഭാഗം വോട്ടുകളും ഇത്തവണ ഇടതുപക്ഷത്തേക്ക് ചാഞ്ഞു .പെന്തകൊസ്തു വോട്ടുകൾ ഗണ്യമായുള്ള മണ്ഡലങ്ങളിലെ കണക്കുകൾ അതാണ് സൂചിപ്പിക്കുന്നത് . പെന്തകൊസ്തിന്റെ മക്ക എന്നറിയപ്പെടുന്ന കുമ്പനാട് ഉൾപ്പെട്ട ആറന്മുള്ള മണ്ഡലം പൊതുവേ കോൺഗ്രസിന് അനുകൂലമായ നിലപാടുകൾ ആണ് സ്വീകരിച്ചു വരുന്നതെങ്കിലും ,ഇത്തവണ വോട്ടുകൾ വീണക്കു പോയി .

തിരുവല്ല മണ്ഡലത്തിൽ മാത്യു ടി തോമസ്സിനും പെന്തകൊസ്തു വോട്ടുകൾ ലഭിച്ചു . ചുങ്കപ്പാറ വിഷയത്തിൽ ജോസഫ് എം പുതുശ്ശേരി പെന്തകൊസ്തു പാസ്റ്റർമാർകെതിരായ നിലപാടുകൾ അദ്ദേഹത്തിന് എതിരായി .

റാന്നിയിലെ നില വ്യത്യസ്തമാണ് . പണ്ട് മുതൽ തന്നെ പെന്തകൊസ്തു സമൂഹവുമായി അടുത്ത ബന്ധമുള്ള രാജു എബ്രഹാം ഇത്തവണയും അനായാസം ജയിച്ചു കയറി .

ചെങ്ങന്നൂർ മണ്ഡലത്തിലും പെന്തകൊസ്തു വോട്ടുകൾ ഇടതിന് ലഭിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . കെ കെ രാമചന്ദ്രൻനായരുടെ വിജയത്തിനും പെന്തകൊസ്തു വോട്ടുകൾ നിർണായകമായി .

നിലമ്പൂർ , കൊട്ടാരക്കര , പത്തനാപുരം മണ്ഡലങ്ങളും പെന്തകോസ്ത് വോട്ടുകൾ ഉള്‌പെടുന്നതാണ്. ഇവിടെയെല്ലാം ഫലം ഇടതുപക്ഷത്തിനു അനുകൂലമായിരുന്നു .

പൂഞ്ഞാറിൽ സ്വന്തന്ത്ര സ്ഥാനാർത്ഥി പി സി ജോർജ് , പെന്തകൊസ്തു സഭകളുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് .വിജയശേഷം പരസ്യമായി അദ്ദേഹം അത് എടുത്തു പറയുകയും ചെയ്തു .

മലമ്പുഴയിൽ വി എസ് അച്യുതാനന്ദന് എതിരായി മത്സരിച്ച വി എസ് ജോയ് പെന്തകൊസ്തു വിശ്വാസിയാണ് . പക്ഷെ സഭയുടെ യാതൊരു പ്രശ്‌നങ്ങളിലും മൗനം പാലിക്കുന്ന ഇദ്ദേഹത്തിനു സഭാവിശ്വാസികളുടെ യാതൊരു സഹായവും ലഭിച്ചില്ല .

അതിനിടയിൽ തിരുവല്ലയിൽ പെന്തകൊസ്തു സഭയുടെ സ്ഥാനാർത്ഥി മത്സരിക്കുന്നു എന്ന വാർത്ത പരന്നെങ്കിലും , സോഷ്യൽ മീഡിയയിൽ കടുത്ത എതിർപ്പാണ് വിശ്വാസികളിൽ നിന്നും നേരിടേണ്ടി വന്നത് . അതെ തുടർന്ന് ഈ തീരുമാനം പിൻവലിക്കുകയുണ്ടായി .

എന്നാൽ ഒരു കോൺഗ്രസ് വിരുദ്ധവികാരം ആളിക്കത്താൻ ഇടയായത് സമീപകാലത്തുണ്ടായ 'പാസ്ടർ അശോകാൻ വിഷയമാണ് '. കൊടിക്കുന്നിൽ സുരേഷ് എം പി യുടെ ക്രൂര പീടനതിനു ഇരയായ പാസ്ടർ അശോകനു യാതൊരു നീതിയും യു ഡി എഫ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല . 'ജസ്റ്റിസ് ഫോർ അശോകൻ' എന്ന ഫേസ്‌ബുക്ക് കൂട്ടായ്മ അതിശക്തമായാണ് ഇതിനെതിരെ പ്രതികരിച്ചത് .വലിയ പ്രതികരണമാണ് ഇതിനു ലഭിച്ചത് .
MPFT എന്ന ഏറ്റവും വലിയ പെന്തകോസ്ത് ഫേസ്‌ബുക്ക് കൂട്ടായ്മയിലും , MPFT SECULAR എന്ന ഗ്രൂപ്പിലും , ഭൂരിഭാഗം അംഗങ്ങളും ഇടതുപക്ഷ സമീപനം സ്വീകരിച്ചതും നിർണായകമായി.

ഇതിനിടയിൽ ഗണേശ്‌കുമാർ എം എൽ എയ്ക്ക് വേണ്ടി ഒരു പാസ്ടർ പ്രാർത്ഥിക്കുന്ന വീഡിയോ വൈറൽ ആയിട്ടുണ്ട് . ഇതിൽ ഗണേശ് കുമാറിന്റെ ഭൂരിപക്ഷം പാസ്ടർ പ്രവചിക്കുന്നുണ്ട് . ഈ പ്രവചനം കൃത്യമായി എന്നതും ശ്രദ്ധേയമാണ് .

രാഷ്ട്രീയത്തിൽ ഇത് വരെയും ഇടപെടാത്ത പെന്തകൊസ്തുകാർ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്നതിൽ എതിർപ്പുള്ള സമൂഹവും പെന്തകൊസ്തിനിടയിൽ ഉണ്ട് .  എന്നിരുന്നാലും വരും നാളുകളിൽ പെന്തകോസ്ത് വോട്ടുകളും നിർണ്ണായകം ആകും എന്നാണ് ഈ തിരഞ്ഞെടുപ്പ് സൂചന നല്കുന്നത് .