ലയാളം ചാനലുകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിപാടികളിൽ ഒന്നായിരുന്നു കഴിഞ്ഞ മൂന്നു വർഷമായി ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത വോഡാഫോൺ കോമഡി സ്റ്റാർസ്. കാലാകാലങ്ങളിൽ മലയാളികളെ ആവേശം കൊള്ളിക്കാൻ ഒട്ടേറെ പരിപാടികൾ ചാനലുകൾ കൊണ്ടു വന്നിട്ടുണ്ടെങ്കിലും ഇടയ്ക്കുണ്ടാകുന്ന വെള്ളപ്പാച്ചിലിൽ അവയൊക്കെ ഒലിച്ചു പോകുകയാണ് പതിവ്. ഏഷ്യനെറ്റിൽ മാസങ്ങളോളം
സംപ്രേഷണം ചെയ്തിരുന്ന 'സ്ത്രീ' എന്ന സീരിയലിന്റെ കഥയെടുക്കുക. അതുപോലെ ഹിറ്റാകാൻ വേറൊരു സീരിയലിന് കഴിഞ്ഞിട്ടുണ്ടോ? ഐഡിയാ സ്റ്റാർ സിംഗറും രഞ്ജിനി ഹരിദാസും ഇടക്കാലത്ത് മലയാളികളിൽ ഉണ്ടാക്കിയ ആവേശം ഓർത്തു നോക്കാവുന്നതാണ്. ഐഡിയ സ്റ്റാർസിംഗർ അപ്രത്യക്ഷമായി എന്നു മാത്രമല്ല രഞ്ജിനി ഹരിദാസ് പിടിച്ചുനിൽക്കാൻ ഇപ്പോൾ എന്തുവേഷവും കെട്ടുന്നു.

എന്നാൽ, വോഡാഫോൺ കോമഡി സ്റ്റാർസിന്റെ അവസ്ഥ ഇതായിരുന്നില്ല. മൂന്നു വർഷം ഇത് പ്രേക്ഷകരെ ചിരിയുടെ അത്ഭുത ലോകത്ത് പിടിച്ചു നിർത്തി. ഒരുപറ്റം കലാകാരന്മാരെ ഒരു പൈസ പോലും കൊടുക്കാതെ മൂന്നു വർഷം തുടർച്ചയായി ഉപയോഗിച്ച് ഏഷ്യാനെറ്റ് കോടികൾ ലാഭമുണ്ടാക്കി. ഒടുവിൽ കഴിവും പ്രതിഭയും ഉള്ളവരെ അകറ്റി നിർത്തി സ്വന്തക്കാർക്ക് സമ്മാനം നൽകിയും ലൈവ് എന്ന പേരിൽ പ്രേക്ഷകരെ പറ്റിച്ചും ഏഷ്യാനെറ്റ് നിർവൃതി അടയുന്നു. ഈ അനീതിയുടെ കഥ കഴിഞ്ഞ രണ്ട് ദിവസമായി തുറന്നു പറയുന്നത് കോമഡി സ്റ്റാർസ് സൃഷ്ടിച്ച ഏറ്റവും പ്രഗത്ഭനായ കലാകാരൻ ഉല്ലാസ് പന്തളമാണ്. എല്ലാ മാദ്ധ്യമങ്ങളും ഈ കലാകാരന്റെ കണ്ണീർ കാണാതെ നടന്നപ്പോൾ അത് ലോകത്തോട് വിളിച്ചു പറയാൻ ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന അഭിമാനത്തോടെയാണ് ഉല്ലാസുമായുള്ള അഭിമുഖത്തിലേക്ക് കടക്കുന്നത്.

ജഗദീഷിന്റെ പിടിവാശിക്ക് മുൻപിൽ രണ്ടാം സ്ഥാനക്കാർ ഒന്നാമതെത്തി; പറ്റിക്കാൻ ഏഷ്യാനെറ്റും: കോമഡി സ്റ്റാർസിന് ട്രാജഡി എൻഡ്

