- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏഷ്യാനെറ്റ് ന്യൂസിൽ എഡിറ്റർ എത്തും വരെ ഒന്നാമൻ എസ് ബിജു; രണ്ടാമത് സിന്ധു സൂര്യകുമാറും; വിനു വി ജോണിന് ഇൻപുട്ടിന്റെ ചുമതല; അഭിലാഷും ഷാജഹാനും അജയഘോഷും മേഖലാ മേധാവിമാർ; മനോജ് കെ ദാസ് ഉടൻ എത്തും; ബഹിഷ്കരണം ബിജെപി അവസാനിപ്പിക്കുമോ?
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ ഗ്രൂപ്പ് എഡിറ്ററായി മനോജ് കെ ദാസ് എത്തുമെന്നാണ് സൂചന. മാതൃഭൂമിയിൽ നിന്ന് മനോജ് കെ ദാസ് രാജിവച്ചപ്പോൾ മുതൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ഡിജിറ്റൽ വിഭാഗത്തിലേക്ക് മനോജ് കെ ദാസ് എത്തുമെന്നായിരുന്നു പ്രചരണങ്ങൾ. എന്നാൽ ഏഷ്യാനെറ്റ് ചാനലിൽ തന്നെ മനോജ് കെ ദാസ് എത്തുമെന്നും എംജി രാധാകൃഷ്ണന് മാറേണ്ടി വരുമെന്നും മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. മനോജ് കെ ദാസ് ഏഷ്യാനെറ്റിൽ എത്തുമെന്ന സൂചന ശക്തമാക്കിയാണ് എംജിയുടെ സ്ഥാനമൊഴിയൽ.
എംജി മാറുമ്പോൾ ഏഷ്യാനെറ്റ് ന്യൂസിലെ ഒന്നാമനാകുന്നത് എസ് ബിജുവാണ്. ഏഷ്യാനെറ്റ് ന്യൂസിലെ ഏറ്റവും സീനിയർ. അതിന് തൊട്ടു പിന്നിൽ സിന്ധു സൂര്യകുമാറും. ഈ രണ്ടു പേർക്കും പ്രമോഷനിലൂടെ എക്സിക്യുട്ടീവ് എഡിറ്റർ സ്ഥാനവും കിട്ടുന്നു. സാങ്കേതിക കാര്യങ്ങളിലാണ് ബിജു കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ച് പോന്നത്. അതു കൊണ്ട് തന്നെ ഏഷ്യാനെറ്റ് ന്യൂസിൽ സിന്ധു സൂര്യകുമാറിന് കൂടുതൽ പ്രാധാന്യം കിട്ടുമെന്നാണ് വിലയിരുത്തൽ. എന്നാൽ മനോജ് കെ ദാസ് ചുമതയിൽ എത്തിയാൽ ഈ സമവാക്യങ്ങളെല്ലാം മാറി മറിയും. എസ് ബിജുവിനെ ന്യൂസിന്റെ ചുമതലയിലേക്ക് കൊണ്ടു വരാനും സാധ്യത ഏറെയാണ്.
അനിൽ ആടൂരിന് സീനിയർ അസോസിയേറ്റ് എഡിറ്റർ പദവി നൽകിയിട്ടുണ്ട്. അഭിലാഷ് ജി നായരും ഷാജഹാനും സുരേഷ് കുമാർ പിജിയും വിനു വി ജോണും പ്രശാന്ത് രഘുവംശവും ചീഫ് കോ ഓർഡിനേറ്റിങ് എഡിറ്റർമാരാണ്. ഇതിൽ അഭിലാഷ് മധ്യ കേരളത്തിലും ഷാജഹാൻ വടക്കൻ മേഖലയിലും റെസിഡന്റെ എഡിറ്റർമാരാകും. അജയഘോഷിന് തെക്കൻ കേരളവും. പ്രശാന്ത് രഘുവംശം ഡൽഹിയിൽ തുടരും. എംജിയുടെ രാജിക്കൊപ്പം ഇത്തരം സുപ്രധാന തീരുമാനങ്ങളും ഏഷ്യാനെറ്റ് ന്യൂസ് എടുത്തു കഴിഞ്ഞു.
