- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ തോൽവിക്ക് കാരണം ചികഞ്ഞ് ഹൈക്കമാൻഡ്; അമിത ആത്മവിശ്വാസമെന്ന് ചവാൻ സമിതി; ന്യൂനപക്ഷ പിന്തുണ കുറഞ്ഞു; നേതൃമാറ്റം വേണം; റിപ്പോർട്ട് പഠിച്ചശേഷം മാത്രം പുനഃ സംഘടന; കെപിസിസി പ്രസിഡന്റ് സർവെയുടെ അടിസ്ഥാനത്തിൽ
ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് പഠിക്കാൻ കോൺഗ്രസ് നിയോഗിച്ച അശോക് ചവാൻ സമിതി ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിച്ചു. കെപിസിസി പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പിൽ റിപ്പോർട്ട് നിർണായകമായേക്കും.
കെപിസിസി പ്രസിഡന്റിനെ സംബന്ധിച്ച് ഹൈക്കമാൻഡ് കേരളത്തിൽ പാർട്ടി പ്രവർത്തകർക്കിടയിൽ സർവേ നടത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും കെപിസിസി. പ്രസിഡന്റിനെ തിരഞ്ഞെടുക്കുക എന്നാണ് സൂചന. കേരളത്തിലെ പിസിസി പ്രസിഡന്റ് സ്ഥാനപ്രഖ്യാപനം ഇനി വൈകിയേക്കില്ല. മുതിർന്ന നേതാക്കളുടെ അഭിപ്രായം തേടിയ ശേഷമാകും അധ്യക്ഷനെ തീരുമാനിക്കുക.
അമിത ആത്മവിശ്വാസം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്ന വിലയിരുത്തലാണ് ചവാൻ സമിതിക്കുള്ളത്. റിപ്പോർട്ടിൽ ആരേയും പേരെടുത്ത് കുറ്റപ്പെടുത്തിയിട്ടില്ല. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ സമർപ്പിച്ചതായി സമിതിയംഗങ്ങൾ സൂചിപ്പിച്ചു. ന്യൂനപക്ഷ പിന്തുണ കുറഞ്ഞെന്ന് വിലയിരുത്തലുണ്ട്. നേതൃത്വം ദുർബലമെന്ന പ്രതീതിയുണ്ടായി. നേതൃമാറ്റം ഉൾപ്പെടെ സമഗ്ര അഴിച്ചുപണി വേണമെന്നാണ് ശുപാർശ. കൂട്ടായ നേതൃത്വം ഉണ്ടായില്ല എന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. കെപിസിസി ജംബോ കമ്മിറ്റി പിരിച്ചുവിടണം. ഗ്രൂപ്പിന്റെ അതിപ്രസരം തിരിച്ചടിക്ക് കാരണമായി എന്നീ കാര്യങ്ങളും റിപ്പോർട്ടിൽ പറയുന്നു. ചൊവ്വാഴ്ച രാത്രി കൈമാറിയ റിപ്പോർട്ട് പ്രവർത്തക സമിതി പരിശോധിക്കും.
കഴിഞ്ഞമാസം പതിനൊന്നിനാണ് പ്രവർത്തക സമിതിയോഗം അശോക് ചവാൻ കമ്മിറ്റിക്ക് രൂപം നൽകിയത്. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനായിരുന്നു നിർദ്ദേശം. കേരളത്തിൽ നേരിട്ട് എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് എത്താൻ സാധിച്ചില്ല. ഓൺലൈന് മുഖാന്തരമാണ് കമ്മിറ്റി വിവരങ്ങൾ ആരാഞ്ഞത്. എംഎൽഎമാർ, എംപിമാർ, മറ്റുജനപ്രതിനിധികൾ, മുതിർന്ന നേതാക്കൾ, മാധ്യമപ്രവർത്തകർ, രാഷ്ട്രീയ നിരീക്ഷകർ എന്നിവരിൽ നിന്നാണ് തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തിയത്.
കേരളം ഉൾപ്പടെയുള്ള നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി പഠിക്കാനാണ് അശോക് ചവാൻ സമിതിയെ നിയമിച്ചത്. അസം, പുതുച്ചേരി സംസ്ഥാനങ്ങളിലെ തോൽവിയെക്കുറിച്ചും റിപ്പോർട്ടിലുണ്ട്. ബംഗാൾ സംബന്ധിച്ച റിപ്പോർട്ട് വൈകും.
മറുനാടന് മലയാളി ബ്യൂറോ