തട്ടിപ്പിനു കൂട്ടുനിൽക്കാത്തവരെ ജഗദീഷ് ഒഴിവാക്കി; ജയറാമിനെയും ഏഷ്യാനെറ്റ് പറ്റിച്ചു; വെളിപ്പെടുത്തലുമായി ഉല്ലാസ് പന്തളം
'ഇതാണോ സാർ മാദ്ധ്യമ പ്രവർത്തനം? മലയാള സിനിമയുടെ അറിയപ്പെടുന്ന ഒരു നടൻ ഒരുപറ്റം കലാകാരന്മാരെ കബളിപ്പിച്ചിട്ട് അതൊന്നു വാർത്തയാക്കാൻ പോലും ഇവിടൊരു പത്രവും ഉണ്ടായിരുന്നില്ല. ജഗദീഷിന്റെ ഈ ക്രൂരതയിൽ മനംനൊന്ത് ഞങ്ങൾ ഇവിടെ പത്രസമ്മേളനം നടത്തി. ഒട്ടേറെ പത്രപ്രതിനിധികൾ വന്നു. പക്ഷേ, അത് വെളിച്ചം കണ്ടത് 'മറുനാടൻ മലയാളി'യിൽ മാത്രം. എന്നോട് ജഗദീഷ് കാട്ടിയത് അനീതിയാണെന്ന് അറിയാവുന്ന അനേകം പേർ എന്നെ വിളിച്ച് ഇത് മറുനാടൻ മലയാളിയിൽ വന്ന കാര്യം പറഞ്ഞിരുന്നു.' ഉല്ലാസ് പറഞ്ഞ് തുടങ്ങുകയാണ്.

ഉല്ലാസ് പന്തളത്തിനും അദ്ദേഹത്തിന്റെ ട്രൂപ്പായ ഫോർ സ്റ്റാർസിനും എന്താണ് സംഭവിച്ചതെന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അഞ്ചാം സ്ഥാനത്ത് പോലും വരാൻ യോഗ്യതയില്ലാത്ത ടീമിനെയാണ് മന:പൂർവ്വം ഒന്നാമതെത്തിച്ചത് എന്നാണ് ഇവർ ആരോപിക്കുന്നത്. ജഡ്ജ്‌മെന്റുകൾ ഒരിക്കലും തോൽക്കുന്നവർക്ക് സംതൃപ്തി നൽകാത്തതുകൊണ്ട് ആ വിധി തെറ്റാണെന്നു പറയാൻ ഞങ്ങളില്ല. എന്നാൽ ഉല്ലാസ് ഉന്നയിക്കുന്ന ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ജഡ്ജിങ്ങ് കമ്മറ്റിയിലെ ഭൂരിപക്ഷം പേരും വിധിച്ചതിൽ നിന്ന് വ്യത്യസ്ഥമായി ജയം ഉണ്ടായതെങ്ങനെ? എസ്എംഎസ് അയക്കൂ എന്നു പറഞ്ഞ് ജനങ്ങളെ പറ്റിച്ചിട്ട് ആ എസ്എംഎസ് എണ്ണി നോക്കാതിരുന്നത് എന്തുകൊണ്ട്? തലേ ദിവസം ഷൂട്ട് ചെയ്ത പരിപാടി ലൈവ് പരിപാടി എന്നു പറഞ്ഞ് ജനങ്ങളെ പറ്റിച്ച് സംപ്രേഷണം ചെയ്തത് എന്തുകൊണ്ട്? ജയറാമിനെ പോലെ മഹാനായ ഒരു നടനെ അരമണിക്കൂർ മാത്രമുള്ള ഒരു സ്‌കിറ്റിന്റെ ഷൂട്ടിങ്ങിന് ഇരുത്തിയ ശേഷം ഫൈനൽ പരിപാടിക്ക് മൊത്തം ഇരുന്നു എന്നു തോന്നിക്കുന്ന തരത്തിൽ എഡിറ്റ് ചെയ്ത് കാണിച്ചത് എന്തിന്?

ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ഏഷ്യാനെറ്റ് മാത്രമല്ല, സമാനമായ അഭ്യാസം നടത്തുന്ന എല്ലാ ചാനലുകളുമാണ്. ഇല്ലാത്ത ഒന്ന് ഉണ്ടെന്നു പറഞ്ഞ് ജനങ്ങളുടെ സെന്റിമെൻസിനെ ഇളക്കി അവരുടെ കയ്യിലെ പണം മുടക്കി എസ്എംഎസ് അയപ്പിച്ചിട്ട് അത് ഉപയോഗിക്കാതിരിക്കുന്നത് വലിയ തട്ടിപ്പല്ലേ? ഇതിന്റെ പേരിൽ പൊലീസിന് കേസ് എടുക്കാൻ പറ്റില്ലേ? ഇത്തരം ഒരു തട്ടിപ്പ് നടത്തുന്ന ചാനലുകൾക്ക് എങ്ങനെ ലോകത്തിന്റെ തട്ടിപ്പിനെക്കുറിച്ച് സംസാരിക്കാൻ പറ്റും? ഉല്ലാസ് പന്തളം എന്ന കലാകാരൻ ഇതൊക്കെ തന്നെയാണ് പറയുന്നതും. ന'പ്രിയ ടിവി പ്രേക്ഷകരേ നിങ്ങൾ ഒരു കാരണവശാലും ടെലിവിഷൻ പരിപാടികളിൽ എസ്എംഎസ് അയയ്ക്കരുത്. അതുകൊണ്ട് ചാനൽ മുതലാളിമാർക്കല്ലാതെ മറ്റൊരാൾക്കും യാതൊരു പ്രയോജനവുമില്ല. ഞങ്ങളെപ്പോലെയുള്ള കലാകാരന്മാരെ ഇവർ ആ പിച്ചക്കാശിനു വേണ്ടി ഉപയോഗിക്കുകയാണ്. എസ്എംഎസ് അയക്കൂ എന്ന് ഞങ്ങൾ ചോദിക്കുമ്പോൾ ഞങ്ങളുടെ പ്രകടനം ഇഷ്ടപ്പെട്ട പ്രേക്ഷകർ അത് നൽകും. പ്രേക്ഷകന്റെ പോക്കറ്റിലെ പണം നഷ്ടമാകുമ്പോൾ കീശ വീർക്കുന്നത് ചാനലുകാർക്കാണ്.ന' ഉല്ലാസ് പറയുന്നത് നിങ്ങൾക്ക് ഭ്രാന്തില്ലെങ്കിൽ നിങ്ങൾ എസ്എംഎസ് അയക്കരുത് എന്നാണ്.

  • എന്തുകൊണ്ടാണ് ഈ ജഡ്ജിങ്ങ് വിവേചനപരമാണെന്ന് നിങ്ങൾ പറയുന്നത്? മത്സരിക്കുന്ന എല്ലാവർക്കും വിജയിക്കണം എന്ന ആഗ്രഹം കാണില്ലേ? നിങ്ങൾ രണ്ടാമതായതുകൊണ്ട് ഒന്നാമതെത്തിയവർ മോശക്കാരാണോ?

ജഡ്ജിങ്ങ് കമ്മറ്റിയിൽ ഭൂരിപക്ഷം ഞങ്ങളാണ് തോറ്റതെന്നു പറഞ്ഞാൽ അത് ഞങ്ങൾ രണ്ട് കൈയും നീട്ടി സ്വീകരിക്കാം. എന്നാൽ എന്താണ് ഇവിടെ നടന്നത്? മൂന്നു കൊല്ലമായി ഈ പരിപാടിയുടെ ജഡ്ജിമാരായി ഉണ്ടായിരുന്ന ടിനി ടോം, കല്പന, മണിയൻ പിള്ള രാജു തുടങ്ങിയവരെ ഒന്നും ഗ്രാന്റ് ഫൈനലിൽ കൊണ്ടുവരാതിരുന്നത് എന്തുകൊണ്ട്? അനൂപ് ചന്ദ്രനേയും ടിനി ടോമിനേയും ഈ കള്ളത്തരങ്ങൾക്ക് കൂട്ടുനിൽക്കാൻ വിസമ്മതിച്ചതു കൊണ്ട് ജഗദീഷ് ഒഴിവാക്കി സായികുമാറിനെ കൊണ്ടു വന്നു. പക്ഷെ അദ്ദേഹവും ജഗദീഷിനോട് ഈ കാണിച്ചതിന് എതിർപ്പ് പ്രകടിപിച്ചു. അല്ലെങ്കിൽ ഈ ജഡ്ജിമാർ പറയട്ടെ അവരുടെ പൂർണ്ണ സമ്മതത്തോടെയാണ് ഇങ്ങനെ ഒരു തീരുമാനം ഉണ്ടായതെന്ന്.

