- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാം ജന്മം
കവടിയാർ കൊട്ടാരം-ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ ആസ്ഥാനമായിരുന്നു സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പും പിമ്പും-പട്ടം കൊട്ടാരം സഹോദരൻ ശ്രീ മാർത്താണ്ഡവർമ്മയുടെ ആസ്ഥാനവുമായിരുന്നു ചിത്തിര തിരുനാൾ നാടുനീങ്ങുന്നതിനു മുമ്പും പിമ്പും. ഈ രണ്ട് രാജകൊട്ടാരങ്ങളിലേക്കും യാത്ര ചെയ്യുന്ന വീഥിക്ക് മദ്ധ്യഭാഗത്ത് കുറവൻകോണം-എന്ന ഒരു സ്
കവടിയാർ കൊട്ടാരം-ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ ആസ്ഥാനമായിരുന്നു സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പും പിമ്പും-പട്ടം കൊട്ടാരം സഹോദരൻ ശ്രീ മാർത്താണ്ഡവർമ്മയുടെ ആസ്ഥാനവുമായിരുന്നു ചിത്തിര തിരുനാൾ നാടുനീങ്ങുന്നതിനു മുമ്പും പിമ്പും. ഈ രണ്ട് രാജകൊട്ടാരങ്ങളിലേക്കും യാത്ര ചെയ്യുന്ന വീഥിക്ക് മദ്ധ്യഭാഗത്ത് കുറവൻകോണം-എന്ന ഒരു സ്ഥലമുണ്ട്. രാജ്യഭരണകാലത്ത് തമിഴ്‌നാട്ടിൽ നിന്ന് ശുചീകരണ പ്രക്രിയകൾക്കായി ഒരു പറ്റം കുറവർ സമുദായാംഗങ്ങളെ ഈ സ്ഥലത്തുകൊണ്ടുവന്ന് സ്ഥിരതാമസത്തിനുള്ള സൗകര്യങ്ങൾ കൊട്ടാരത്തിൽ നിന്നും അനുവദിച്ചതിന്റെ ശേഷപത്രമാണ് കുറവൻകോണം-എന്ന സ്ഥലനാമം. ഈ രണ്ട് കൊട്ടാരത്തിനുമിടയിലുള്ള വീഥിക്കരികിൽ 1948 മുതൽ പ്രവർത്തിച്ചിരുന്ന ഒരു ചായക്കട 2010 വരെയും തുടർന്നിരുന്നു. ശ്രീ. വാമനൻ നായരുടെ ശിവ വിലാസം ഹോട്ടൽ. മായം കലരാത്ത ഭക്ഷണപദാർത്ഥങ്ങൾ അവിടെ നിന്നും കഴിച്ച ഓർമ്മ ഇപ്പോഴും സജീവം.
ശ്രീ. വാമനൻ നായരുടെ മൂത്ത മകൻ വേലപ്പൻനായർ ജെയിംസ് വി എബ്രഹാം ആയി മാറിയ-ജീവിത രേഖയാണിവിടെ കുറിക്കുന്നത്.
ആകെ 8 മക്കൾ, 5 ആണും 3 പെണ്ണും. സകുടുംബം ചായക്കട പണിയിൽ പൂർണ്ണമായി മുഴുകിയപ്പോൾ ആ കുടുംബം അല്ലലും അലട്ടലുമില്ലാതെ മുന്നോട്ടു നീങ്ങി. എന്നാൽ പത്താം തരത്തിൽ പരീക്ഷയെഴുതേണ്ട മൂത്ത മകന് അപ്പോഴും പഠിക്കുവാനുള്ള സാവകാശം അച്ഛൻ നൽകിയിരുന്നില്ല-ചായക്കട പണി തന്നെ ഫലമോ? ആദ്യത്തെ പരീക്ഷയിൽ വേലപ്പൻ തോറ്റു-പിന്നെ മദ്രാസ്സിലേയ്ക്ക് ഒരു ഒളിച്ചോട്ടമായിരുന്നു. അവിടെയൊരു മലയാളി കുടുബത്തിന്റെ സംരക്ഷണം ലഭിച്ച വേലപ്പൻ പത്താംതരം പാസ്സായി. ടെലഫോൺസിൽ ഉദ്യോഗവും നേടിയിട്ടാണ്-സ്വന്തം കാലിൽ നിൽക്കുവാനുള്ള-ഒരു വരുമാന മാർഗ്ഗം നേടിയിട്ടാണ് കുടുംബാംഗങ്ങളോടൊപ്പം വീണ്ടും ചേർന്നത്. അപ്പോഴും താമസം പ്രത്യേകമായിരുന്നു. ലോഡ്ജുകളിലോ സുഹൃത്തിന്റെ വീട്ടിലോ-
സംഭവബഹുലമായ തന്റെ ജീവിതം-തന്റെ വിവാഹജീവിതം-തന്റെ പ്രവാസി ജീവിതം-തന്റെ രണ്ടാം ജന്മം 'ഒരു മന്ദാരപൂപോലെ' എന്ന ഹൃദയസ്പർശിയായ ചെറു പുസ്തകത്തിലൂടെ പഴയ വേലപ്പൻ എന്ന ഇന്നത്തെ ജെയിംസ് വി എബ്രഹാം കുറിച്ചിടുന്ന വരികൾ നോക്കൂ..........
