ഷ്യാനെറ്റ് ചാനൽ ഏർപ്പെടുത്തിയ സിനിമാപുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മികച്ച നടനുള്ള പുരസ്‌കാരം എന്നു നിന്റെ മൊയ്തീനിലെ അഭിനയത്തിനു പൃഥ്വിരാജ് ഏറ്റുവാങ്ങി. മൊയ്തീനിലെയും ചാർലിയിലെയും അഭിനയത്തിന് പാർവതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.

ആർ എസ് വിമലിന്റെ എന്ന് നിന്റെ മൊയ്തീൻ,അൽഫോൻസ് പുത്രന്റെ പ്രേമം എന്നീ സിനിമകളാണ് പ്രധാന പുരസ്‌കാരങ്ങൾ സ്വന്തമാക്കിയത്. 36 വർഷത്തെ അഭിനയസപര്യയിലൂടെയുള്ള തിരനോട്ടവും തിരിഞ്ഞുനോട്ടവുമായി മോഹൻലാൽ വേദിയിലെത്തിയ പ്രത്യേക രംഗാവിഷ്‌കാരം അവാർഡ് നിശയിൽ പ്രേക്ഷകരെ കൈയിലെടുത്തു.

മോഹൻലാലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളെയും മുഹൂർത്തങ്ങളെയും ലാൽ ഓർത്തെടുക്കുകയും ആ കഥാപാത്രങ്ങളെ അദ്ദേഹം വീണ്ടും അവതരിപ്പിക്കുകയും ചെയ്തു. തിരനോട്ടത്തിലെ സൈക്കിൾ യാത്രയിൽ തുടങ്ങി വാനപ്രസ്ഥത്തിലെ കുഞ്ഞുക്കുട്ടനിലെത്തി നിൽക്കുന്നതായിരുന്നു ഷോ. എം. ആർ രാജൻ, പേഴ്‌സി ജോസഫ്, രമേഷ് പിഷാരടി,സുനീഷ് വാരനാട് എന്നിവർ ചേർന്നാണ് ഈ ഷോ തയ്യാറാക്കിയത്.

പതിനെട്ടാമത് ഏഷ്യാനെറ്റ് ചലച്ചിത്ര പുരസ്‌കാരങ്ങളാണു കൊച്ചിയിൽ വിതരണം ചെയ്തത്. എന്ന് നിന്റെ മൊയ്തീനാണ് മികച്ച ചിത്രം. യേശുദാസ് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. ജനപ്രിയചിത്രത്തിന് ഉൾപ്പെടെ ആറോളം അവാർഡുകളാണ് പ്രേമം നേടിയത്. ബഹുമുഖ പ്രതിഭയ്ക്കുള്ള ആദരം ഇന്നസെന്റ് എംപി ഏറ്റുവാങ്ങി. ചാർളിയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള പുരസ്‌ക്കാരം കൽപ്പനയ്ക്കു വേണ്ടി മകൾ ശ്രീമയി കെപിഎസി ലളിതയിൽ നിന്ന് ഏറ്റുവാങ്ങി.

അൽഫോൻസ് പുത്രന് മികച്ച സംവിധായകനും നിവിൻ പോളിക്ക് ജനപ്രിയ നടനും ഉള്ള പുരസ്‌ക്കാരമുൾപ്പെടെ പ്രേമത്തിന് ആറ് പുരസ്‌ക്കാരങ്ങൾ കിട്ടി. മികച്ച സഹനടനുള്ള പുരസ്!ക്കാരം സായ്കുമാർ സ്വീകരിച്ചു. ജനപ്രിയ തമിഴ് താരത്തിനുള്ള പുരസ്‌ക്കാരം വിക്രമും നടിക്കുള്ള പുരസ്‌കാരം തൃഷയും സ്വീകരിച്ചു. മികച്ച വില്ലൻ വേഷത്തിന് ഇതാദ്യമായി നെടുമുടി വേണു അർഹനായി. എന്നു നിന്റെ മൊയ്തീൻ ഒരുക്കിയ ആർഎസ് വിമൽ മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. ബിജു മേനോനാണ് മികച്ച സ്വഭാവ നടൻ. മികച്ച സ്വഭാവ നടി ലെന. മികച്ച പുതുമുഖതാരം ദീപ്തി സതി, പ്രത്യേക ജൂറി പുരസ്‌കാരങ്ങൾ വിജയരാഘവനും സായി പല്ലവിയും ഏറ്റുവാങ്ങി. പ്രേമത്തിലെ ഈണത്തിന് രാജേഷ് മുരുകേഷ് മികച്ച സംഗീതസംവിധായകനും വിജയ് യേശുദാസ് ഗായകനുമുള്ള പുരസ്‌കാരങ്ങൾ സ്വീകരിച്ചു. റഫീഖ് അഹമ്മദ് ഗാനരചനക്കും വൈക്കം വിജയലക്ഷ്മി മികച്ച ഗായികക്കുമുള്ള പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

