കോട്ടയം: പ്രണയവിവാഹത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അക്രമികൾക്ക് എല്ലാ സഹായവും നൽകിയ് എഎസ്‌ഐ ബിജു അടക്കമുള്ള രണ്ട് പൊലീസുകാർ കേസിൽ പ്രതിയാകും. എഎസ്‌ഐ ബിജുവിനേയും പൊലീസ് ജീപ്പ് ഡ്രൈവറേയും ഇന്ന് രാവിലെ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ രണ്ട് പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്തു വരികയാണ്. പൊലീസുകാർ പ്രതികളെ സഹായിച്ചെന്ന് ഐജി വിജയ് സാഖറെ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇരുവരേയും കസ്റ്റഡിയിൽ എടുത്തത്. കൈക്കൂലി വാങ്ങിയതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് ഇവരിൽ നിന്നും അന്വേഷിക്കുന്നത്.

മാന്നാനത്തെ വീട്ടിൽ അക്രമിസംഘം കഴുത്തിൽ വടിവാൾ വെച്ച് കെവിനെയും അനീഷിനെയും വാഹനത്തിൽ കയറ്റുമ്പോൾ ഈ പൊലീസ് ഉദ്യോഗസ്ഥൻ നോക്കി നിന്നെന്നും നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ അതിനെ അടക്കി വാഹനങ്ങൾക്ക് പോകാൻ അവസരം നൽകിയെന്നും ഐജിയുടെ അന്വേഷണത്തിൽ വ്യക്തമായി. തെന്മലയിൽ നിന്നുള്ള അക്രമിസംഘത്തിന് കെവിന്റെ ബന്ധു അനീഷിന്റെ വീട് കാട്ടിക്കൊടുത്തത് ആരാണെന്ന തരത്തിലുള്ള അന്വേഷണം പൊലീസ് തുടരുകയാണ്.

കെവിന്റെ തട്ടിക്കൊണ്ടുപോകലിൽ ഗാന്ധിനഗർ പൊലീസ് പങ്കാളിയായെന്ന് വ്യക്തമാക്കുന്ന ഐജിയുടെ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കേരളാ പൊലീസ് നാണക്കേട് കൊണ്ട് മുഖം കുനിക്കുന്നത്. എഎസ്‌ഐ ബിജുവിനെതിരേ റിപ്പോർട്ടിൽ പരാമർശമുണ്ട്. അക്രമികൾക്ക് വീട് കാട്ടിക്കൊടുത്തതും സംഘത്തെ പോകാൻ അനുവദിച്ചതും ബിജുവാണെന്ന് ഡിജിപിക്ക് ഐജി കൈമാറിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കൃത്യത്തിൽ പൊലീസ് പങ്കാളിയായി എന്നതിന്റെ വ്യക്തമായ സൂചനയാണ് ഐജി നൽകിയിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്. പ്രതി ഷാനു ഉൾപ്പെട്ട അക്രമിസംഘത്തിന് ബിജുവിന്റെ സഹായം കിട്ടിയെന്നാണ് പുതിയ കണ്ടെത്തൽ.

കാര്യങ്ങളറിഞ്ഞിട്ടും എഎസ്ഐ ബിജു മേലുദ്യോഗസ്ഥരെ ഇക്കാര്യങ്ങളൊന്നും അറിയിച്ചില്ല. തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞപ്പോൾ എഎസ്ഐ ബിജു മുഖ്യ പ്രതി ഷിനു ചാക്കോയെ വിളിച്ച് കെവിനെ തിരിച്ച് വീട്ടിലെത്തിക്കണമെന്ന് നിർദ്ദേശിച്ചു. തട്ടിക്കൊണ്ടുപോയ സംഭവത്തെ ഗൗരവമായി കണ്ടില്ലെന്നും റിപ്പോർട്ട് പറയുന്നു. തട്ടിക്കൊണ്ടുപോയ ഉടൻ സംഭവം പൊലീസ് അറിഞ്ഞു. തട്ടിക്കൊണ്ടുപോകൽ മനപ്പൂർവം പൂഴ്‌ത്തിയത് എഎസ്ഐയാണെന്നാണ് ഐജി അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. അന്വേഷണം അട്ടിമറിച്ചതും ഗാന്ധിനഗർ എഎസ്ഐ ബിജുവാണ്. ബിജു പ്രതികളുമായി രണ്ട് തവണ ഫോണിൽ സംസാരിച്ചിരുന്നു. ആറ് മണിക്ക് സംസാരിച്ചപ്പോൾ കെവിൻ രക്ഷപ്പെട്ടതായി ഷാനു പറഞ്ഞു. ഞായറാഴ്ച പുലർച്ചെ എഎസ്ഐ ബിജു മാന്നാനത്ത് എത്തിയിരുന്നു.

