തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ടുള്ള ചാനൽ ചർച്ചയ്ക്കിടെ ഏഷ്യാനെറ്റ് ന്യൂസ് കോർഡിനേറ്റിങ് എഡിറ്റർ വിനു വി. ജോണിന് നേരെ ഭീഷണി ഉണ്ടായെന്ന വാർത്ത അതീവഗൗരവത്തോടെയാണ് മലയാളി കേട്ടത്. ചർച്ചയുടെ അവസാനമായപ്പോഴേക്കാണ് വിനുവിന്റെ ഫോണിലേക്ക് ഭീഷണി സന്ദേശമെത്തിയത്. ചർച്ചയ്ക്കിടെ വിനു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കേരളത്തിലെ ഉയർന്ന കേന്ദ്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥനാണ് ഭീഷണിപ്പെടുത്തിയതെന്ന സൂചനയും വിനു നൽകി. എന്നാൽ പേരു പറഞ്ഞിരുന്നില്ല. ഈ വിഷയത്തിൽ വിനു സത്യം പറയണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. അതിനിടെ കൊടകരയിലെ കള്ളപ്പണകേസ് അന്വേഷിക്കാൻ നിയമപരമായി കഴിയില്ലെന്ന നിലപാടിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇപ്പോഴും.

നമ്മുടെ കേന്ദ്ര ഏജൻസികൾ എത്ര പ്രതികാരത്തോടെ ആളുകളുമായി ഇടപെടും എന്നെനിക്ക് മനസിലായി. എത്ര പ്രതികാരബുദ്ധിയോടെ ആളുകളെ ഭീഷണിപ്പെടുത്തും. ഈ കിട്ടിയ മെസേജിൽ പോലും അതുണ്ട്. തൽക്കാലം ഇവിടെ വായിക്കുന്നില്ല. ഡു നോട്ട് ടു ബീ ടൂ സ്മാർട്ട് എന്നാണ്. ഞാൻ പേര് പറയുന്നില്ല. പറയേണ്ടപ്പോൾ പറയും. അതായത് ഈ ചർച്ചയെപ്പോലും ഭീഷണിപ്പെടുത്തുന്ന, ഇതിൽ പറയുന്ന കാര്യങ്ങൾ പോലും ഭീഷണിക്കായുധമാക്കുന്ന കേന്ദ്ര ഏജൻസികൾ അന്വേഷിച്ചോളൂ. ഇനി എന്നെ അന്വേഷിച്ച് കുടുക്കുമെന്നാണെങ്കിൽ എന്തും അന്വേഷിക്കാം. സ്വാഗതം. വെറുതെ പറയുന്നതല്ല. ഇത് പറയുമ്പോൾ പോലും പൊള്ളുന്ന ഉദ്യോഗസ്ഥർ കേരളത്തിൽ കോടിക്കണക്കിന് ഹവാല പണം വന്നിട്ട്, കള്ളപ്പണം വന്നിട്ട്, മിണ്ടാതിരിക്കുന്നവർ ആരെയാണ് ഭീഷണിപ്പെടുത്തുന്നത്. ഇ.ഡി ഏമാന്മാരുടെ ഭീഷണിയൊക്കെ കൈയിൽ വച്ചാൽ മതിയെന്ന് മാത്രമെ എനിക്ക് പറയാൻ കഴിയൂ. കൂടുതൽ സ്മാർട്ടാകേണ്ട പറഞ്ഞാൽ പേടിക്കാൻ വേറെ ആളെ നോക്കിയാൽ മതിയെന്നെ എനിക്ക് ഉന്നതനായ ഉദ്യോഗസ്ഥനോട് പറയാനുള്ളൂ-ഇതായിരുന്നു വേണുവിന്റെ വെളിപ്പെടുത്തൽ.

ഇത് ഗുരുതര ഭീഷണിയാണെന്ന നിലപാടാണ് ചർച്ചകളിൽ എല്ലാവരും ഉയർത്തുന്നത്. അതുകൊണ്ട് തന്നെ സന്ദേശം അയച്ച ഉദ്യോഗസ്ഥന്റെ പേര് പുറത്തു പറയണം. ഏഷ്യാനെറ്റ് ന്യൂസ് പൊലീസിൽ പരാതിയും കൊടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കേന്ദ്ര ഏജൻസിയെ സംശയത്തിന്റെ പുകമറയിൽ ഏഷ്യാനെറ്റ് ന്യൂസ് നിർത്തരുതെന്ന ആവശ്യവും ചർച്ചയാണ്. അതിനിടെയാണ് കൊടകരയിലെ കേസ് അന്വേഷിക്കാൻ കഴിയില്ലെന്ന നിലപാടിൽ ഇഡി ഉറച്ചു നിൽക്കുന്നത്.

