- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെമ്പൈ മാതൃകയിൽ അഷ്ടപദി സംഗീതോത്സവം; മെയ് ഒന്നിന് നടത്താൻ ഗുരുവായൂർ ദേവസ്വം; മികച്ച കലാകാരന് ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്‌കാരം നൽകും
ഗുരുവായൂർ: വിശ്വ പ്രസിദ്ധമായ ചെമ്പൈ സംഗീതോൽസവ മാതൃകയിൽ അഷ്ടപദി സംഗീതോൽസവം നടത്താൻ ഗുരുവായൂർ ദേവസ്വം തീരുമാനം. അഷ്ടപദിയിൽ മികവ് തെളിയിച്ച ഒരു കലാകാരന് ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്‌കാരം നൽകും.
അഷ്ടപദി സംഗീതോൽസവത്തിന്റെ വിജയകരമായ നടത്തിപ്പിനായി ഭരണ സമിതി അംഗം ചെങ്ങറ സുരേന്ദ്രനെ സബ് കമ്മിറ്റി കൺവീനറായി ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ചെയർമാൻ ഡോ. വികെ.വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഭരണ സമിതി യോഗമാണ് തീരുമാനമെടുത്തത്.
പ്രാചീന ക്ഷേത്ര കലാരൂപമായ അഷ്ടപദിയെ പ്രോൽസാഹിപ്പിക്കാനും ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടപദിക്കുള്ള പ്രാധാന്യം പരിഗണിച്ചുമാണ് ഇതാദ്യമായി അഷ്ടപദി സംഗീതോത്സവം നടത്താൻ ദേവസ്വം തീരുമാനിച്ചത്. വൈശാഖ മാസാരംഭമായ മെയ് ഒന്നിനാണ് അഷ്ടപദി സംഗീതോൽസവം. ഏപ്രിൽ 30ന് ജയദേവ കവിയുടെ ഗീതഗോവിന്ദത്തെ ആസ്പദമാക്കിയുള്ള ദേശീയ സെമിനാറോടെയാകും അഷ്ടപദി സംഗീതോൽസവം തുടങ്ങുക.
അന്ന് വൈകുന്നേരം അഷ്ടപദിയിൽ മികവ് തെളിയിച്ച കലാകാരന് ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്‌കാരം സമ്മാനിക്കും. തുടർന്ന് പുരസ്‌കാര ജേതാവിന്റെ അഷ്ടപദി കച്ചേരിയും അരങ്ങേറും. മെയ് ഒന്നിന് രാവിലെ ഏഴ് മുതൽ സംഗീതോൽസവം ആരംഭിക്കും. ദേവസ്വം ഭരണസമിതി യോഗത്തിൽ അംഗങ്ങളായ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പിസി ദിനേശൻ നമ്പൂതിരിപ്പാട്, ചെങ്ങറ സുരേന്ദ്രൻ എക്‌സ് എംപി, അഡ്വ. കെവിമോഹന കൃഷ്ണൻ, അഡ്‌മിനിസ്‌ട്രേറ്റർ കെപി വിനയൻ എന്നിവരും സന്നിഹിതരായി.
മറുനാടന് മലയാളി ബ്യൂറോ