ദുബായ്: ആരോഗ്യത്തിലെ കേരളാ മോഡൽ ഇന്ത്യയിൽ നമ്പർ വണ്ണാണ്. പക്ഷേ പ്രവാസികൾ കോവിഡുകാലത്ത് കേരളത്തിലെ പരിശോധനയിൽ വലയുകയാണ്. പുറത്തെ ആർടി പിസിആർ പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആയ ഗൾഫ് യാത്രക്കാരൻ തിരുവനന്തപുരം വിമാനത്താവളത്തിലെ പരിശോധനയിൽ പോസിറ്റീവ്. യാത്ര മുടങ്ങിയതോടെ വീണ്ടും പുറത്തെത്തി പരിശോധിച്ചപ്പോൾ നെഗറ്റീവ്. ഇതാണ് ഏവരേയും അത്ഭുതപ്പെടുത്തുന്നത്. നെടുമ്പാശേരിയിൽ എത്തിയപ്പോൾ അവിടെ നെഗറ്റീവ്. അങ്ങനെ വീട്ടിലെത്തി.

പ്രവാസ ലോകത്ത് സാമൂഹിക ഇടപെടലുകളിലൂടെ ശ്രദ്ധേയനായ അഷറഫ് താമരശ്ശേരിക്ക് അടക്കം ഇതാണ് പറയാനുള്ളത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നിയന്ത്രണം ഇപ്പോൾ അദാനിക്കാണ്. എന്നിട്ടും ഇതെല്ലാം സംഭവിക്കുന്നു. അഷറഫ് താമരശ്ശേരി നെടുമ്പാശേരി വിമാനത്താവളം വഴിയാക്കി യാത്ര. അവിടെ പരിശോധിച്ചപ്പോഴും നെഗറ്റീവ്. വിമാനത്താവളത്തിലെ കോവിഡ് പരിശോധന കൊണ്ട് വലയുകയും പണം നഷ്ടമാകുകയും ചെയ്തതിന്റെ അനുഭവം പങ്കുവച്ചത് അഷറഫ് താമരശ്ശേരിയാണ്.

തിരുവനന്തപുരത്ത് ചടങ്ങിൽ പങ്കെടുക്കാനാണ് ഗൾഫിൽ നിന്ന് അടിയന്തരമായി എത്തിയത്. കഴിഞ്ഞദിവസം മടങ്ങാനായി ആർടിപിസിആർ നെഗറ്റീവ് രേഖയുമായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് അവിടെ ഫലം പോസിറ്റീവ് ആയത്. യാത്ര അനുവദിക്കില്ലെന്ന് പറഞ്ഞതോടെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വീണ്ടും പരിശോധന നടത്തിയപ്പോഴും കുഴപ്പമില്ലെന്ന് ഡോക്ടർ സ്ഥിരീകരിച്ചു. തുടർന്ന് കൊച്ചി വഴി പോരാമെന്ന് തീരുമാനിച്ചു. അവിടെ പരിശോധിച്ചപ്പോഴും നെഗറ്റീവായിരുന്നു ഫലം-അഷറഫ് താമരശ്ശേരി പറയുന്നു. തിരുവനന്തപുരത്ത് ഇത്തരം നിരവധി പേർക്ക് യാത്ര മുടങ്ങിയിട്ടുണ്ടെന്നാണ് സൂചന.

തിരുവനന്തപുരം വിമാനത്താവളത്തിനെതിരെയാണ് ഈ പരാതി തെളിവ് സഹിതം പുറത്തു വരുന്നത്. അദാനി ഏറ്റെടുത്ത ഈ വിമാനത്താവളത്തിലൂടെ ഇങ്ങനെ വന്നാൽ ആരും വിദേശത്തേക്ക് യാത്ര ചെയ്യില്ല. യാത്ര കൂലിയും ഇവിടെ കൂടുതലാണ്. പാർക്കിങ് ഫീസ് കുറച്ച് മേനി നടിക്കുന്ന തിരുവനന്തപുരം വിമാനത്താവളത്തിന് നാണക്കേടാണ് അഷറഫ് താമരശ്ശേരിയുടെ കുറിപ്പ്. സംസ്ഥാന സർക്കാരുമായി പടവെട്ടിയാണ് വിമാനത്താവള നിയന്ത്രണം അദാനി ഏറ്റെടുത്തത്. അതുകൊണ്ട് തന്നെ ഈ വിമാനത്താവളത്തിനെതിരെ പരാതി ഏറെ ഗൗരവതരവുമാണ്. ആർ ടി പി സി ആർ അട്ടിമറി ഉണ്ടോ എന്ന സംശയവും ശക്തം.