എല്ലാ പണം ഇടപാടുകളിലും ഇടപെടാൻ ഇ. ഡി.ക്ക് പറ്റില്ല. ഈ കേസിൽ പ്രഥമദൃഷ്ട്യാ വരുന്ന വിവരം അനുസരിച്ച്, ഇത് കർണാടകത്തിൽ നിന്നും ഇവിടെ ഒരു രാഷ്ട്രീയ പാർട്ടിക്ക് (ബിജെപിക്ക് എന്ന് പറയപ്പെടുന്നു) അവരുടെ ഇലക്ഷന് ഉപയോഗിക്കാൻ കൊണ്ടുവന്ന കള്ളപ്പണം എന്നാണ് പൊലീസ് ഇതുവരെ നടത്തിയ അന്വേഷണത്തിൽ കിട്ടിയ വിവരം. അപ്പോൾ അത് കുഴൽപ്പണം അല്ല. കണക്കിൽ പെടാത്ത ബ്‌ളാക്ക് മണി ആണ്. അത് കുഴൽപ്പണം അല്ല. കുഴൽപ്പണം ഇടപാട് ഇ.ഡി അന്വേഷിക്കണം എങ്കിൽ, അത് നമ്മുടെ രാജ്യത്തിന് പുറത്ത് നിന്നും വരുന്ന പണം ആവണം. ഇ.ഡി. അന്വേഷിക്കണം എങ്കിൽ വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ടുള്ള ഏതെങ്കിലും തരത്തിൽ ഈ പണമിടപാടിന് ബന്ധം വരണം. അങ്ങനെയുള്ളതാണ് ഇ.ഡി.യുടെ പരിധിയിൽ വരുന്ന കുഴൽപ്പണം. അല്ലെങ്കിൽ ഹവാല. അത് അന്വേഷിക്കാൻ മാത്രമേ ഈ.ഡി.ക്ക് നിയമപരമായി കഴിയൂ.

കണക്കിൽപ്പെടാത്ത പണം, ഇൻകം ടാക്‌സിന്റെ പരിധിയിലാണ് വരുന്നത്. അതുകൊണ്ട് ഇ.ഡി.ക്ക് അതു അന്വേഷിക്കാൻ വകുപ്പില്ല. പിന്നെ ചില ചാനലുകൾ പറയുന്നത് അന്വേഷിച്ചാൽ അല്ലേ അറിയാൻ പറ്റൂ എന്നാണ്. അങ്ങനെ ഇ.ഡിക്ക് മാധ്യമങ്ങളിലൂടെ ഒരു അഭിപ്രായം വന്നാൽ അതനുസരിച്ച് അന്വേഷിക്കുന്ന ഒരു രീതി ഇല്ല. മറ്റ് ഏജൻസികൾ നടത്തുന്ന പ്രാഥമിക അന്വേഷണങ്ങളിൽ ഇതിന് കുഴൽപ്പണം സംബന്ധമായ ബന്ധമുണ്ട് എന്ന് ഇ.ഡി.യെ അറിയിച്ചാൽ അതിന്റെ അടിസ്ഥാനത്തിൽ അന്വേഷിക്കാൻ പറ്റും. അല്ലാതെ മറ്റൊന്നിനും കഴിയില്ല. ചെറിയ യൂണിറ്റ് ആണ് ഇ.ഡി.ക്ക് കേരളത്തിലുള്ളത്. കൊച്ചിയിലും കോഴിക്കോട്ടും 2 ഓഫീസുകൾ മാത്രം. വളരെ വിരലിലെണ്ണാവുന്ന ഉദ്യോഗസ്ഥരെ ഇവിടെയുള്ളൂ. വരുന്ന സകല വിഷയങ്ങളിലും കേസെടുക്കാനുള്ള പരിമിതികളും ഇതുമൂലം ഉണ്ട്.

ഇടയ്ക്ക് മണി ലോണ്ടറിങ് ആക്ടിൽ കേസെടുക്കാം. മണി ലോണ്ടറിങ് എന്നുപറഞ്ഞാൽ, ക്രൈം കമ്മിറ്റ് ചെയ്യുകയും ആ ക്രൈമിലൂടെ പണം സമ്പാദിക്കുകയും ചെയ്യുമ്പോൾ, അത് നിയമപരമായി സമ്പാദിച്ചത് ആണെന്ന് തെളിയുകയും വേണം. ടാക്‌സ് വെട്ടിപ്പ് ഒക്കെ കള്ളപ്പണ ഇടപാടാണ്. മണി ലോണ്ടറിങ് അല്ല. സ്ഥലം വിൽക്കുമ്പോൾ രജിസ്‌ട്രേഷനിൽ കാണിക്കുന്നതിന് പുറത്തുള്ളത് കള്ളപ്പണമാണ്. ക്രൈം അല്ല. ഇന്കംടാക്‌സ് ഏജൻസികളാണ് കേസ് എടുക്കേണ്ടത്. അതേ സമയം വസ്തു ഇടപാടിൽ കൊടുക്കാം എന്ന് പറഞ്ഞു കൊടുക്കാതെ ഒരാളെ ചീറ്റ് ചെയ്താൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്താൽ ഇ. ഡി.ക്ക് മണി ലോണ്ടറിങ്ങിന് കേസെടുക്കാം.

കേസ് എടുത്തില്ലെങ്കിൽ മണി ലോണ്ടറിങ് ഇല്ലാതെ ഇ. ഡി.ക്ക് ഇടപെടാൻ നിയമമില്ല. മണി ലോണ്ടറിങ് കേസ് ഉണ്ടാവണം, ക്രൈം ഉണ്ടാവണം,ആ ക്രൈമിൽ നിന്നും സ്വത്തുക്കൾ ഉണ്ടാകണം. അങ്ങനെയെ ഇടപെടാൻ പറ്റൂ. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ കസ്റ്റംസ് കേസെടുത്തു. അവിടെ ക്രൈം നടന്നിട്ടുണ്ട്. അതിലൂടെ പണം സമ്പാദിച്ചിട്ടുണ്ട്. ഇതിന്റെ മുകളിലാണ് മണി ലോണ്ടറിങ് അടിസ്ഥാനപ്പെടുത്തി കേസ് നടക്കുന്നത്.