കൊൽക്കത്ത: ഏഷ്യൻ കപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം ജയം. മലയാളി താരം സഹൽ അബ്ദുൾ സമദ് ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ അഫ്ഗാനിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇന്ത്യ വീഴ്‌ത്തിയത്.

ഗോൾരഹിതമായ ആദ്യ പതുതിക്ക് ശേഷം 86-ാം മിനിറ്റിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയിലൂടെ മുന്നിലെത്തിയ ഇന്ത്യയെ രണ്ട് മിനിറ്റിനകം ആമിറിയുടെ ഹെഡ്ഡറിൽ അഫ്ഗാൻ സമനിലയിൽ തളച്ചു. എന്നാൽ ഇഞ്ചുറി ടൈമിൽ മലയാളി താരമായ ആഷിഖ് കുരുണിയനും സഹലും ചേർന്ന് തുടക്കമിട്ട നീക്കത്തിനൊടുവിൽ സഹലിന്റെ ഗ്രൗണ്ടർ അഫ്ഗാൻ വല കുലുക്കിയപ്പോൾ ഇന്ത്യ ജയവുമായി കയറി.

ആദ്യ മത്സരത്തിൽ കംബോഡിയയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയ ഇന്ത്യ തുടർച്ചയായ രണ്ടാം ജയത്തോടെ ഏഷ്യൻ കപ്പ് യോഗ്യതക്കുള്ള പ്രതീക്ഷ കാത്തു. മത്സരത്തിൽ ഭൂരിഭാഗം സമയവും ആധിപത്യമുണ്ടായിട്ടും നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ചിട്ടും റാങ്കിംഗിൽ ഏറെ പിന്നിലുള്ള എതിരാളികളുടെ വലയിൽ പന്തെത്തിക്കാൻ ആദ്യ പകുതിയിൽ ഇന്ത്യക്കായിരുന്നില്ല. ഫിഫ റാങ്കിംഗിൽ ഇന്ത്യ 106-ാം സ്ഥാനത്തും അഫ്ഗാൻ 150-ാം സ്ഥാനത്തുമാണ്.

സ്റ്റാർട്ടിങ് ഇലവനിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിക്കൊപ്പം മൻവീർ സിംഗിനെയും മലയാളി താരം ആഷിഖ് കുരുണിയനെയാണ് കോച്ച് ഇഗോർ സ്റ്റിമാക്ക് ഇന്ന് പരീക്ഷിച്ചത്.മധ്യനിരയിൽ ആകാശ് മിശ്ര, സുരേഷ് സിങ്, റോഷൻ സിങ് എന്നിവരും ഇറങ്ങി. ആദ്യ മിനിറ്റുകളിൽ അഫ്ഗാനാണ് ഇന്ത്യൻ ഗോൾമുഖത്ത് സമ്മർദ്ദം ഉയർത്തിയത്. എന്നാൽ പതുക്കെ കളി പിടിച്ച ഇന്ത്യ തുടർച്ചയായി ആക്രമിച്ചതോടെ അഫ്ഗാൻ പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഇടക്കിടെയുള്ള പ്രത്യാക്രമണങ്ങളിലായിരുന്നു അഫ്ഗാന്റെ ശ്രദ്ധ.

50ാം മിനിറ്റിലായിരുന്നു ഇന്ത്യക്ക് മത്സരത്തിലെ സുവർണാവസരം ലഭിച്ചത്. ആകാശ് മിശ്രയുടെ പാസിൽ മൻവീർ നൽകിയ ക്രോസിൽ ലക്ഷ്യത്തിലേക്ക് തലവെക്കേണ്ട ചുമതലയെ ക്യാപ്റ്റൻ സുനിൽ ഛേത്രിക്കുണ്ടായിരുന്നുള്ളു. എന്നാൽ ഛേത്രിക്ക് ലക്ഷ്യം കാണാനായില്ല. 56ാം മിനിറ്റിൽ ലിസ്റ്റൺ കൊളോക്കോയെ മാറ്റി ബ്രാണ്ടൻ ഫെർണാണ്ടസിനെ കോച്ച് കളത്തിലിറക്കി. 74ാം മിനിറ്റിൽ അഫ്ഗാന്റെ മുസാവിയുടെ ഷോട്ട് ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധു കഷ്ടപ്പെട്ട് കൈയിലൊതുക്കിയത് ഇന്ത്യക്ക് ആശ്വാസമായി.

മത്സരം ഗോൾരഹിത സമനിലയിലേക്കെന്ന് തോന്നിച്ച സമയത്തായിരുന്നു ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചത്. തൊട്ടുപിന്നാലെ അഫ്ഗാൻ സമനില കണ്ടെത്തിയതോടെ നിരാശിലായ സാൾട്ട്‌ലേക്കിലെ പതിനായിരങ്ങളെ ആവേശത്തിലാറാടച്ചായിരുന്നു ഇഞ്ചുറി ടൈമിൽ സഹലിന്റെ ഗോൾ പിറന്നത്.

പരസ്പരമുള്ള പോരാട്ടങ്ങളിൽ അഫ്ഗാനെതിരെ ഇന്ത്യയുടെ ഏഴാം ജയമാണിത്. മൂന്നു തവണ അഫ്ഗാൻ ഇന്ത്യയെ കീഴടക്കിയപ്പോൾ കഴിഞ്ഞ വർഷം നടന്ന മത്സരത്തിൽ ഇരു ടീമും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു.