തിരുവനന്തപുരം: കൊച്ചിയിലെ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരേ പ്രതിഷേധിക്കാൻ സ്‌നേഹ ഇരുപ്പു സമരം നടത്തിയ എസ്എഫ്‌ഐയെയും ഡിവൈഎഫ്‌ഐഎയും പരിഹസിച്ച് യൂണിവേഴ്‌സിറ്റി കോളജ് വിദ്യാർത്ഥിനി അഷ്മിത. എസ്എഫ്‌ഐയുടെ സദാചാര ഗുണ്ടായിസത്തിന് ഇരയായ വ്യക്തികൂടിയാണ് അഷ്മിത.

 

തരംകിട്ടുമ്പോൾ സദാചാര ഗുണ്ടായിസവും അല്ലാത്തപ്പോൾ അതിനെതിരേ പ്രതിഷേധവും സംഘടിപ്പിക്കുന്ന എസ്എഫ്‌ഐയുടെ ഇരട്ടനിലപാടിനെയാണ് തന്റെ ഫേസ്‌ബുക് പോസ്റ്റിലൂടെ അഷ്മിത ചോദ്യംചെയ്യുന്നത്. യൂണിവേഴ്‌സിറ്റി കോളേജിൽ ഒരു സ്‌നേഹ ഇരിപ്പിന് സ്‌കോപ്പുണ്ടോ. കാണൂല്ലാരിക്കും ല്ലേ എന്നാണ് ജാനകി രാവൺ എന്ന തന്റെ ഫേസ്‌ബുക് പ്രൊഫൈലിലൂടെ അഷ്മിത ചോദിച്ചിരിക്കുന്നത്.

തിരുവനന്തപുരം കേരളാ യൂണിവേഴ്‌സിറ്റി കോജളിൽ നടന്ന എസ്എഫ്‌ഐയുടെ സദാചാര ഗുണ്ടാ ആക്രമണത്തിൽ സൂര്യഗായത്രി, അഷ്മിത, ഇവരുടെ സുഹൃത്തായ ജിജീഷ് എന്നിവർക്കാണ് മർദനമേറ്റത്. കോളജിൽ പഠിക്കാത്ത ജിജീഷ് കലാപരിപാടി കാണാനായി എത്തിയതായിരുന്നു. സംഭവത്തിൽ എസ്എഫ്‌ഐ പ്രവർത്തകരടക്കം 13 പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഇന്നലെ കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരേയാണ് ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും ചേർന്ന് ഇന്ന് സ്നേഹ ഇരുപ്പ് സമരം നടത്തിയത്. സൗഹാർദം സദാചാര വിരുദ്ധമല്ല, സദാചാര പൊലീസ് നാടിനാവശ്യമില്ല എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരുടെ സ്നേഹ ഇരുപ്പ് സമരം.

പ്രണയത്തെക്കുറിച്ചോ, സ്നേഹത്തെക്കുറിച്ചോ പറയാതെ സൗഹൃദം സദാചാര വിരുദ്ധമല്ല എന്ന മുദ്രാവാക്യമാണ് ഡിവൈഎഫ്ഐ മുന്നോട്ട് വച്ചിരുന്നത്. ഇതും ചർച്ചയാകുന്നതിനിടെയാണ് പരോക്ഷ വിമർശനങ്ങൾ. യൂണിവേഴ്‌സിറ്റി കോളജിൽ മർദനത്തിന് ഇരയായ ജിജീഷും എസ്എഫ്‌ഐയെയും ഡിവൈഎഫ്‌ഐയെയും വിമർശിച്ചുകൊണ്ട് ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്.

യൂണിവേഴ്സിറ്റി കോളെജിൽ കണ്ടത് തന്നെയാണ് കൊച്ചിയിലും കണ്ടത്. അതിനാരും യൂണിവേഴ്സിറ്റി കോളെജിൽ നിന്നും വണ്ടി കയറണമെന്നില്ലെന്നാണ് എസ്എഫ്ഐ പ്രവർത്തരുടെ സദാചാര ഗുണ്ടാപ്പണിക്ക് ഇരയായ ജിജീഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

യൂണിവേഴ്‌സിറ്റി കോളജിൽ മർദനത്തിൽ പൊലീസ് വേണ്ട നടപടികൾ സ്വീകരിക്കാൻ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. എകെജി സെന്ററിൽ നിന്നും നോക്കിയാൽ കാണുന്ന, സെക്രട്ടറിയേറ്റിനു സമീപമുള്ള തലസ്ഥാന നഗരിയിലെ തലയെടുപ്പുള്ള യൂണിവേഴ്‌സിറ്റി കോളേജിനെ കുറിച്ച് ഒന്നും മിണ്ടാത്തതെന്താണ് എന്നും കോടിയേരിയോട് സഖാവെ എന്നുവിളിച്ച് സൂര്യഗായത്രിയും ഫേസ്‌ബുക്കിലൂടെ നേരത്തെ ചോദിച്ചിരുന്നു. തങ്ങളെ ആക്രമിച്ച വിദ്യാർത്ഥികൾ ഇപ്പോഴും യൂണിവേഴ്സിറ്റി കോളെജിൽ സൈര്യവിഹാരം നടത്തുന്നുണ്ടെന്നും അഷ്മിതയും സൂര്യഗായത്രിയും വ്യക്തമാക്കിയിരുന്നു.