കൊച്ചി: മയക്കുമരുന്ന് മാഫിയയുടെ കഥയാണ് പത്മരാജൻ ചിത്രമായ സീസൺ പറഞ്ഞത്. ഈ സിനിമയുടെ അഭിനയത്തിന് ശേഷം അതിലെ നടൻ അശോകനേയും പൊലീസ് പിടിച്ചു. മയക്കുമരുന്ന് ഉപയോഗിച്ചതായിരുന്നു പ്രശ്‌നം. ശത്രുക്കൾ ഒറ്റുകാരായപ്പോൾ ഇല്ലാത്ത കുറ്റത്തിന് അശോകൻ ദുബായ് പോലസിന്റെ പിടിയിലായി. ആ കഥ അശോകൻ ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്

സീസണിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ സമയം. ഷൂട്ടിങ് കഴിഞ്ഞ് അശോകൻ ഷാർജയിലേക്കാണ് പോയത്. പുറത്തെല്ലാം കറങ്ങി നടന്ന് രാത്രി ഹോട്ടൽ മുറിയിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ദുബായ് പൊലീസ് അശോകനെ അന്വേഷിച്ചു വന്നത്. വന്ന പാടെ എവിടെയാണ് മയക്കുമരുന്ന് ഒളിപ്പിച്ചു വച്ചത് എന്നായിരുന്നു പൊലീസുകാരുടെ ചോദ്യം. രണ്ടു തടിമാടന്മാരായ പൊലീസുകാർ അശോകനെ തടഞ്ഞുവച്ച ചോദ്യം ചെയ്യലും ആരംഭിച്ചു.

പൊലീസിന്റെ ചോദ്യം ചെയ്യലിൽ അശോകൻ ആകെ വിരണ്ടുപോയി. താൻ സിഗരറ്റു പോലും വലിക്കില്ലെന്ന് ആണയിട്ടു പരഞ്ഞിട്ടും അതൊന്നും അവർ വിശ്വസിച്ചതുമില്ല. താമസിച്ചിരുന്ന മുറി മുഴുവൻ പരിശോധിച്ചു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി അശോകനെ സ്റ്റേഷനിലേക്കും കൊണ്ടുപോയി.ഇടയ്ക്കിടെ നിരപരാധിയാണ് താനെന്ന് അശോകൻ ആവർത്തിച്ചെങ്കിലും പൊലീസ് അത് മുഖവിലയ്ക്കെടുത്തില്ല.

ഈ വിവരമറിഞ്ഞ് അശോകന്റെ സ്പോൺസർ സ്ഥലത്തെത്തിയെങ്കിലും ദുബായ് പൊലീസ് അയഞ്ഞില്ല. അശോകൻ മയക്കുമരുന്ന് കുത്തിവെക്കുന്ന ഫോട്ടോ സഹിതമാണ് അവർ അന്വേഷണം ആരംഭിച്ചത് എന്നായിരുന്നു അവരുടെ വാദം. അശോകൻ അഭിനയിച്ച പ്രണാമം എന്ന ചിത്രത്തിലെ രംഗമായിരുന്നു അത്. അശോകനോട് ദേഷ്യമുള്ള ശത്രുക്കളിലാരോ ആ ഫോട്ടോ പൊലീസിന് കൈമാറുകയായിരുന്നു.

സംഭവം നടന്ന് പിറ്റേന്ന് പുറത്തിറങ്ങിയ പത്രത്തിൽ അശോകന് അവാർഡ് കിട്ടിയ വാർത്ത ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ചിരുന്നു. തങ്ങൾക്ക് തെറ്റു പറ്റിയെന്ന് മനസിലായ ദുബായ് പൊലീസ് ഒടുവിൽ അശോകനോടു മാപ്പു പറയുകയും ചെയ്തു.