ഞായാറാഴ്ച രാവിലെ ഒമ്പത് മണിക്കാണ് എസ്ഐ ഷിബു വിവരം അറിയുന്നത്. അപ്പോഴും സംഭവത്തിന്റെ ഗൗരവം മനസിലാക്കാതെ കുടുംബപ്രശ്നമാക്കി മാറ്റി. കോട്ടയം ഡിവൈഎസ്‌പി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും തന്നെ അറിഞ്ഞില്ലെന്ന് കാണിച്ച് അദ്ദേഹത്തിന് റിപ്പോർട്ടിൽ ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ട്. അതേസമയം എസ്ഐ ഷിബുവിനൊപ്പം സസ്പെന്റ് ചെയ്യപ്പെട്ട എഎസ്ഐ സണ്ണിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന സണ്ണി നടപടിക്രമങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഫോൺ റെക്കോർഡിങ്സടക്കമുള്ള രേഖകൾ പരിശോധിച്ച ശേഷമാണ് പൊലീസിന് ഗുരുതര വീഴച പറ്റിയതായി ഐജി കണ്ടെത്തിയിരിക്കുന്നത്.

സംക്രാന്തിക്കാരനായ കെവിൻ ഐടിഐ പഠിച്ചത് അനീഷിന്റെ വീട്ടിൽ നിന്നായിരുന്നു. മാതാപിതാക്കൾ മരിച്ചതിനെ തുടർന്ന് തനിച്ചായ അനീഷിന്റെ വീട്ടിലായിരുന്നു കെവിൻ മിക്കവാറും. തട്ടിക്കൊണ്ടു പോകൽ നടന്ന ദിവസം നീനുവിനെ ലേഡീസ് ഹോസ്റ്റലിൽ ആക്കിയ ശേഷം കെവിൻ എത്തിയതും അനീഷിന്റെ വീട്ടിലായിരുന്നു. ചില സുഹൃത്തുക്കൾക്കൊപ്പം അർദ്ധരാത്രി വരെ സംസാരിച്ചിരുന്ന ശേഷമാണ് ഇരുവരും ഉറങ്ങിയത്. സംഭവത്തിൽ കെവിനുള്ള അനീഷിന്റെ വീട് കൃത്യമായി കണ്ടെത്താൻ അക്രമിസംഘത്തിന് സഹായകമായത് എഎസ്ഐയുടെ നിലപാടായിരുന്നു. ഇക്കാര്യത്തിലുള്ള ഫോൺവിളികളുടെ മൊബൈൽ ടവർ റിപ്പോർട്ടിനായുള്ള അന്വേഷണവും പൊലീസ് നടത്തിയിരുന്നു. ഇതാണ് എഎസ്‌ഐ യിലേക്ക് എത്തിയിരിക്കുന്നത്. അനീഷിന്റെ വീട്ടിൽ അക്രമിസംഘം നാശനഷ്ടം വരുത്തിയപ്പോൾ തന്നെ സമീപവാസികൾ എഴുന്നേറ്റിരുന്നു. എന്നാൽ അക്രമികൾ ഭയപ്പെടുത്തി. നാട്ടുകാർ ശബ്ദമുയർത്തിയപ്പോൾ വാഹനത്തിന്റെ നമ്പർ കുറിച്ചെടുത്ത എഎസ്‌ഐ വാഹനത്തിന് പോകാൻ അവസരം നൽകി.