തെന്നിന്ത്യയിലെ ഒന്നാം നിര താരങ്ങൾ ഒരുമിച്ച നിറപ്പകിട്ടാർന്ന അവാർഡ് നിശയിലാണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്. മോഹൻലാൽ, വിക്രം, പൃഥ്വിരാജ്, നിവിൻ പോളി, യേശുദാസ്, നെടുമുടി വേണു, സായ്കുമാർ, ബിജു മേനോൻ, വിജയരാഘവൻ, കെപിഎസി ലളിത, തൃഷ, സായി പല്ലവി, ദീപ്തി സതി, ബേബി മീനാക്ഷി തുടങ്ങി പഴയ തലമുറയിലെയും പുതുതലമുറയിലെയും അഭിനയപ്രതിഭകളുടെ സംഗമവേദിയായി ഏഷ്യാനെറ്റിന്റെ ചലച്ചിത്രപുരസ്‌കാരവേദി മാറി. അവാർഡ് നിശ ഉടൻ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യും.

പുരസ്‌കാരങ്ങൾ ഒറ്റനോട്ടത്തിൽ

  • മികച്ച ചിത്രം: എന്ന് നിന്റെ മൊയ്തീൻ
  • മികച്ച നടൻ: പൃഥ്വിരാജ് (എന്ന് നിന്റെ മൊയ്തീൻ)
  • മികച്ച നടി: പാർവതി (എന്ന് നിന്റെ മൊയ്തീൻ,ചാർലി)
  • മികച്ച സംവിധായകൻ: അൽഫോൻസ് പുത്രൻ (പ്രേമം)
  • ജനപ്രിയ നടൻ: നിവിൻ പോളി (പ്രേമം)
  • മികച്ച സംഗീത സംവിധായകൻ: രാജേഷ് മുരുഗേശൻ (പ്രേമം)
  • പ്രത്യേക ജൂറി പുരസ്‌കാരം: സായ് പല്ലവി (പ്രേമം)
  • മികച്ച തിരക്കഥ: ആർ എസ് വിമൽ
  • മികച്ച ഗായകൻ: വിജയ് യേശുദാസ് (പ്രേമം)
  • മികച്ച ഗായിക: വൈക്കം വിജയലക്ഷ്മി (ഒരു വടക്കൻ സെൽഫി)
  • മികച്ച തമിഴ് ജനപ്രിയ നടൻ: വിക്രം
  • മികച്ച തമിഴ് ജനപ്രിയ നടി: ത്രിഷ
  • മികച്ച സഹനടൻ: ബിജു മേനോൻ (അനാർക്കലി)
  • മികച്ച സഹനടി: കൽപ്പന (ചാർലി)
  • ബഹുമുഖ പ്രതിഭയ്ക്കുള്ള പുരസ്‌കാരം: ഇന്നസെന്റ്
  • ഛായാഗ്രാഹകൻ: ജോമോൻ ടി ജോൺ (എന്ന് നിന്റെ മൊയ്തീൻ)
  • ബെസ്റ്റ് ആക്ടർ നെഗറ്റീവ് റോൾ: നെടുമുടി വേണു (സെക്കൻഡ് ക്ലാസ് യാത്ര)
  • എഡിറ്റർ: മഹേഷ് നാരായണൻ(എന്ന് നിന്റെ മൊയ്തീൻ)
  • ബാലതാരം: മീനാക്ഷി(അമർ അക്‌ബർ അന്തോണി)
  • ഗാനരചന: റഫീക്ക് അഹമ്മദ് (എന്ന് നിന്റെ മൊയ്തീൻ)
  • സ്‌പെഷ്യൽ ജൂറി അവാർഡ്: വിജയരാഘവൻ
  • സ്വഭാവനടി: ലെന (എന്ന് നിന്റെ മൊയ്തീൻ)
  • സ്വഭാവ നടൻ: സായ്കുമാർ (എന്ന് നിന്റെ മൊയ്തീൻ)
  • മികച്ച ഹാസ്യനടൻ: അജു വർഗ്ഗീസ് ( വിവിധ ചിത്രങ്ങൾ)
  • ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്: യേശുദാസ്
  • മികച്ച പുതുമുഖം: ദീപ്തി സതി (നീന)