ന്ത്യയിൽനിന്ന് മിടുക്കരായ വിദ്യാർത്ഥികളെ സ്വന്തമാക്കുന്നത് ഗൂഗിളിന്റെ പതിവാണ്. ഇക്കുറിയും അതിന് മാറ്റമില്ല. അടുത്തിടെ, ഡൽഹി സാങ്കേതിക സർവകലാശാലയിലെ ചേതൻ കക്കാറിനെ 1.27 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഗൂഗിൾ ഇപ്പോൾ പട്‌ന ഐഐടിയിൽ പഠിക്കുന്ന 21-കാരൻ അശുതോഷ് അഗർവാളിനെ 1.80 കോടി രൂപ വാർഷിക ശമ്പളത്തിൽ സ്വന്തമാക്കി.

ലഖ്‌നൗ സ്വദേശിയായ അശുതോഷ് ഐഐടിയിൽ കമ്പ്യൂട്ടർ സയൻസ് അവസാന വർഷ വിദ്യാർത്ഥിയാണ്. ഓഫ്-ക്യാമ്പസ് പ്ലേസ്‌മെന്റിലൂടെയാണ് ഗൂഗിളിൽ ജോലി ലഭിച്ചത്. ഏഴാം സെമസ്റ്ററിൽ പഠിക്കവെ ന്യുയോർക്കിലെ ഗൂഗിൾ ആസ്ഥാനത്ത് മൂന്നുമാസത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ അശുതോഷിനെ അതിനുശേഷം നടന്ന ഒട്ടേറെ അഭിമുഖങ്ങൾക്കുശേഷമാണ് ഗൂഗിൾ ജോലി നൽകിയത്. ബിരുദപഠനം പൂർത്തിയാകുന്ന മുറയ്ക്ക് അശുതോഷിന് ഗൂഗിളിൽ ചേരാം.

ഇന്റേൺഷിപ്പ് ചെയ്തുകൊണ്ടിരിക്കവെയാണ് അശുതോഷിന്റെ മികവ് മനസ്സിലാക്കിയ ഗൂഗിൾ അവിടെ ജോലി വാഗ്ദാനം ചെയ്യുന്നത്. സ്വപ്‌നസാക്ഷാത്കാരമെന്നാണ് ഈ അവസരത്തെ ഈ മിടുക്കൻ വിലയിരുത്തുന്നത്. എന്നാൽ, ഇത് തന്റെ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചവിട്ടുപടി മാത്രമാണെന്ന് അശുതോഷ് പറയുന്നു.

ചെറുകിട വ്യവസായിയായ ഗോപാൽ കൃഷ്ണ അഗർവാളിന്റെയും അൽക്ക അഗർവാളിന്റെയും മകനാണ് അശുതോഷ്. മകന്റെ നേട്ടത്തിൽ ഇരുവരും ഏറെ ആഹ്ലാദിക്കുന്നു. കഠിനാധ്വാനമാണ് മകന്റെ വിജയത്തിന് വഴിയൊരുക്കിയതെന്ന് അവർ പറയുന്നു. നാലാം സെമസ്റ്റർ പൂർത്തിയാക്കിയതിനുശേഷവും അശുതോഷ് ഗൂഗിളിനു വേണ്ടി പ്രവർത്തിച്ചിരുന്നു. വീട്ടിലിരുന്നുകൊണ്ട് ഓപ്പൺ സോഴ്‌സിൽ കോഡുകൾ തയ്യാറാക്കുകയായിരുന്നു അന്ന്.

അതു പൂർത്തിയാക്കിയ ഉടൻ ഗൂഗിൾ ജോലിക്കുചേരാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അശുതോഷ് ബിരുദം പൂർത്തിയാക്കിയിട്ടില്ലെന്നതിനാൽ അന്നത് സാധിച്ചില്ല. എന്നാൽ, അവസാന സെമസ്റ്ററായതോടെ, ഇന്റേൺഷിപ്പ് നൽകിയ ഗൂഗിൾ അശുതോഷിന്റെ മികവ് വീണ്ടും പരിശോധിച്ച് തൃപ്തരാവുകയും ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇന്ററാക്ടീവ് മീഡിയ അഡ്വർടൈസ്‌മെന്റ് വിഭാഗത്തിലാവും അശുതോഷ് പ്രവർത്തിക്കുക.