ന്യൂഡൽഹി: ഇന്ത്യ ആതിഥ്യം വഹിക്കുന്ന 2022 ലെ എ.എഫ്.വി വനിതാ ഏഷ്യൻ കപ്പ് ടൂർണമെന്റിന്റെ മത്സര തീയതി പ്രഖ്യാപിച്ചു. അടുത്ത വർഷം ജനുവരി 20 മുതൽ ഫെബ്രുവരി ആറു വരെയാണ് ടൂർണമെന്റ്.

അഹമ്മദബാദിലെ ട്രാൻസ് സ്റ്റേഡിയം, മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയം, ഗോവയിലെ ഫത്തോർഡ സ്റ്റേഡിയം എന്നിവയാകും ടൂർണമെന്റിന് വേദിയാകുക.

ഏഷ്യയിലെ 12 ടീമുകളാണ് ഇത്തവണ ടൂർണമെന്റിൽ പങ്കെടുക്കുക. നേരത്തെ ഇത് എട്ട് ടീമുകളായിരുന്നു. 12 ടീമുകളെ മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരം. എട്ടു ടീമുകൾ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും.

18 ദിവസം നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ 25 മത്സരങ്ങളാണ് നടക്കുക. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനാണ് (എ.എഫ്.സി) വാർത്താക്കുറിപ്പിൽ തീയതി അറിയിച്ചത്.

അതേസമയം ഓസ്ട്രേലിയയും ന്യൂസീലൻഡും ചേർന്ന് ആതിഥേയത്വം വഹിക്കുന്ന 2023 ഫിഫ വനിതാ ലോകകപ്പിന് യോഗ്യത നേടാനും ഇതിലൂടെ സാധിക്കും.