കൊച്ചി : 'മീ ടൂ' ക്യാമ്പയിനുകൾക്ക് കാരണം 'അമിത സ്വാതന്ത്ര്യ'മാണെന്ന വാദമുയർത്തിയ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി പി റുക്സാനക്ക് മറുപടിയുമായി സംവിധായകൻ ആഷിക് അബു. ''സ്ത്രീകളെല്ലാംകൂടി ചാക്കിൽ കേറി ഒളിച്ചാൽ ഒക്കുമോ?'' എന്നായിരുന്നു ജമാഅത്തെ ഇസ്ലാമി വനിതാ നേതാവിന്റെ പരാമർശങ്ങളെക്കുറിച്ചുള്ള വാർത്ത ഷെയർചെയ്തുകൊണ്ട് ആഷിക് അബു ഫേസ്‌ബുക്കിൽ കുറിച്ചത്. ഇതോടെ ആഷിക് അബുവിന്റെ പോസ്റ്റിനു താഴെ ആക്ഷേപകരമായ കമന്റുകളുമായി മൗലികവാദികൾ രംഗത്ത് എത്തുകയും ചെയ്തു.

'മീ ടൂ' മൂവ്മെന്റിനെ കുറിച്ചും ഐ പി സി 497 , 377 വകുപ്പുകൾ റദ്ദാക്കിയ സുപ്രീം കോടതി നടപടിയെക്കുറിച്ചും വിചിത്ര വാദങ്ങൾ അവതരിപ്പിച്ചുകൊണ്ടായിരുന്നു വനിതാ നേതാവിന്റെ വീഡിയോ. സ്വവർഗാനുരാഗം കുറ്റകരമാണെന്ന നിയമം റദ്ദാക്കിയതിലൂടെ ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനം ഇല്ലാതാക്കിയ സുപ്രീം കോടതി നടപടിയും വലിയ ആപത്താണെന്ന മട്ടിലാണ് ജമാഅത്തെ ഇസ്ലാമിയുടെ വനിതാ നേതാവ് അവതരിപ്പിക്കുന്നത്.

ലിബറൽ ഇടങ്ങൾ എന്ന് നമ്മൾ വിളിച്ചു കൊണ്ടിരിക്കുന്ന മാധ്യമ, സിനിമ മേഖലയിൽ നിന്നാണ് ഇത്തരം ആരോപണങ്ങൾ വന്നു കൊണ്ടിരിക്കുന്നത്. പുറമെ അവർ കാണിച്ചിരുന്ന സ്വാതന്ത്ര്യം എല്ലാം പൊയ്മുഖം ആയിരുന്നുവോ എന്ന് സംശയം ഉയരുന്നു. വിശുദ്ധ ഖുറാനിൽ അല്ലാഹു നമ്മളെ കൃത്യമായി പഠിപ്പിക്കുന്നുണ്ട്, സമൂഹത്തിലും, വ്യക്തി ജീവിതത്തിലും, കുടുംബത്തിലും എങ്ങനെയാണ് ഇടപെടേണ്ടതെന്ന് പി രുക്സാന വീഡിയോയിൽ പറയുന്നു.

പൊതുവ്യവഹാരത്തിൽ ഇരിക്കുമ്പോൾ സ്ത്രീ ഹിജാബ് ധരിക്കണമെന്നും ചില കാര്യങ്ങൾ സൂക്ഷ്മമായി പുലർത്തേണ്ടതുണ്ടെന്നും ഈ നിയമങ്ങൾ അരോചകമല്ല മറിച്ച് സുരക്ഷിതത്വമാണ് സ്ത്രീകൾക്ക് നൽകുന്നതെന്നും ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം നേതാവ് പറയുന്നു. ലിബറൽ ഇടങ്ങൾ എന്ന് നാം വിശ്വസിച്ചിരുന്ന സ്വാതന്ത്രത്തിന്റെ വിഹാര കേന്ദ്രങ്ങൾ എന്ന് പറയപ്പെടുന്ന വിഹാര കേന്ദ്രങ്ങളിൽ നിന്നാണ് 'മീ ടൂ ദീനരോദനങ്ങൾ' എല്ലാം വന്നു കൊണ്ടിരിക്കുന്നതെന്നും പി രുക്സാന ആരോപിക്കുന്നു. ആരെയാണ് വിവാഹം ചെയ്യേണ്ടത്, എങ്ങനെയാണ് വിവാഹം ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ഇസ്ലാം പഠിപ്പിക്കുന്നുണ്ടെന്നും രുക്സാന പറയുന്നു.