മുംബൈ: എഎഫ്സി ഏഷ്യാകപ്പിനുള്ള ഇന്ത്യയുടെ 28 അംഗ ടീമിനെ പ്രഖ്യാപിച്ചു.മലയാളി താരങ്ങളായ അനസ് എടത്തൊടികയും ആഷിഖ് കുരുണിയനും ഇടംപിടിച്ചപ്പോൾ സഹൽ അബ്ദുൾ സമദിനെ ഒഴിവാക്കി.സഹലിനെ ഒഴിവാക്കിയത് അപ്രതീക്ഷിതമായിരുന്നു. അണ്ടർ 17 ലോകകപ്പിൽ കളിച്ച കോമൾ തട്ടാലിനെയും കോച്ച് സ്റ്റീവ് കോൺസ്റ്റന്റൈൻ ഒഴിവാക്കി.

ടീം ഇങ്ങനെ: ഗോൾകീപ്പർമാർ- ഗുർപ്രീത് സിങ് സന്ധു, അമരീന്ദ്രർ സിങ്, അരിന്ദം ഭട്ടാചാര്യ, വിശാൽ കെയ്ത്ത്. പ്രതിരോധം- പ്രിതം കോട്ടാൽ, ലാൽറുവത്താര, സന്ദേശ് ജിങ്കാൻ, അനസ് എടത്തൊടിക, സലാം രഞ്ജൻ സിങ്, സാർഥക് ഗൊലുയി, സുഭാഷിഷ് ബോസ്, നാരായൺ ദാസ്. മധ്യനിര- ഉദാന്ത സിങ്, ജാക്കിചന്ദ്സിങ്, പ്രണോയ് ഹാൾഡർ, വിനീത് റായ്, റൗളിന് ബോർജസ്, അനിരുദ്ധ് ഥാപ, ജർമൻ പി സിങ്, ആഷിഖ് കുരുണിയൻ, ഹാളിചരൺ നർസാരി, ലാലിയൻസുവാല ചങ്തേ. മുന്നേറ്റം- സുനിൽ ഛേത്രി, ജെജെ ലാൽപെഖല്വ, ബൽവന്ദ് സിങ്, മൻവീർ സിങ്, ഫാറൂഖ് ചൗന്ദരി, സുമീത് പാസി.

ഏഷ്യാകപ്പിന് മുന്നോടിയായി ഇന്ത്യ രണ്ടു പരിശീലന മത്സരങ്ങൾ കളിക്കും. ഇതിനുശേഷമേ അന്തിമ ടീമിനെ പ്രഖ്യാപിക്കൂ. നിഖിൽ പൂജാരി, ബികാസ് ജേറു എന്നിവർക്കൊപ്പം പരിക്കേറ്റ ജെറി ലാൽറിസ്വുവാല, നിശു കുമാർ എന്നിവരും പുറത്തായി. ജനുവരി അഞ്ചിനാണ് ഏഷ്യാകപ്പ് തുടങ്ങുന്നത്.

പന്ത്രണ്ട് വർഷത്തെ ബന്ധത്തിനുശേഷം ഇന്ത്യൻ ഫുട്ബോളും ബഹുരാഷ്ട്ര കമ്പനിയായ നൈക്കിയും തമ്മിലുള്ള സൗഹൃദം അവസാനിപ്പിച്ചു. ഇന്ത്യൻ ഫുട്‌ബോൾ ടീമിന് അടുത്ത അഞ്ചുവർഷം ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന സിക്‌സ് 5 സിക്‌സ് എന്ന കമ്പനി കിറ്റ് നൽകും. അഖിലേന്ത്യ ഫുട്ബോൾ അസോസിയേഷന് കോടികൾ ലാഭമുണ്ടാകുന്ന കരാറാണിത്.

ഏഷ്യാകപ്പിൽ ബഹറിൻ, യുഎഇ, തായ്ലൻഡ് ടീമുകൾക്കൊപ്പമാണ് ഇന്ത്യ മത്സരിക്കുന്നത്. വർഷങ്ങളായി ഇന്ത്യയുടെ ജഴ്‌സിയും അനുബന്ധ ഉപകരണങ്ങളും നൽകിയ നൈക്കിയിൽ നിന്ന് ഒരു രൂപയുടെ സാമ്പത്തിക ലാഭം പോലും ഇന്ത്യയ്ക്ക് ഉണ്ടായിരുന്നില്ല. പുതുതായി കരാർ ഒപ്പിട്ട കമ്പനി ഓൾ ഇന്ത്യാ ഫുട്‌ബോൾ അസോസിയേഷന് രണ്ട് കോടി രൂപ വരെ നൽകും.