കോതമംഗലം: സൗഹൃദം ഉപേക്ഷിച്ചതിന്റെ വൈരാഗ്യത്തിൽ പെൺസുഹൃത്തിന്റെ വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ് , ഭീകാരന്തരീക്ഷം സൃഷ്ടിച്ച യുവാവും കൂട്ടാളികളും അറസ്റ്റിൽ. നെല്ലിക്കുഴി ചിറപ്പടി, ഇളബ്രക്കുടി വീട്ടിൽ അഷ്‌കർ (22), ഭൂതത്താൻകെട്ട് ചിറപ്പുറം സൽഫാസ് (22), ചാലുങ്കൽ ഹക്കീം (22) എന്നിവരെയാണ് ഊന്നുകൽ പൊലീസ് അറസ്റ്റ് ചെയ്തത്.

മണിക്കിണർ നിവാസിയുടെ വീട്ടിലേക്കാണ് ഇവർ രണ്ടുദിവസങ്ങൽലായി ഗുണ്ട് എറിഞ്ഞത്.ആദ്യ ദിവസം വീടിന്റെ മുറ്റത്താണ് ഗുണ്ടുപൊട്ടിയത്.രണ്ടാം ദിവസം എറിഞ്ഞ ഗുണ്ട് മതിലിൽ തട്ടി ദിശമാറി സമീപത്ത് റോഡിൽ വീണ് ,പൊട്ടുകയായിരുന്നു. വീട്ടിലെ പെൺകുട്ടിയുമായി അഷ്‌കറിന് അടുത്ത സൗഹൃദമുണ്ടായിരുന്നു.ആറ് മാസം മുമ്പ് പെൺകുട്ടി അടുപ്പം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.അഷ്‌കർ പലതവണ അടുപ്പം സ്ഥാപിക്കാൻ ശ്രമിച്ചിട്ടും പെൺകുട്ടി വഴങ്ങിയില്ല.

ഇതെത്തുടർന്നുള്ള വൈരാഗ്യത്തിൽ വീടിന് നേരെ തോട്ട എറിയാൻ അഷ്‌കർ കർമ്മപദ്ധതി തയ്യാറാക്കുകയായിരുന്നു.പെരുമ്പാവൂരിലെ പടക്കകടയിൽ നിന്നാണ് അഷ്‌കർ ഗുണ്ടുകൾ സംഘടിപ്പിച്ചത്.സ്‌കൂട്ടറിൽ എത്തിയാണ് വീട്ടിലേക്ക് ഗുണ്ടെറിഞ്ഞത്. അഷ്‌കറും ഹക്കീമുമാണ് ആദ്യദിവസം ഗുണ്ടെറിയാൻ എത്തിയത്.രാത്രി 8.45 ആയപ്പോഴേയ്ക്കുമായിരുന്നു ആക്രമണം.രണ്ടാമത്തെ ദിവസം സൽഫാസിനെയും കൂട്ടിയെത്തിയായിരുന്നു ആക്രമണം.

വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ ഒ.എ സുനിലിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് അക്രമികളെ തിരച്ചറിഞ്ഞത്.കോടതിയിൽ ഹാജരാക്കി,റിമാന്റ് ചെയ്തു. ഗുണ്ട് വീടിനുള്ളിലാണ് പതിച്ചതെങ്കിൽ നാശനഷ്ടത്തിനും ഒരു പക്ഷേ മരണത്തിനും വരെ കാരണമാകുമായിരുന്നെന്നും ഭാഗ്യം കൊണ്ടാണ് അനിഷ്ട സംഭവങ്ങൾ ഒഴിവായതെന്നുമാണ് പൊലീസ് നിഗമനം.