കൊൽക്കത്ത: 2023ലെ ഏഷ്യൻ കപ്പ് ഫുട്‌ബോൾ ടൂർണമെന്റിനുള്ള യോഗ്യത മത്സരത്തിൽ കംബോഡിയയെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്‌ത്തിയ ഇന്ത്യയ്ക്ക് വിജയത്തുടക്കം. നായകൻ സുനിൽ ഛേത്രിയാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത്. 13-ാം മിനിറ്റിൽ പെനൽറ്റിയിലൂടെയും 59ാം മിനിറ്റിൽ ഹെഡ്ഡറിലൂടയുമാണ് ഛേത്രി ഇന്ത്യയുടെ ഗോൾപ്പട്ടിക തികച്ചത്.

ആദ്യ പകുതിയിൽ ലിസ്റ്റൺ കൊളോക്കോയെ ബോക്‌സിൽ വീഴ്‌ത്തിയതിനാണ് ഇന്ത്യക്ക് അനുകൂലമായി പെനൽറ്റി ലഭിച്ചത്. കളി തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ ഇന്ത്യ ആക്രമണം തുടങ്ങി. ലിസ്റ്റൺ കൊളോക്കോയും റോഷൻ സിംഗും ആദ്യ രണ്ട് മിനിറ്റിൽ തന്നെ കംബോഡിയൻ പോസ്റ്റിലേക്ക് ലക്ഷ്യംവെച്ചു.

മൂന്നാം മിനിറ്റിൽ കംബോഡിയയുടെ ചാൻപൊലീനെ ബോക്‌സിന് പുറത്ത് സന്ദേശ് ജിങ്കാൻ വീഴ്‌ത്തിയതിന് ഫ്രീ ക്രിക്ക് ലഭിച്ചെങ്കിലും സന്ദർശകർക്ക് അത് മുതലാക്കാനായില്ല. പതിമൂന്നാം മിനിറ്റിലാണ് കൊളോക്കോയെ ബോക്‌സിൽ വീഴ്‌ത്തിയതിന് ഇന്ത്യക്ക് അനുകൂലമായി പെനൽറ്റി ലഭിച്ചത്.

കിക്കെടുത്ത ക്യാപ്റ്റൻ ഛേത്രി പിഴവുകളേതുമില്ലാതെ പന്ത് വലയിലാക്കി ഇന്ത്യയെ മുന്നിലെത്തിച്ചു. ലീഡെടുത്തതോടെ തുടർച്ചയായ ആക്രമണങ്ങളുമായി ഇന്ത്യ കളം നിറഞ്ഞെങ്കിലും രണ്ടാം ഗോൾ മാത്രം പിറന്നില്ല. 22-ാം മിനിറ്റിൽ ലീഡുയർത്താൻ ഛേത്രിത്ത് സുവർണാവസരം ലഭിച്ചെങ്കിലും നഷ്ടമായി. പാസിംഗിലും പന്ത് കൈവശംവെക്കുന്നതിലും ഇന്ത്യ എതിരാളികളേക്കാൾ ബഹുദൂരം മുന്നിലായിരുന്നു.

രണ്ടാം പകുതിയിൽ ഉദാന്ത സിംഗിന് പകരം മലയാളി താരം സഹൽ അബ്ദുൾ സമദ് കളത്തിലിറങ്ങി. രണ്ടാം പകുതിയിലും തുടർച്ചയായി ഇന്ത്യൻ ആക്രമണങ്ങളായിരുന്നു കണ്ടത്. 59-ാം മിനിറ്റിൽ ഇടതുവിംഗിൽ നിന്ന് ബ്രാണ്ടൻ നൽകിയ മനോഹര പാസിൽ ഹെഡ്ഡറിലൂടെ ഛേത്രി ലീഡുയർത്തി. 68ാം മിനിറ്റിൽ സുനിൽ ഛേത്രിക്കും ബ്രാണ്ടനും പകരം ഗ്ലാൻ മാർട്ടിൻസിനെയും മലയാളി താരം ആഷിഖ് കുരുണിയനെയും കോച്ച് ഇഗോർ സ്റ്റിമാച്ച് കളത്തിലിറക്കി.

ഏഷ്യൻ കപ്പ് ഫൈനൽ റൗണ്ടിലെ പതിനൊന്ന് സ്ഥാനങ്ങൾക്കായി ഇന്ത്യയടക്കം 24 ടീമുകളാണ് പൊരുതുന്നത്. ആറ് ഗ്രൂപ്പ് ചാമ്പ്യന്മാരും അഞ്ച് മികച്ച രണ്ടാം സ്ഥാനക്കാരുമാണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടുക. പതിമൂന്ന് ടീമുകൾ ഇതിനോടകം ഏഷ്യൻ കപ്പിന് യോഗ്യത നേടിക്കഴിഞ്ഞു. ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യ. കംബോഡിയക്ക് പുറമെ ശനിയാഴ്ച അഫ്ഗാനിസ്ഥാനെതിരെയും പതിനാലിന് ഹോങ്കോംഗിനെയും ഇന്ത്യ നേരിടും.

കോച്ച് ഇഗോർ സ്റ്റിമാക്കിന്റെ കീഴിൽ കളിച്ച 20 മത്സരങ്ങളിൽ ഇന്ത്യയുടെ ഏഴാം ജയമാണിത്. ഏഴ് സമനിലയും ഏഴ് തോൽവിയുമാണ് സ്റ്റിമാച്ചിന് കീഴിൽ ഇന്ത്യ നേടിയത്. സ്റ്റിമാച്ചിന് കീഴിൽ അവസാന മുന്ന് സന്നാഹമത്സരത്തിലും ഇന്ത്യ തോറ്റിരുന്നു.