കൊച്ചി: സോഷ്യൽ മീഡിയ ട്രോളുകൾ പരിശോധിച്ചിരുന്നെങ്കിൽ കെ എം മാണി നേരത്തെ രാജിവച്ചേനെ എന്ന ആക്ഷേപം സജീവമായിരുന്നു. അത്രയ്ക്കായിരുന്നു ബാർകോഴ കേസിൽ മാണിക്കെതിരെ ഉണ്ടായിരുന്ന ട്രോളുകൾ. എന്തായാലും മാണി രാജിവച്ചതോടെ തൽക്കാലത്തേക്കെങ്കിലും സോഷ്യൽ മീഡിയ മാണിയെ കൈവിട്ടു. ഇപ്പോൾ പുതിയ ഇരയായ കെ ബാബുവാണ് സൈബർ ട്രോളന്മാരുടെ നോട്ടപ്പുള്ളി. മാണിക്ക് വേണ്ടി 'എന്റെ വക 500' എന്ന സൈബർ ആക്രമണം തുടങ്ങിവച്ച സംവിധായകൻ ആഷിഖ് അബു തന്നെയാണ് ബാബുവിനെതിരെയും രംഗത്തെത്തിയിരിക്കുന്നത്.

മാണിക്കു പിന്നാലെ കെ.ബാബുവാണ് അടുത്തതായി പടിയിറങ്ങേണ്ടതെന്ന് വിമർശിച്ചു കൊണ്ടാണ് ആഷിക് അബു രംഗത്തെത്തിയത്. ഫേസ്‌ബുക്ക് പോസ്റ്റിൽ അടുത്തത് ബെ.കാബു! അല്ലറ ചില്ലറ തിരുത്താകാം എന്ന് കുറിച്ച് ആഷിക് അബു തുടങ്ങിവച്ച പണി ഫേസ്‌ബുക്ക് ഉപയോക്താക്കൾ ഏറ്റെടുത്തു തുടങ്ങിയിട്ടുണ്ട്. ഫേസ്‌ബുക്ക് പോസ്റ്റിനെ പരിഹസിച്ചും അനുകൂലിച്ചും ഒട്ടേറെ കമന്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബാബുവിനെതിരേ തുടങ്ങിയിട്ടുള്ള ട്രോളുകളിൽ ഒന്നിൽ ഇന്നു ഞാൻ നാളെ നീയൊക്കെ എന്ന് മാണി പറയുന്നതായുള്ള ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഈ അപവാദങ്ങളും, അഴിമതി കഥകളും എത്രനാൾ മൂടിവെക്കാൻ കഴിയും ഉമ്മൻചാണ്ടീ...എന്നൊക്കെയുള്ള കമന്റുകളാണ് ഉള്ളത്. കെ.ബാബുവിന് താൻ നേരിട്ട് പോയി അമ്പത് ലക്ഷം കോഴ നൽകിയെന്നാണ് ബിജു രമേശ് വ്യക്തമാക്കിയത്. അതിനിടയിൽ ബഌക്ക് മെയിലിംഗിന് ബിജുവിനെതിരേ കേസ് കൊടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ബാബുവിനെതിരേ കോടതിയെ സമീപിക്കുമെന്ന് ബിജു രമേശും പറഞ്ഞിട്ടുണ്ട്.

എന്തായാലും ആഷിഖ് അബുവിന് പിന്നാലെ ട്രോളന്മാർ എല്ലാവരും വിഷയം ഏറ്റുപിടിച്ച മട്ടാണ്. ഇതേക്കുറിച്ചുള്ള ട്രോളുകൾ ഫേസ്‌ബുക്കിൽ വ്യാപകമായി പ്രചരിച്ച് തുടങ്ങിയിട്ടുണ്ട്.