ഏറ്റവും കുടുതൽ മാർക്ക് കിട്ടിയ 4 സ്റ്റാർസിന്റെ ഗ്രാൻഡ് ടോട്ടൽ 2961 ടീം കോമഡി കസിൻസിന്റെ ഗ്രാൻഡ് ടോട്ടൽ 2954 പോയിന്റ്, മൂന്നാം സ്ഥാനത്തുള്ള ടീം വിഐപിക്കുമാണ് ജഗദീഷ് ഒന്നാം സ്ഥാനം കൊടുത്തത്. മൂന്നാം സ്ഥാനമുള്ള വി ഐ പി എന്ന ടീമിനെ നേരത്തെ തന്നെ രണ്ടാം സ്ഥാനം കൊടുത്തു മുന്നോട്ടു കൊണ്ടുവന്നപ്പോൾ ഫോർ സ്റ്റാർസ് പ്രതിഷേധിച്ചിരുന്നു.അപ്പോൾ അതിനായി നടൻ സായി കുമാർ മണിയൻ പിള്ള രാജുവും കല്പനയും പ്രതിഷേധിച്ചപ്പോൾ ജഗദീഷ് വഴങ്ങിയില്ല.

  • ഈ വാദത്തോട് യോജിക്കാം. എങ്കിലും ഈ ടീം തീരെ മോശമാണെന്ന് പറയാൻ പറ്റുമോ?

മുമ്പ് വിഐപി ടീം മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ അവരുടെ പ്രകടനം ഇതുവരെ പിന്തുടർന്നു വന്ന കീഴ് വഴക്കങ്ങൾ അനുസരിച്ച് മോശമായിരുന്നു. അല്ലെങ്കിൽ പ്രേക്ഷകർ തീരുമാനിക്കട്ടെ. എസ്എംഎസ് പരിഗണിച്ചില്ല. പ്രേക്ഷക അഭിപ്രായം ഞങ്ങൾക്കായിരുന്നു. ജഡ്ജസിൽ ഭൂരിപക്ഷവും ഞങ്ങളോടൊപ്പമായിരുന്നു. എന്നിട്ടും ഞങ്ങളെ തോല്പിച്ചെങ്കിൽ എന്തിനായിരുന്നു ഈ വേഷംകെട്ട്?

  • ജയറാമിനെ അപമാനിച്ചു എന്നു പറയാൻ കാരണം?

രാജ്യം പത്മശ്രീ നൽകി ആദരിച്ച നടനാണ് ജയറാം. തിരക്കുകൾക്കിടയിലും അദ്ദേഹം ചെലവഴിച്ചത് അല്പനേരം മാത്രമാണ്. 16-ാം തിയതി രാവിലെ 10:30ന് ഷൂട്ടിങ് തുടങ്ങിയ ഗ്രാൻഡ് ഫൈനലിൽ ജയറാം ആകെക്കൂടി ഒരേ ഒരു സ്‌കിറ്റ് മാത്രമേ കണ്ടിട്ടുള്ളൂ. അതും ടീം രസികർ അവതരിപ്പിച്ച സ്‌കിറ്റ്. അതുകഴിഞ്ഞ് ജയറാം തിരിച്ചുപോയി. പക്ഷെ 17ാം തീയതി എല്ലാ സ്‌കിറ്റും ജയറാം ഇരുന്നു സന്തോഷത്തോടെ കാണുന്നതായി എഡിറ്റ് ചെയ്തു കാണിച്ചു. ഇത് വഞ്ചനയല്ലേ? അതിനെക്കാൾ പ്രധാനം ലൈവ് പരിപാടി എന്ന പേരിൽ വ്യാപകമായി പ്രചാരണം നൽകിയിട്ട് തലേന്ന് റെക്കോർഡ് ചെയ്ത് കാണിച്ചത് ക്രൂരതയല്ലേ? ഷൂട്ടിംഗും കഴിഞ്ഞ റിസൽട്ടും കഴിഞ്ഞ ശേഷം എസ്എംഎസ് അയപ്പിച്ച് കളിപ്പിച്ചത് വഞ്ചനയല്ലേ?

  • നിങ്ങളുടെ ടീമിന് നൽകരുത് എന്നു തീരുമാനിക്കാൻ ജഗദീഷിന് വല്ല മുൻവൈരാഗ്യവുമുണ്ടോ?

ഈ പരിപാടി തുടങ്ങിയ സമയത്ത് ഗൾഫിൽ വച്ച് ഒരു സ്റ്റേജ്‌ഷോയിൽ നിന്ന് നെൽസണേയും ടീമിനെയും ജഗദീഷ് നിർബന്ധിച്ച് കൊണ്ടു വന്നതാണ്. അതിനുള്ള കടപ്പാടായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ഒരു കലാകാരൻ എന്ന നിലയിൽ നടന്മാരോട് ആദരവ് കാട്ടാതിരിക്കാനുള്ള അവിവേകം എനിക്കില്ല.