എംജിക്ക് പകരം മനോജ് കെ ദാസ് എത്തിയാൽ ചാനലിൽ പ്രശ്നമുണ്ടാകുമെന്ന വിലയിരുത്തലുകൾ പുറത്തുണ്ട്. ഇത് മനസ്സിലാക്കിയാണ് മാനേജ്മെന്റ് എല്ലാവർക്കും പ്രമോഷൻ കൊടുക്കുന്നത്. ഇതോടെ എല്ലാവരും ചാനലിനൊപ്പം ചേർന്ന് നിൽക്കുമെന്നാണ് സൂചന. പൊതുവേ നിഷ്പക്ഷ ലൈനിലാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ യാത്ര. ഇത് തുടരുമെന്ന് തന്നെയാണ് മാനേജ്മെന്റ് നൽകുന്നത്. എന്നാൽ ഇടത് ലൈൻ വിട്ടുള്ള പരിവാർ പക്ഷം പിടിക്കലിനുള്ള സാധ്യത സൈബർ ചർച്ചകളിൽ നിറയുന്നുമുണ്ട്. അതുകൊണ്ട് തന്നെ മനോജ് കെ ദാസ് എത്തുമ്പോൾ ചാനലിന്റെ നിലപാടുകളിൽ ഉണ്ടാകുന്ന മാറ്റം ശ്രദ്ധിക്കപ്പെടും.
ചാനലിന്റെ ഔട്ട് പുട്ട് എഡിറ്റർ പിജെ സുരേഷ് കുമാറാണ്. ഇൻപുട്ട് എഡിറ്റർ വിനു വി ജോണും. വാർത്താ അവതരണത്തിനൊപ്പം ഇരുവർക്കും നിർണ്ണായക ചുമതലകൾ നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എസ് ബിജുവും സിന്ധു സൂര്യകുമാറും അടങ്ങുന്ന ടീമാകും അടുത്ത എഡിറ്റർ വരും വരെ നയപരമായ തീരുമാനങ്ങൾ എടുക്കുകയെന്നും വ്യക്തമാണ്. പുതിയ എഡിറ്റർ എത്തിയാലും ഈ ടീമിന് വാർത്താ തെരഞ്ഞെടുപ്പിലും മറ്റും നിർണ്ണായക റോൾ കാണും. എന്നാൽ ബിജെപിക്ക് വേണ്ടി എംജിയെ ബലിയാടാക്കുന്നതിലും എതിർപ്പുകൾ ഉയരുന്നുണ്ട്.
കേരളത്തിലെ മുതിർന്ന മാധ്യമ പ്രവർത്തകരിൽ ഒരാൾ ആണ് എംജി രാധാകൃഷ്ണൻ. ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റർ പദവി ഏറ്റെടുക്കും മുമ്പ് ഇന്ത്യാ ടുഡേയുടെ ചുമതലയായിരുന്നു അദ്ദേഹം വഹിച്ചിരുന്നത്. കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ പി ഗോവിന്ദ പിള്ളയുടെ മകൻ കൂടിയാണ് എംജിആർ എന്ന് വിളിക്കപ്പെടുന്ന എംജി രാധാകൃഷ്ണൻ. മന്ത്രി വി ശിവൻകുട്ടിയുടെ സഹോദരീ ഭർത്താവും. മനോജ് കെ ദാസിനെ ഏഷ്യാനെറ്റ് ഗ്രൂപ്പ് ഓഫ് കംപനീസിന്റെ മാനേജിങ് എഡിറ്റർ ആയി നിയമിച്ചതിന് പിറകെ ആണ് എംജി രാധാകൃഷ്ണന്റെ രാജി എന്നാണ് സൂചനകൾ.
ഏഷ്യാനെറ്റ് ന്യൂസിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടേയും എഡിറ്റോറിയൽ അധിപൻ ആയിട്ടാണ് മനോജ് കെ ദാസ് എത്തുന്നതെന്നാണ് സൂചന. ബിജെപിയും ഏഷ്യാനെറ്റ് ന്യൂസും ബഹിഷ്കരണത്തിലാണ്. ഏഡിറ്റർ മാറുന്നതോടെ വീണ്ടും സഹകരണത്തിന് സാധ്യത തെളിയും. കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലാണ് ഏഷ്യാനെറ്റ് ന്യൂസ്. മോദി കാബിനറ്റിൽ അംഗമായതോടെ തന്നെ ഏഷ്യാനെറ്റ് ന്യൂസിന്റെ തലപ്പത്ത് രാജീവ് ചന്ദ്രശേഖർ മാറ്റം കൊണ്ടു വരുമെന്ന സൂചനകളുണ്ടായിരുന്നു. ഇതാണ് സംഭവിക്കുന്നതും.
മറുനാടന് മലയാളി ബ്യൂറോ