അഷറഫ് താമരശ്ശേരിയുടെ വെളിപ്പെടുത്തൽ കുറിപ്പ് ഇങ്ങനെ

രണ്ട് ദിവസം മുമ്പ് ഒരു സ്വകാരൃ ചടങ്ങിൽ പങ്കെടുക്കുവാൻ തിരുവനന്തപുരത്ത് വന്നതായിരുന്നു. ചടങ്ങ് കഴിഞ്ഞ് ഇന്നലെ (27/12/2021) രാത്രി 2.55 ന് (G9447) തിരുവനന്തപുരത്ത് നിന്ന് ഷാർജയിലേക്കുള്ള Air Arabia യുടെ വിമാനത്തിൽ യാത്ര ചെയ്യുവാനുള്ള തയ്യാറെടുപ്പിൽ 2490 രൂപ അടച്ച് Rapid Test ചെയ്തപ്പോൾ Result postive. താങ്കൾക്ക് നിയമപരമായി യാത്ര ചെയ്യുവാൻ കഴിയില്ലായെന്ന് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്, പുറത്തേക്കുള്ള വഴിയും കാണിച്ച് തന്നു. സമയം നോക്കിയപ്പോൾ രാത്രി 11 മണിയായി. 24 മണിക്കൂറിന് മുമ്പ് ഷാർജ വിമാനത്താവളത്തിൽ നിന്ന് എടുത്ത RTPCR ന്റെ Result നെഗറ്റീവ് ആയിരുന്നല്ലോ. അതുകൊണ്ട് ഒന്നും കൂടി ടെസ്റ്റ് ചെയ്യാമോ എന്ന് ഉദ്യോഗസ്ഥരോട് അപേക്ഷിച്ച് നോക്കി. ഒരു രക്ഷയുമില്ല എന്നതായിരുന്നു മറുപടി. ഗൾഫിൽ പോയി കൊറോണ ഒക്കെ കൊണ്ട് വന്നിട്ട് ഇപ്പോൾ ഇവിടെത്തെ മെഷീനാണോ കുഴപ്പം എന്നതായിരുന്നു ഉദ്യോഗസ്ഥരുടെ ചോദ്യം.

സമയം കളയാതെ ഇവിടെ നിന്ന് പൊയക്കോ എന്ന ദാർഷ്ഠ്യം കലർന്ന മറുപടിയും. രണ്ട് മയ്യത്തുകളാണ് എന്റെ വരവും കാത്ത് മോർച്ചറിയിൽ കിടക്കുന്നത് എന്ന് ടാക്‌സി സ്റ്റാൻഡിൽ നിന്നും ഞാൻ ആലോചിക്കുകയായിരുന്നു. തീരെ ഒഴിവാക്കുവാൻ കഴിയാത്തതുകൊണ്ടാണ് ഈ ചടങ്ങിലേക്ക് വന്നതും. ജീവിച്ചിരിക്കുന്നവരോട് പോലും ഒട്ടും ബഹുമാനമില്ലാത്ത ഈ ഉദ്യോഗസ്ഥന്മാരോട് മയ്യത്തിന്റെ കാര്യം പറയുന്നതിൽ എന്ത് അർഥം. ഒരു വഴിയും മുന്നിൽ കാണുന്നില്ലല്ലോ പടച്ചവനേ എന്ന് ചിന്തിക്കുമ്പോഴാണ് ഒരു ആശയം തോന്നിയത്. നെടുമ്പാശ്ശേരി വഴി ഒന്ന് പോയി നോക്കാം എന്ന് കരുതി തിരുവനന്തപുരത്ത് നിന്നും ടാക്‌സിയിൽ നേരെ വെച്ച് പിടിച്ചു. രാവിലെ 10.10 ന് കൊച്ചിയിൽ നിന്നും ഷാർജയിലേക്ക് പോകുന്ന IX 413 Air india express ന്റെ ടിക്കറ്റ് online ൽ എടുക്കുകയും ചെയ്തു. വെളുപ്പിന് 4.45 ന് നെടുമ്പാശ്ശേരിയിൽ എത്തുകയും അവിടെയും 2490 രൂപ അടച്ച് Rapid Test ന് വിധേയമായി. അരമണിക്കൂർ കഴിഞ്ഞ് Result വന്നപ്പോൾ ഫലം നെഗറ്റീവ്.

നോക്കൂ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് വന്നപ്പോൾ എന്റെ കോവിഡ് മാറിയോ. വെറും 7 മണിക്കൂർ കൊണ്ട് കോവിഡ് മാറാനുള്ള മരുന്ന് ഞാൻ കഴിച്ചോ...? പിന്നെ എന്താണ് ഇവിടെ സംഭവിച്ചത്. നിങ്ങളുടെ സംവിധാനങ്ങൾ ഇപ്പോഴും പഴയത് തന്നെയാണ്. അതുപോലെ നിങ്ങളുടെ മനോഭാവവും. ഇത് രണ്ടും മാറിയാലെ നമ്മുടെ സമൂഹം രക്ഷപ്പെടൂ. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒന്ന് ആലോചിക്കണം. ഈ നിലവാരമില്ലാത്ത മെഷീനും വെച്ച് Rapid Test ചെയ്യുവാൻ ഇരിക്കുന്ന സ്വകാരൃ കമ്പനികളെ നിങ്ങൾ ഒഴിവാക്കണം. എത്രയോ പാവപ്പെട്ട പ്രവാസികളെയാണ് Result postive ആണെന്ന് പറഞ്ഞ് ഇവർ തിരിച്ച് അയക്കുന്നത്. ഇത് മൂലം അവർക്കുണ്ടാകുന്ന നഷ്ടങ്ങൾ ആര് തിരിച്ച് നൽകും...?. ഇന്നലെ തന്നെ എനിക്ക് സമയവും പോയത് കൂടാതെ സാമ്പത്തികമായി വലിയ നഷ്ടവും സംഭവിച്ചു. അധികാരികൾ ഇത്തരം കാരൃങ്ങൾക്ക് നേരെ കണ്ണടക്കരുത്. പ്രവാസികളെ ചൂക്ഷണം ചെയ്യുന്ന ഇത്തരം കാര്യങ്ങൾ അവസാനിപ്പിക്കണം......

ഒടുവിൽ ഷാർജ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ നടത്തിയ ടെസ്റ്റിലും ഫലം നെഗറ്റീവ് ആയിരുന്നു.
അഷ്‌റഫ് താമരശ്ശേരി