കെവിന്റെ തട്ടിക്കൊണ്ടുപോകൽ സംഭവം നടന്നതിന് ശേഷവും പ്രതികൾക്ക് ഗുണകരമാകുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഗാന്ധിനഗർ പൊലീസ് നടത്തിയത്. പരാതിയുമായി നീനുവും കെവിന്റെ പിതാവ് രാജനും എത്തിയപ്പോൾ അത് സ്വീകരിക്കാൻ എസ്‌ഐ ഷിബു കൂട്ടാക്കിയില്ല. മാത്രമല്ല സംഭവത്തിൽ അലംഭാവം കാട്ടുകയും ചെയ്തു. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല ഉണ്ടെങ്കിലൂം കൺട്രോൾ റൂമിൽ വിവരമറിയിക്കാക പോലും ചെയ്തില്ല. ഇതിന് പിന്നിലും എഎസ്ഐയുടെ ഇടപെടലുണ്ട്. പ്രതികളുമായി ഒത്തുതീർപ്പിന് ബിജു നീക്കം നടത്തിയെന്നും കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും വ്യക്തമാണ്. ബിജുവുമായി ഷാനുവിന്റെ സംഭാഷണവും പുറത്തു വന്നിട്ടുണ്ട്. അക്രമം നടക്കുമെന്നും കെവിനെ തട്ടിക്കൊണ്ടു പോയത് ഷാനുവാണെന്നും ബിജുവിന് കൃത്യമായ വിവരം ഉണ്ടായിരുന്നെന്ന സൂചനയാണ് വ്യക്തമാകുന്നത്. കെവിൻ ചാടിപ്പോയെന്നും അങ്ങ് എത്തിയാണോ ചാടിപ്പോയതെന്നും ബിജു ചോദിക്കുന്നുണ്ട്. ഇതെല്ലാം ഗൂഢാലോചനയിൽ ബിജുവിനുള്ള ബന്ധത്തിന് തെളിവാണ്.

അനീഷിനെ തിരിച്ചു തരാമെന്നും വീട്ടിൽ ഉണ്ടാക്കിയ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാമെന്നും നീനുവിനെ തിരിച്ചു തരാൻ സഹായിക്കണം എന്നും ഷാനു ആവശ്യപ്പെടുമ്പോൾ കഴിയാവുന്നത് പോലെ എല്ലാം ചെയ്തു തരാം എന്നാണ് ബിജു നൽകുന്ന മറുപടി. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് ഷാനു ബിജുവിനെ വിളിക്കുന്നത്. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അനീഷിന്റെ മാന്നാനത്തെ വീട് അക്രമിച്ച് അനീഷിനെയും കെവിനെയും ഷാനുവും കൂട്ടരും തട്ടിക്കൊണ്ടു പോയത്. ഈ ഓഡിയോയുടെ വിശദാംശങ്ങൾ മറുനാടൻ നേരത്തെ പുറത്തു വിട്ടിരുന്നു. അതിന് ശേഷമാണ് ഐജിയുടെ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജുവിനെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. കേസിൽ ബിജുവിനെ പ്രതിചേർക്കാനും സാധ്യതയുണ്ട്.

സംഭവത്തിൽ പിറ്റേന്ന് കെവിന്റെ പിതാവും നീനുവും പരാതി നൽകിയിട്ടും എസ്‌ഐ ഷിബു കാര്യമായ നടപടിയെടുക്കാൻ കൂട്ടാക്കാതിരുന്നത് ഷാനുവിനുള്ള സഹായം എന്നവണ്ണം വിവരം അറിഞ്ഞുകൊണ്ടായിരുന്നോ എന്നാണ് സംശയവുമുണ്ട്. അക്രമിസംഘം വിട്ടയച്ച കെവിന്റെ ബന്ധു അനീഷ് തട്ടിക്കൊണ്ടു പോകലിന് ശേഷം മടങ്ങി വന്നപ്പോൾ മാധ്യമങ്ങൾക്ക് നൽകിയ മൊഴിയിൽ പൊലീസിന് തങ്ങൾ ആവശ്യത്തിന് കൊടുത്തിട്ടുണ്ട്. അവർ അനങ്ങില്ല എന്ന് തട്ടിക്കൊണ്ടു പോകലിനിടയിൽ ഷാനു തന്നോട് പറഞ്ഞതായി വ്യക്തമാക്കിയിരുന്നു. ഇതെല്ലാം ഐജിയുടെ നേതൃത്വത്തിൽ വിശദമായി തന്നെ പൊലീസ് പരിശോധിക്കുന്നുണ്ട്.