പൊന്നാനി: പതിനാലുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പത്തൊൻപതുകാരൻ കുറ്റസമ്മതം നടത്തി. പൊന്നാനി പരീകുട്ടിക്കാനകത്ത് മുഹമ്മദ് അഷ്ഫാഖ് (19) ആണ് അറസ്റ്റിലായത്. പീഡനം നടക്കുന്നത് സെപ്റ്റംബർ മാസത്തിലാണ്. എന്നാൽ സംഭവത്തെത്തുടർന്ന് ഭയപ്പെട്ട പെൺകുട്ടി ഇക്കാര്യം ആരോടും പറഞ്ഞില്ല.

പൊന്നാനിയിൽ പച്ചക്കറി കട നടത്തുന്ന ആളാണ് പ്രതി. പെൺകുട്ടി ഈ കടക്ക് മുന്നിലൂടെ നടന്നു പോകുന്നത് പ്രതി ശ്രദ്ധിക്കാറുണ്ടായിരുന്നു. സെപ്റ്റംബറിൽ പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി അതിക്രമിച്ച് കയറിയ പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുക ആയിരുന്നു. സംഭവത്തിൽ ഭയന്നു പോയ പെൺകുട്ടി നടന്ന കാര്യങ്ങൾ ആരോടും പറഞ്ഞതും ഇല്ല. എന്നാൽ ഗർഭിണിയായത് അഷ്ഫാഖിന് വിനയായി.

ദിവസങ്ങൾക്കുമുൻപ് അസ്വസ്ഥതകൾ പ്രകടനമായതിനെത്തുടർന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോൾ കുട്ടി ഗർഭിണിയാണെന്നു തെളിഞ്ഞു. ഇതേത്തുടർന്ന് കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരം വീട്ടുകാർ അറിഞ്ഞത്. തുടർന്ന് ബന്ധുക്കൾ പൊന്നാനി പൊലീസിൽ പരാതിനൽകി.

തുടർന്ന് അഷ്ഫാഖിനെ സിഐ. വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്യുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ പോക്സോ നിയമ പ്രകാരമായിരുന്നു കേസ് എടുത്തത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.