കോട്ടയം : കെവിന്റെ മരണവുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ എഎസ്ഐ ബിജുവിനെയും ഡ്രൈവറേയും പൊലീസ് അറസ്റ്റ് ചെയ്തു. തടയാനാകുമായിരുന്ന ഒരു കുറ്റകൃത്യത്തിന് അറിഞ്ഞ് കൊണ്ട് കൂട്ട് നിന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കെവിനെ തട്ടിക്കൊണ്ട് പോയത് ഇവർക്ക് അറിയാമായിരുന്നുവെന്നതാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കെവിൻ കൊല്ലപ്പെടുന്നതിന് തലേദിവസം തന്നെ പട്രോളങ്ങിനിടെ പ്രതികൾ എഎസ്ഐ ബിജുവിന്റേയും സംഘത്തിയും കൈയിൽപെട്ടിരുന്നു. ഒരു മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പക്ഷെ കൂടുതൽ അന്വേഷണം നടത്താതെ വെറുതെവിട്ടു. ഈ സാഹചര്യത്തിലാണ് പൊലീസുകാർക്കെതിരെ നടപടി.

കുറ്റകൃത്യം നടത്തിയത് തലേദിവസം കണ്ട അതേ ചെറുപ്പക്കാരാണെന്ന് ബോധ്യമായിട്ടും തുടർ നടപടികൾ കൈക്കൊണ്ടില്ലെന്നാണ് ബിജുവിനെതിരായുള്ള കുറ്റം. പ്രതികളുടെ മൊബൈൽ ഫോൺ നമ്പർ അടക്കം കൈയിലുണ്ടായിരുന്നിട്ടും വിളിച്ച് നോക്കാൻ പോലും തയ്യാറായില്ല. ഇതിനിടെ പതിനായിരം രൂപ കൈക്കൂലി വാങ്ങിയാണ് ബിജു കുറ്റകൃത്യത്തിന് കൂട്ട് നിന്നതെന്ന് ക്രൈംബ്രാഞ്ചും റിപ്പോർട്ട് നൽകിയിരുന്നു. മാത്രമല്ല എഎസ്ഐക്ക് കുറ്റകൃത്യത്തെക്കുറിച്ച് അറിയാമെന്ന് കരുതുന്ന തരത്തിലുള്ള ഓഡിയോയും പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് എഎസ്ഐയെ അറസ്റ്റ് ചെയ്തത്. കെവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ പൊലീസുകാർ സഹായിച്ചിട്ടുണ്ടെന്ന് ഐ.ജി വിജയ് സാഖറെ റിപ്പോർട്ട് നൽകിയിരുന്നു. പുറത്ത് വന്ന ഫോൺ സംഭാഷണം എഎസ്ഐയും ഷാനുചാക്കോയും തമ്മിലാണ്. ഇക്കാര്യം വ്യക്തമായിട്ടുണ്ടെന്നും വിജയ് സാഖറെ പറഞ്ഞു.

നിലവിൽ ആറ് പേർ പൊലീസുകാർ സംശയ നിഴിലിലാണ്. ബുധനാഴ്ച രാവിലയോടെയായിരുന്നു എഎസ്ഐയുമായി മുഖ്യപ്രതി സംസാരിക്കുന്ന ഓഡിയോ പുറത്ത് വന്നത്. ഇതോടെ കേസിൽ പൊലീസിന്റെ കൃത്യമായ ഇടപെടൽ വ്യക്തമാവുകയും ചെയ്തിരുന്നു. തട്ടിക്കൊണ്ട് പോകൽ നടന്നത് പൊലീസിന്റെ അറിവോടെയാണെന്നും ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന ബിജുവിന് തട്ടിക്കൊണ്ട്‌പോകലിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും ഐജിയുടെ റിപ്പോർട്ടിൽ വ്യക്തമായിരുന്നു. കുറ്റകൃത്യത്തിൽ പൊലീസ് നേരിട്ട് പങ്കാളിയായി എന്ന് തെളിയിക്കുന്ന വിവരങ്ങൾ അടങ്ങുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോയ ഷാനു ചാക്കോ അടക്കമുള്ളവർക്ക് പ്രാദേശിക സഹായം ലഭിച്ചുവെന്ന് കെവിന്റെ അച്ഛൻ മുമ്പ് പറഞ്ഞിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് ഐജിയുടെ റിപ്പോർട്ട്. പ്രാദേശിക സഹായം പൊലീസിൽ നിന്നു തന്നെയാണ് പ്രതികൾക്ക് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അതിനിടെ കെവിന്റെ ദുരഭിമാനക്കൊലക്കേസ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേസിലെ പ്രതികളെയെല്ലാം രക്ഷിക്കാനുള്ള ഗുഢനീക്കം സിപിഎമ്മിന്റെ നേതൃതലത്തിൽ നടക്കുന്നുണ്ട്. പാർട്ടി താത്പര്യം അനുസരിച്ച് മാത്രമാണ് നിലവിൽ അന്വേഷണം മുന്നോട്ടുപോകുന്നത്. കേസിൽ പ്രതിയായ പാർട്ടിക്കാരെ രക്ഷിക്കാനാണ് നീക്കം. അതിനാൽ പൊലീസ് അന്വേഷണത്തിൽ സത്യം പുറത്തുവരില്ലെന്നും സിബിഐ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

എസ്ഐയാണ് കുറ്റക്കാരനെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാൽ അന്വേഷണ സംഘത്തിന്റെ തലവനായ ഐജി വിജയ് സാഖറെ പറയുന്നത് എസ്ഐക്കെതിരേ കുറ്റമൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ്. എസ്ഐ നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയെന്ന് മാത്രമാണ് ഐജി പറയുന്നത്. ഇത്തരത്തിൽ മുഖ്യമന്ത്രിയും ഐജിയും പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊലീസിന്റെ വീഴ്ചയ്ക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെയാണ് കുറ്റം പറയുന്നത്. വിമർശനം ഉണ്ടാകുന്പോൾ മുഖ്യമന്ത്രിക്ക് എന്തിനാണ് സമനില തെറ്റുന്നത്. വിമർശനങ്ങളിൽ വസ്തുതയുണ്ടോ എന്ന് പരിശോധിച്ച് നടപടിയെടുക്കുകയല്ലേ വേണ്ടതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

എഎസ്ഐ ബിജുവിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. കേസ് അന്വേഷണം അട്ടിമറിച്ചത് ബിജുവാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. രാത്രിയിൽ ബിജുവിനൊപ്പം പട്രോളിംഗിനുണ്ടായിരുന്ന പൊലീസ് ജീപ്പ് ഡ്രൈവറെയും സസ്പെൻഡ് ചെയ്തിരുന്നു.