അറുപതുകളിൽ അമ്പതിനായിരത്തിൽ താഴെ ജനസംഖ്യയുണ്ടായിരുന്ന തിരുവനന്തപുരം നഗരത്തിന്റെ മാറിയ മുഖഛായ കണ്ട് ഞാനിന്ന് അമ്പരന്നു പോകുകയാണ്. തിരിച്ചറിയാത്തവിധം നഗരം വികസിച്ചു. 34 വർഷത്തെ അമേരിക്കൻ ജീവിതത്തിന് വിരാമമിട്ട് മടങ്ങിയെത്തിയപ്പോൾ നഗരത്തിലെ ജനസംഖ്യ പത്ത് ലക്ഷത്തോടടുത്തിരിക്കുന്നു. ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ അമേരിക്കൻ കാർ കടന്നുപോയ അതേ റോഡിലൂടെ കാറോടിച്ചു പോകണമെന്നുള്ള എന്റെ കുട്ടിക്കാലത്തെ മോഹം സഫലമായത് ഏതോ ജന്മാന്തര പുണ്യം.
ഓർമ്മകളുടെ തീരഭൂമിയിലൂടെ മനസ്സ് സഞ്ചരിക്കുമ്പോൾ മുന്നിൽ തെളിയുന്നത് കർണ്ണികാരം പൂത്തുലഞ്ഞ കവടിയാറിലെ പഴയ രാജവീഥിയാണ്. അവിടെ നിന്ന് ആ യാത്ര 35 വർഷങ്ങളിലൂടെ സഞ്ചരിച്ച് അവസാനിക്കുമ്പോൾ മനസ്സിൽ ഒരു മന്ദാരപ്പൂ മാത്രം ബാക്കി..........
1971 ൽ തന്റെ ഉറ്റ സുഹൃത്തിനോടൊപ്പം നടത്തിയ ബോംബെയിൽ നിന്നുമുള്ള മടക്കയാത്രയിൽ തീവണ്ടിയിൽ വച്ച് പരിചയപ്പെട്ട കൊല്ലം പകൽകുറി സ്വദേശി ഏലിയാമ്മ എന്ന ബേബി-അന്ന് ഇംഗ്ലണ്ടിൽ നേഴ്‌സായി ജോലി നോക്കി വരികയായിരുന്നു. സംസാരമദ്ധ്യേ തന്റെ ഇളയ സഹോദരിയുടെ മുച്ചുണ്ടിന്റെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനുള്ള ഉപായം ബേബി വേലപ്പന്റെ സുഹൃത്തായ ഡോക്ടർ സുധാകരനോട് ആരാഞ്ഞു. കഥാനായകന്റെ അച്ഛന്റെ ചായക്കടയ്ക്ക് സമീപം അന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിെല പ്ലാസ്റ്റിക് സർജറിയുടെ തലവൻ ഡോ. പിഎ തോമസ്സ് സ്ഥിരതാമസമാക്കിയിട്ടുണ്ടായിരുന്നു. ബേബിയുടെ സഹോദരിയുടെ വൈരൂപ്യം മാറ്റുവാനുള്ള തീവ്ര ശ്രമങ്ങൾക്കിടയിൽ ഡോക്ടർ പിഎ തോമസ്സിന്റെ സേവനവും ഉറപ്പാക്കുവാൻ ശ്രമിക്കുക വഴി വേലപ്പൻ തുടങ്ങിയ ബന്ധം പിന്നീട് കാലാന്തരത്തിൽ ബേബിയുടെ ഭർത്താവായി ജെയിംസ് വി എബ്രഹാമായി കഥാനായകനെ മാറ്റി-ദീർഘനാളത്തെ സൗഹൃദം പിന്നീട് ആരുടേയും സമ്മർദ്ദമില്ലാതെ ക്രിസ്തുമതം സ്വീകരിക്കുവാൻ കഥാനായകനെ പ്രേരിപ്പിക്കുകയാണുണ്ടായത്.
നായികയോ-തനിക്ക് വിവാഹമേ വേണ്ട പകരം കന്യാസ്ത്രീയായി ജീവിച്ചാൽ മതിയെന്ന് ദൃഢമായ തീരുമാനവുമായി കാലം കഴിച്ചവൾ-പക്ഷേ, മനുഷ്യന്റെ തീരുമാനങ്ങൾ കാലാന്തരത്തിൽ മറ്റു പല കാരണങ്ങളാൽ വഴിമാറി പോകുന്നതുപോലെ ഇവിടെയും സംഭവിച്ചു. വീണ്ടും നേഴ്‌സായി വിദേശത്ത് സേവനം നേടുന്നതിനും തനിക്കുവേണ്ടി മാത്രം-തന്നോട് ഒന്നിച്ചൊരു ജീവിതം പങ്കിടുവാൻ മാത്രം മതം മാറിയ സുഹൃത്തിനെ ഭർത്താവായി സ്വീകരിച്ച് അനേകവർഷം തന്റെ കുടുംബത്തേയും ഭർത്താവിന്റെ സഹോദരങ്ങളേയും മാതാപിതാക്കളേയും വിദേശത്ത് കൂട്ടിക്കൊണ്ടുപോയി ഒപ്പം താമസിപ്പിച്ച്-അകാലത്തിൽ ക്യാൻസർ ബാധിതയായി ഇഹലോകവാസം വെടിഞ്ഞ കഥാനായിക ബേബി.
കുട്ടികളില്ലാത്ത ദുഃഖംപോലും മറന്ന് അവശരും ആലംബഹീനരുമായ ക്യാൻസർ രോഗികളുടെ പരിചരണത്തിനായി തന്റെയും ഭാര്യയുടെയും മുഴുവൻ സമ്പാദ്യവും ഓർത്തഡോക്‌സ് സഭയുടെ കീഴിലുള്ള കാരണ്യ ഗൈഡൻസ് സെന്ററർ മുഖാന്തിരം ചെലവഴിക്കുന്നു. ജെയിംസ് എന്ന കർത്താവിന്റെ ദത്തുപുത്രൻ-ഒരു രണ്ടാം ജന്മത്തിലൂടെ..................പുണ്യം നേടുന്നു......................