ധാക്ക: ഏഷ്യാ കപ്പ് ഹോക്കിയിൽ ഇന്ത്യക്ക് കിരീടം. ധാക്കയിൽ നടന്ന ഫൈനലിൽ മലേഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളിന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. ഇതിന് മുമ്പ് 2007-ലായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം

സൂപ്പർ ഫോർ മത്സരത്തിൽ മലേഷ്യയെ 6-2ന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവുമായി കളിക്കാനിറങ്ങിയ ഇന്ത്യക്ക് ഫൈനലിലും പിഴവ് പറ്റിയില്ല. കളി തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ രമൺദീപ് സിങ്ങ് ഇന്ത്യയെ മുന്നിലെത്തിച്ചു. പിന്നീട് 29-ാം മിനിറ്റിൽ ഇന്ത്യ ലീഡ് വർദ്ധിപ്പിച്ചു. ഇത്തവണ ലളിത് ഉപാദ്ധ്യായ് ആയിരുന്നു ഗോൾസ്‌കോറർ.

പിന്നീട് അമ്പതാം മിനിറ്റിൽ മലേഷ്യ ഷഹ്രിൽ സാബഹിലൂടെ ഒരു ഗോൾ തിരിച്ചടിച്ചു. ഇതോടെ ഇന്ത്യ കൂടുതൽ പ്രതിരോധത്തിലായി. പിന്നീട് മലേഷ്യക്ക് ഒരവസരവും നൽകാതെ ഇന്ത്യ കിരീടം കൈപ്പിടിയിലൊതുക്കി.

മൂന്നാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പ് കിരീടം നേടുന്നത് . 2003ൽ ക്വാലാലംപൂരിൽ നടന്ന ടൂർണമെന്റിൽ പാക്കിസ്ഥാനെ 4-2ന് തോൽപ്പിച്ചപ്പോൾ 2007ൽ ദക്ഷിണ കൊറിയയെ കീഴ്പ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്. ചെന്നൈയിൽ നടന്ന ഫൈനലിൽ 7-2നായിരുന്നു കൊറിയക്കെതിരെ ഇന്ത്യയുടെ വിജയം.

പാക്കിസ്ഥാനെ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ എത്തിയത് . അതേസമയം മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരത്തിൽ അജാസ് അഹമ്മദിന്റെ ഹാട്രിക്കിന്റെ പിൻബലത്തിൽ ദക്ഷിണ കൊറിയയെ 6-3ന് തോൽപ്പിച്ച് പാക്കിസ്ഥാൻ വെങ്കലം നേടി.