- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യാ കപ്പ് ഹോക്കി: ഇന്തോനേഷ്യയെ ഗോൾമഴയിൽ മുക്കി ഇന്ത്യ; ജയം എതിരില്ലാത്ത 16 ഗോളിന്; ദിപ്‌സൻ ടിർക്കിക്ക് അഞ്ച് ഗോൾ; സൂപ്പർ ഫോറിൽ ഇടംപിടിച്ചു
ക്വാലാലംപൂർ: ഏഷ്യാ കപ്പ് ഹോക്കിയിൽ ആതിഥേയരായ ഇന്തോനേഷ്യയെ ഗോൾമഴയിൽ മുക്കി നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സൂപ്പർ ഫോറിലെത്തി. എതിരില്ലാത്ത 16 ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. ജപ്പാൻ, മലേഷ്യ, ദക്ഷിണ കൊറിയ എന്നീ ടീമുകളാണ് ഇന്ത്യക്കൊപ്പം സൂപ്പർ ഫോറിൽ ഇടം നേടിയത്.
ഇന്തോനേഷ്യയെ 16 ഗോളിന് കീഴടക്കിയാലെ പാക്കിസ്ഥാന്റെ ഗോൾശരാശരി മറികടന്ന് ഇന്ത്യക്ക് സൂപ്പർ ഫോറിൽ എത്താനാവുമായിരുന്നുള്ളു. അവസാന ക്വാർട്ടറിൽ കളി തീരാൻ രണ്ട് മിനിറ്റ് ബാക്കിയിരിക്കെ പതിനഞ്ചാം ഗോളും ഇന്തോനേഷ്യയിൽ വലയിലെത്തിച്ചാണ് ഇന്ത്യ സൂപ്പർ ഫോറിലെ സ്ഥാനം ഉറപ്പാക്കിയത്.
ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ആദ്യ ജയമാണിത്. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ 1-1 സമനില വഴങ്ങിയപ്പോൾ ജപ്പാനെതിരെ ഇന്ത്യ 2-5ന്റെ തോൽവി വഴങ്ങിയിരുന്നു. പൂൾ എയിൽ എല്ലാ മത്സരങ്ങളും ജയിച്ച ജപ്പാനാണ് ഒന്നാമത്.
ഇന്തോനേഷ്യക്കെതിരായ വമ്പൻ ജയത്തോടെ പാക്കിസ്ഥാനെ പിന്തള്ളി ഇന്ത്യ പൂളിൽ രണ്ടാം സ്ഥാനത്തെത്തി. പതിനൊന്നാം മിനിറ്റിൽ പവൻ രാജ്ബറിലൂടെയാണ് ഇന്ത്യ ഗോൾവേട്ട തുടങ്ങിയത്. ആദ്യ ക്വാർട്ടറിൽ ഇന്ത്യ 3-0നും രണ്ടാം ക്വാർട്ടറിൽ 6-നും മൂന്നാം ക്വാർട്ടർ കഴിഞ്ഞപ്പോൾ 10-നും മുന്നിലായിരുന്നു ഇന്ത്യ.
ഇന്തോനേഷ്യക്കെതിരെ ഇന്ത്യക്കായി ദിപ്‌സൻ ടിർക്കി അഞ്ച് ഗോളടിച്ചപ്പോൾ പവൻ രാജ്ബർ മൂന്നും കാർത്തി ശെൽവം, അബരൺ സുദേവ്, എസ് സി സുനിൽ രണ്ടും ഗോളുകൾ നേടി. ഇന്ത്യ-ഇന്തോനേഷ്യ മത്സരത്തിന് തൊട്ടു മുമ്പ് പാക്കിസ്ഥാനെ ജപ്പാൻ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചതോടെയാണ് സൂപ്പർ ഫോറിലെത്താൻ ഇന്ത്യക്ക് നേരിയ സാധ്യത തെളിഞ്ഞത്.
എങ്കിലും ഇന്തോനേഷ്യക്കെതിരെ 15-1ന്റെ എങ്കിലും ജയം നേടുക എന്നത് ഇന്ത്യൻ ടീമിന് മുന്നിൽ വലിയ ലക്ഷ്യമായിരുന്നു. കഴിഞ്ഞ ജൂനിയൽ ലോകകപ്പിൽ ഇന്ത്യക്കായി കളിച്ച താരങ്ങളാണ് ഇത്തവണ ടീമിലെ ഭൂരിഭാഗം പേരും. സർദാർ സിംഗാണ് ഇന്ത്യയെ പരിശീലിപ്പിക്കുന്നത്.
സ്പോർട്സ് ഡെസ്ക്