ഡോൻഗ്വാൻ : ചൈനയിൽ നടന്ന ഏഷ്യൻ മാരത്തൺ ചാമ്പ്യൻഷിപ്പിൽ വയാട്ടുകാരൻ ഗോപിക്ക് സ്വർണം. 2 മണിക്കൂർ 15 മിനിറ്റ് 48 സെക്കന്റ് സമയമെടുത്താണ് ഗോപി സ്വർണം നേടിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതിയും ഇനി ഗോപിക്ക് സ്വന്തം.

ഉസബെക്കിസ്ഥാന്റെ പെട്രോവ് ആന്ദ്രെ വെള്ളിയും മംഗോളിയയുടെ ടി.ബ്യാംബജാവ് വെങ്കലവും നേടി. ഉസബെക്ക് താരവുമായി നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവിൽ മൂന്നു സെക്കന്റിന്റെ വ്യത്യാസത്തിലാണ് ഗോപി ഒന്നാമതെത്തിയത്. 10000 മീറ്റർ ഓട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഗോപി കഴിഞ്ഞ വർഷമാണ് മാരത്തണിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്.

പിന്നാലെ മുംബയ് മാരത്തണിൽ അരങ്ങേറ്റം കുറിച്ച ഗോപി റിയോ ഒളിംപിക്‌സിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കുകയും 2:15:25 എന്ന മികച്ച സമയം കുറിക്കുകയും ചെയ്തു. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയാണ് 29കാരനായ ഗോപി. നേരത്തെ ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായിരുന്നു മാരത്തണും. അന്ന് രണ്ട് ഇന്ത്യൻ വനിതകൾ സ്വർണം നേടിയിട്ടുണ്ട്. 1985ൽ ആശ അഗർവാളും 1992ൽ സുനിത ഗോദ്റയും.

2:15:25 ആണ് ഗോപിയുടെ മികച്ച സമയം. 2016ൽ റിയോ ഒളിമ്പിക്സിലാണ് ഗോപി മികച്ച സമയം കുറിച്ചത്. ഈ സീസണിൽ ന്യൂഡൽഹി മാരത്തണിലും ഗോപി വിജയിച്ചിരുന്നു. അന്ന് സീസണിലെ മികച്ച സമയമാണ് ഗോപി കുറിച്ചത് (2:15:37). വയനാട് സുൽത്താൻ ബത്തേരി തോന്നക്കൽ വീട്ടിൽ ബാബു-തങ്കം ദമ്പതികളുടെ മകനാണ് ഗോപി.