തിരുവനന്തപുരം: നെഹ്രു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷന്റെ കീഴിലുള്ള മിക്ക സ്ഥാപനങ്ങളിലും വിദ്യാർത്ഥികളുടെ അവസ്ഥ ഭീകരമാണെന്നു തെളിയിക്കുന്ന ചിത്രം സംവിധായകൻ ആഷിഖ് അബു പോസ്റ്റ് ചെയ്തു. കോയമ്പത്തൂർ കോളേജിലെ വിദ്യാർത്ഥിയെ അദ്ധ്യാപകൻ മർദിക്കുന്ന ചിത്രമാണ് ആഷിഖ് പോസ്റ്റ് ചെയ്തത്.

തൃശൂർ പാമ്പാടി നെഹ്‌റു കോളേജിലെ ഒന്നാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയെ തുടർന്നുള്ള പ്രതിഷേധം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണു പ്രതിഷേധത്തെ പിന്തുണച്ച് സംവിധായകൻ ആഷിഖ് അബു പോസ്റ്റിട്ടത്. 'ഇതാണ് ഭായ് അവസ്ഥ' എന്നു പറഞ്ഞ് ഒരു വിദ്യാർത്ഥി അയച്ചു കൊടുത്ത ഫോട്ടോയാണ് ആഷിഖ് നവമാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചത്.

നെഹ്‌റു കോളേജിൽ വട്ടോളി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അദ്ധ്യാപകന്റെ ക്രൂരതയാണു ചിത്രത്തിൽ വ്യക്തമാകുന്നത്. കോളേജിലെ ഗുണ്ടയാണ് ഇയാളെന്നാണു വിദ്യാർത്ഥികൾ പറയുന്നത്.

വിദ്യാർത്ഥികൾ ഒന്നിച്ച് എഴുന്നേറ്റു നിന്നാൽ ലോകം മാറുമെന്നും അതാണ് ചരിത്രമെന്നും സംവിധായകൻ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. വിദ്യാർത്ഥിയെ വലിയ വടി കൈയിൽ വച്ചു കൊണ്ട് ചോദ്യം ചെയ്യുന്ന അദ്ധ്യാപകരന്റെ ചിത്രം പങ്കുവെയ്ക്കുന്ന ആഷിഖ് അബുവിന്റെ പോസ്റ്റിനടിയിൽ നിരവധി കമന്റുകളാണ് കോളേജിനെ സംബന്ധിച്ചും വട്ടോളിയെ കുറിച്ചും വരുന്നത്. മാനസികമായ പീഡനങ്ങൾ കാരണം, ഇതിനു മുൻപും നിരവധി വിദ്യാർത്ഥികൾ ഇവിടെവച്ച് ആത്മഹത്യ ചെയ്യാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്.