ലക്ഷ്മിക്കുട്ടി അമ്മയ്ക്ക് പത്മപുരസ്‌കാരം നൽകിയത് ഉചിതമാണു. പി.പരമേശ്വരനു നൽകിയതിനോടും വിയോജിപ്പില്ല. എന്നാൽ സംസ്ഥാന സർക്കാർ നൽകിയ പട്ടിക പാടേതള്ളിയത് ശരിയായില്ല മന്ത്രി എ.കെ.ബാലൻ.

മന്ത്രിയോട് പൂർണ്ണമായും യോജിക്കാൻ പ്രയാസമുണ്ട്. പട്ടികയിൽകണ്ട 99%വും പ്രാഞ്ചികളാണു. ഇന്ത്യയിലെ ചെറിയ മനുഷ്യർക്കുള്ള വലിയ പുരസ്‌കാരമാണു പത്മ. അതു ജനങ്ങൾക്ക് ഉപകാരമുള്ളവർക്കു വേണം കൊടുക്കേണ്ടത്. വൈദ്യരമ്മ ലക്ഷ്മിക്കുട്ടിക്കും, കർണ്ണാടകയിലെ വയറ്റാട്ടി സുലഗട്ടി നരസമ്മയ്ക്കും കൊടുത്ത പത്മപുരസ്‌കാരങ്ങൾ ഉദാഹരണം. അർബ്ബൻ എലിറ്റുകൾക്കു ചുമ്മാ അഭിമാനിക്കാൻ കൊടുക്കുന്നതാകരുത് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അവാർഡുകൾ. അതു ഓരോ അംശത്തിലും ഇന്ത്യാക്കാരായിട്ടുള്ളവർക്ക്തന്നെ കിട്ടണം.

ഇന്ത്യൻ സയൻസ്റ്റിസ്റ്റുകളും, ഡോക്ടറന്മാരും, എഞ്ജിനിയറന്മാരും, സാഹിത്യകാരന്മാരും നോബേൽ സമ്മാനത്തിനു ശ്രമിക്കട്ടെ. അവർ പരിഗണിക്കപ്പെടേണ്ടത് ആഗോളതലത്തിലല്ലെ. അവരുടെ ശ്രേഷ്ഠത ആ തലത്തിൽ പരീക്ഷിക്കപ്പെടട്ടെ. അല്ലാതെ അവർക്കെന്തിനാണു പത്മകൾ?

മോഹൻ ലാലിനും, മമ്മൂട്ടിക്കും ഇനിയൊരു പുരസ്‌കാരം വേണോ? തങ്ങളുടെ പ്രഫഷൻ കൊണ്ട് പ്രശസ്തിയും, പണവും ഉണ്ടാക്കിയവരാണവർ. അവരർഹിക്കുന്ന പ്രതിഫലം കൊടുത്താണു ജനം അവരുടെ സേവനം ഇപ്പോൾ ഉപയോഗപ്പെടുത്തുന്നതു. ഇനിയൊരു പത്മ അവർക്കെന്തിനു? അവരൊക്കെ ഓസ്‌കാറിനു നോക്കട്ടെ.

ലക്ഷ്മിക്കുട്ടിയേപ്പോലെ ഒരു ജോഡിവസ്ത്രവും, ഓലപ്പുരയും മാത്രമുള്ളവരല്ല ലിസ്റ്റിലുള്ളവരൊന്നും. എസ്റ്റാബ്ലിഷ്‌മെന്റിനൊപ്പം നിന്നു വിജയിച്ചവരാണു മിക്കപേരും. എങ്കിൽ ഒരു പത്മകൂടിയിരിക്കട്ടെ എന്നേയുള്ളു. അവാർക്കൊന്നും രാഷ്ട്രം ഒരു ബഹുമതിയും നൽകണ്ട കാര്യമില്ല. അതിനൊക്കെയുള്ള പ്രതിഫലം സമ്പത്തായും സ്ഥാനങ്ങളായും ജനം നൽകിക്കഴിഞ്ഞു. അങ്ങനെയുള്ളവരേയെല്ലാം പത്മയിൽ നിന്നൊഴിവാക്കണം.

പകരം കല്ലൻ പൊക്കുടനേയും, മയിലമ്മയേയും (ഇരുവരും ഇന്നില്ല) പോലുള്ളവരേയാണു ഇനി പരിഗണിക്കേണ്ടത്. അത്തരത്തിൽ അർഹതയുള്ള അനേകർ ഇന്ത്യയിലുണ്ട്. ലിസ്റ്റിൽ കണ്ടപേരിൽ നാരായണ ഭട്ട് അർഹനാണു. ഒപ്പം പരിഗണിക്കാവുന്ന മറ്റൊരു പേരാണു പത്തനംതിട്ടയിലെ ഡോ.(ശ്രീമതി) എം.എസ്.സുനിൽ. കാസർഗോട്ട് സ്വന്തം സ്ഥലത്തു കാടുവച്ചുപിടിപ്പിച്ച കരീം മറ്റൊരാൾ. ആലപ്പുഴയിലെ ദയാൽ, മുതുകുളത്തെ ദേവകിയമ്മ, തങ്കമണി, മലപ്പുറത്തെ പ്ലാവ് ജയൻ തുടങ്ങിയവരേയൊക്കെയാണു ഇനി പരിഗണിക്കേണ്ടത്. അവരൊന്നും ജനത്തിന്റെ ചെലവിൽ സേവനം ചെയ്യുന്നവരല്ല. ജീവിതം തന്നെ സമൂഹത്തിനു സമർപ്പിച്ചവരാണു. അതും സമൂഹത്തിൽ നിന്നു ഒന്നും തിരിച്ചെടുക്കാതെ. അവർക്കു നൽകുമ്പോൾ പുരസ്‌കാരങ്ങൾ ആദരിക്കപ്പെടും. ഇനിയെങ്കിലും പട്ടിക സമർപ്പിക്കുമ്പോൾ അങ്ങനെയുള്ളവരെ കണ്ടെത്തി വേണം കൊടുക്കേണ്ടതെന്നു വിനീതമായ ഒരഭ്യർത്ഥനയുണ്ട്.

കാരണം, അഞ്ചുപതിറ്റാണ്ടായി നാടിനും പ്രകൃതിക്കും ദോഷമുണ്ടാക്കുന്ന അർബ്ബൻ എലീറ്റുകളുടെ പ്രവർത്തികൾക്ക് പരിഹാരം ചെയ്യുന്നവരാണു അവർ.

ഒന്നുകൂടി.... മത, രാഷ്ട്രീയ, മേഖലകളിൽ നിന്നു ഒരാൾപോലും പത്മ കൊണ്ടലങ്കരിക്കപ്പെടരുത്. ആത്മീയത ത്യാജമാണു. രാഷ്ട്രീയം ഭരണവും. അവരാണല്ലോ പുരസ്‌കാരങ്ങൾ കൊടുക്കുന്നത്.