കൊച്ചി: കിത്താബ് നാടകത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ തുടരുന്നതിനിടെ പ്രതികരണവുമായി സംവിധായകൻ ആഷിഖ് അബു. എഴുത്തുകാരനോട് നീതി കാണിക്കാത്ത ഏത് ആവിഷ്‌ക്കാരങ്ങളും ജനാധിപത്യപരമായി വിമർശിക്കപ്പെടേണ്ടതാണ് എന്ന് അദ്ദേഹം തന്റെ ഫേസ്‌ബുക് കുറിപ്പിൽ പറഞ്ഞു. കവി സച്ചിദാനന്ദൻ, കൽപറ്റ നാരായണൻ, എൻ എസ് മാധവൻ തുടങ്ങിയവർ ഉണ്ണി ആറിനെ പിന്തുണച്ച് നേരത്തെ രംഗത്ത് വന്നിരുന്നു. ഇടത് സഹയാത്രികനായ ആഷിഖ് അബു കൂടി കിത്താബിനെതിരെ നിലപാട് അറിയിച്ചതോടെ നാടകത്തിന്റെ സംവിധായകനായ റഫീഖ് മംഗലശ്ശേരി കൂടുതൽ പ്രതിരോധത്തിൽ ആയിരിക്കുകയാണ്. നാടകം പ്രദർശിപ്പിക്കാൻ എസ് എഫ് ഐ ഉൾപ്പടെ ഇടത് വിദ്യാർത്ഥി സംഘടനകൾ മുന്നോട്ടു വന്നിരിക്കുന്ന സാഹചര്യത്തിൽ ആണ് ആഷിഖ് അബുവിന്റെ ഇക്കാര്യത്തിലുള്ള പ്രതികരണം എന്നതും ശ്രദ്ധേയമാണ്. തന്റെ അനുവാദമില്ലാതെയാണ് വാങ്ക് എന്ന തന്റെ കഥ നാടകകൃത്ത് കടം എടുത്തതെന്നും, മറ്റൊരാളുടെ കൃതി തങ്ങളുടെ താൽപര്യത്തിനായി വളച്ചൊടിക്കുന്നവരും ഫാസിസ്റ്റുകളും തമ്മിൽ എന്താണ് വിത്യാസമെന്നും ഉണ്ണി ആർ നേരത്തെ ചോദിച്ചിരുന്നു.

കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടുകയും സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് അർഹത നേടുകയും ചെയ്ത കിത്താബ് എന്ന നാടകം പക്ഷെ സ്‌കൂൾ അധികൃതർ പിന്മാറിയത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും വിവാദങ്ങളിൽ ഇടം പിടിച്ചിരുന്നു . നാടകം ഇസ്ലാമിന്റെ വിശ്വാസത്തെ അവഹേളിക്കുന്നുവെന്നാണ് മതമൗലിക വാദികൾ ആരോപിക്കുന്നത്. എസ്ഡിപിഐയുടെ നേതൃത്വത്തിൽ കലോത്സവ വേദിയിലേക്ക് മാർച്ച് നടത്തുകയും കലോത്സവ വേദിയിലുണ്ടായിരുന്ന വിദ്യാർത്ഥികളും അദ്ധ്യാപകരും ആശങ്കയിലാകുകയും ചെയ്തു. കഥാകൃത്ത് ഉണ്ണി ആറിന്റെ വാങ്ക് എന്ന കഥയുടെ സ്വതന്ത്ര ആവിഷ്‌കാരമാണ് കിത്താബ് എന്ന് നാടകത്തിന്റെ തുടക്കത്തിൽ തന്നെ അണിയറ പ്രവർത്തകർ പ്രഖ്യാപിക്കുന്നുണ്ട്. എന്നാൽ ഇതിനെതിരെ കഥാകൃത്ത് നേരിട്ട് രംഗത്തെത്തിയത് വിമർശനങ്ങളുടെ ആഴം വർധിപ്പിച്ചു.

ആഷിഖ് അബുവിന്റെ ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണ രൂപം :

കിത്താബ് എന്ന നാടകത്തിന്റെ ആവിഷ്‌ക്കാരം തടയപ്പെടേണ്ടതല്ല. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനൊപ്പം നിൽക്കുമ്പോഴും ഒന്ന് രണ്ട് കാര്യങ്ങൾ നാം കാണാതിരുന്നു കൂടാ. ഉണ്ണി ആർ എഴുതിയ വാങ്ക് എന്ന കഥ നാടകമാക്കുമ്പോൾ എഴുത്തുകാരനോട് അനുവാദം ചോദിക്കുക എന്ന മര്യാദ പാലിക്കേണ്ടതായിരുന്നു. നാടകമായതോടെ വാങ്ക് ചലച്ചിത്രമാക്കാനുള്ള രണ്ട് പെൺകുട്ടികളുടെ ശ്രമം പാതി വഴിയിൽ നിന്ന് പോയിരിക്കുന്നു. വാങ്ക് വിളിക്കുക എന്ന ആശയം മാത്രമാണ് താൻ ആ കഥയിൽ നിന്ന് എടുത്തിരിക്കുന്നത് എന്ന് നാടകകൃത്ത് പറയുമ്പോൾ ആ ആശയം ഒഴിവാക്കി കിത്താബ് എന്ന നാടകം ചെയ്യാൻ കഴിയുമോ? പറ്റില്ല. കാരണം നാടകത്തിന്റെ കേന്ദ്ര പ്രമേയം വാങ്ക് വിളിക്കുന്ന പെൺ സ്വാതന്ത്ര്യമാണ്. ഉണ്ണിയുടെ വാങ്ക് എന്ന കഥയിൽ നിന്നുള്ള ആശയം എന്ന് നാടകത്തിന് മുൻപ് പ്രഖ്യാപിക്കുമ്പോൾ ഉണ്ണിയോട് തീർച്ചയായും ഉത്തരവാദിത്തം കാണിക്കേണ്ടതായിരുന്നു. സാമാന്യ മര്യാദയും ജനാധിപത്യത്തിൽ ഉണ്ട് .അത് മനസ്സിലാക്കാതെ ,എഴുത്തുകാരനോട് നീതി കാണിക്കാത്ത ഏത് ആവിഷ്‌ക്കാരങ്ങളും ജനാധിപത്യപരമായി വിമർശിക്കപ്പെടേണ്ടതാണ്.