  • ഇതിനു മുമ്പ് എന്നെങ്കിലും ഒരു വിവേചനം അനുഭവപ്പെട്ടിട്ടുണ്ടോ?

ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട ഒരു സ്‌കിറ്റായിരുന്നു ഒരു തവണ ഞാൻ കാട്ടിയത്. അന്ന് പല കാലം കാണിക്കേണ്ടതു കൊണ്ട് പ്രത്യേകം പറഞ്ഞാണ് ഞാൻ കട്ട് ചെയ്ത് അവതരിപ്പിച്ചത്. അതിന്റെ പേരിൽ അന്ന് ഞങ്ങൾക്ക് തീരെ മാർക്ക് കുറച്ചു. എന്നാൽ ഇന്നലെ വിഐപി 12 തവണയാണ് കട്ട് ചെയ്തത്. അവസാനത്തെ ഗ്രാൻഡ് ഫൈനലിൽ ജഡ്‌ജെസ് പോയിന്റ് കൊടുക്കാനുള്ള 100 മാർക്കിൽ 40 മാർക്കും ജഗദീഷ് കയ്യടക്കി വച്ചു. ബാക്കി 60 മാർക്കിൽ മറ്റ് മൂന്ന് ജഡ്ജിനു 20 മാർക്ക് വീതം കൊടുത്തുള്ളൂ. ഇതൊക്കെ വിവേചനം തന്നെയല്ലേ?

  • ഇതിനെതിരെ കോടതിയിൽ കേസ് കൊടുക്കരുതോ?

ആലോചിക്കുന്നുണ്ട്. എന്നാൽ റിസൽട്ട് ഷീറ്റും മറ്റും അവരുടെ കയ്യിൽ അല്ലേ? അത് തെളിയിക്കാൻ പറ്റുമോ എന്നറിയില്ല. എന്തായാലും നല്ലൊരു വക്കീലിനെ കണ്ട് അഭിപ്രായം തേടണം.

  • ഏഷ്യാനെറ്റിനെതിരെ നിങ്ങൾ ഇങ്ങനെ തുറന്നു പറയുമ്പോൾ അത് കരാർ ലംഘനം ആകില്ലേ?

ഒന്നാമത് ഏഷ്യാനെറ്റിനെതിരായി ഞങ്ങൾ ഒന്നും പറയുന്നില്ല. ഇത്രയും വലിയൊരു പ്ലാറ്റ്‌ഫോം ഒരുക്കിത്തന്നത് ഏഷ്യാനെറ്റാണ്. അതിനുള്ള നന്ദി ഉണ്ട്. ഞങ്ങളുടെ എതിർപ്പ് ജഗദീഷിനോടാണ്. അദ്ദേഹം ഒരു കലാകാരൻ എന്ന നിലയിൽ ഇങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു. പിന്നെ മൂന്നു വർഷത്തിൽ കൂടുതൽ കോൺട്രാക്ട് ഉണ്ടാവില്ല എന്നു തോന്നുന്നു.

  • ഇപ്പോൾ എന്ത് തോന്നുന്നു?

കടുത്ത നിരാശ തോന്നുന്നു. മൂന്നു വർഷത്തിലധികം പൂർണ്ണമായും ഞങ്ങളെപ്പോലെയുള്ള കലാകാരന്മാരെ ഉപയോഗിച്ച് ചാനൽ റേറ്റിങ്ങ് വളർത്തി. വണ്ടിക്കൂലിക്കു പോലും പണം തന്നിട്ടില്ല. എന്നാൽ മത്സരത്തിൽ പ്രതിഭയ്ക്ക് സ്ഥാനം നൽകുന്നതിന് പകരം പക്ഷപാതം കാട്ടി. ഒരുതരത്തിലും ഇതിന്റെ വിഷമം മാറുന്നില്ല.

ഇങ്ങനെ ഒക്കെയാണ് സ്ഥിതി എങ്കിലും ഉല്ലാസിനെ തേടി അവസരങ്ങൾ ഒഴുകി എത്തുകയാണ്. രണ്ടാഴ്ചക്കകം ഉല്ലാസും ടീമും ഇംഗ്ലണ്ടിലേക്ക് പോകുകയാണ്. അവിടെ 12 സ്റ്റേജുകളിലാണ് ഉല്ലാസ് പ്രകടനം നടത്തുക.